ഭൂ നികുതി ഇനി ആപ്പിലൂടെ,ഉദ്ഘാടനം നാളെ; റവന്യൂ സേവനങ്ങള്‍ സ്മാര്‍ട്ടാകുന്നു

തിരുവനന്തപുരം| ഭൂ നികുതി മൊബൈല്‍ ആപ്പ് വഴി ഓണ്‍ലൈനായി ഒടുക്കുന്നതടക്കം റവന്യൂ വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ ഡിജിറ്റലാകുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഇവ നാടിനു സമര്‍പ്പിക്കും. റവന്യൂ സേവനങ്ങള്‍ സ്മാര്‍ട്ട് ആക്കുന്ന നടപടികളുടെ ഭാഗമായാണ് ഡിജിറ്റല്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തുന്നത്.

ഭൂ നികുതി അടക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍, തണ്ടപ്പേര്‍ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരണം, എഫ് എം ബി സ്‌കെച്ച്, തണ്ടപ്പേര്‍ അക്കൗണ്ട്, ലൊക്കേഷന്‍ സ്‌കെച്ച് എന്നിവ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള മൊഡ്യൂള്‍, ഭൂമി തരംമാറ്റം അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ മൊഡ്യൂള്‍ എന്നിവയാണ് മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കുന്നത്. നവീകരിച്ച ഇ-പേയ്മെന്റ് പോര്‍ട്ടല്‍, 1,666 വില്ലേജുകള്‍ക്ക് പ്രത്യേക ഔദ്യോഗിക വെബ്സൈറ്റുകള്‍, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ മൊഡ്യൂള്‍ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി നാളെ രാവിലെ 11.30 ന് അയ്യങ്കാളി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മന്ത്രിമാര്‍, എം എല്‍ എമാര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.



source https://www.sirajlive.com/land-tax-now-through-app-inauguration-tomorrow-revenue-services-are-getting-smarter.html

Post a Comment

Previous Post Next Post