ലണ്ടൻ | ഇംഗ്ലണ്ട് ആൾറൗണ്ടർ മുഈൻ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ പി എൽ) ചെന്നൈ സൂപ്പർ കിംഗ്സ് താരമാണ് മുഈൻ അലി.
34 കാരനായ മുഈൻ അലി ഇംഗ്ലണ്ടിനായി 64 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 195 വിക്കറ്റുകളും സ്വന്തമാക്കി. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും അഞ്ച് സെഞ്ച്വറികളും നേടിയിട്ടുണ്ട്.
2014ലാണ് മുഈൻ അലി ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. ഏകദിനത്തിലും ടി20 യിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റ് നന്നായി ആസ്വദിച്ചു. കഴിയാവുന്നത്ര കാലം ഇംഗ്ലണ്ടിന് വേണ്ടി കളിക്കണമെന്നാണ് ആഗ്രഹം. ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിംഗിലും ബൗളിംഗിലും നിരവധി ഓർമകൾ സമ്മാനിച്ചുവെന്ന് മുഈൻ അലി പ്രതികരിച്ചു. ഇനി ഏകദിനത്തിലും ടി20 യിലും കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ആഗ്രഹിക്കുന്നതെന്നും തന്നെ ഇവിടം വരെ എത്തിച്ച എല്ലാ പരിശീലകരെയും പൂർണ പിന്തുണ നൽകിയ കുടുംബത്തെയും സുഹൃത്തുക്കളെയും നന്ദിയോടെ ഓർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
64 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 2,914 റൺസ് നേടിയിട്ടുണ്ട്. 28.29 ആണ് ആവറേജ്. 155 റൺസാണ് ഉയർന്ന സ്‌കോർ. 14 തവണ അർധ സെഞ്ച്വറി നേടി. ബൗളിംഗിൽ 53 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 195 വിക്കറ്റുകളാണ് ടെസ്റ്റിൽ സ്വന്തമാക്കിയത്.
source https://www.sirajlive.com/mueen-ali-retires-from-test-cricket.html
إرسال تعليق