കോഴിക്കോട് | മറ്റ് പല അസുഖങ്ങളെയും പോലെ നിപ്പായും ഏത് സമയത്തും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍. കാലാവസ്ഥാ വ്യതിയാനവും മറ്റുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വവ്വാലുകളില്‍ ഈ വൈറസുകള്‍ ഉള്ളിടത്തോളം കാലം നിപ്പാ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ജീവജാലങ്ങളിലെ ആവാസ വ്യവസ്ഥയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിപ്പാ വൈറസിന്റെ വാഹകരായ വവ്വാലിന്റെ താമസ സ്ഥലങ്ങളിലും വ്യത്യാസങ്ങള്‍ പ്രകടമാണ്. വവ്വാലിന് പുറമെ നിപ്പാ പടര്‍ത്തുന്ന പന്നികളുടെ താമസ സ്ഥലങ്ങളും മാറിക്കൊണ്ടിക്കുകയോ കുറയുകയോ ചെയ്യുന്നു.
ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് വവ്വാലുകള്‍ വൈറസുകളെ പുറന്തള്ളുന്നത്. പ്രജനന സമയത്തോ അവയുടെ ആവാസ വ്യവസ്ഥയില്‍ മാറ്റങ്ങളുണ്ടാകുന്‌പോഴോ മറ്റ് തരത്തിലുള്ള ഭീഷണികളുണ്ടാകുന്ന വേളയിലോ ആണ് ഇതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയാണ് പ്രജനന സമയമെങ്കിലും അല്ലാത്ത വേളയിലും ഇവ വൈറസുകളെ പുറന്തള്ളാന്‍ സാധ്യതയുണ്ട്. വവ്വാലുകളെ കൂടുതല്‍ പഠനവിധേയമാക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
ഇവയുടെ പ്രജനന സമയം, നിപ്പാ പോലുള്ള വൈറസുകള്‍ വഹിക്കുന്ന വവ്വാലുകള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലം തിരിച്ചറിയല്‍ തുടങ്ങിയവ നടത്തണം. വവ്വാലുകളില്‍ വൈറസിന്റെ അളവ് പെട്ടെന്ന് കൂടുന്നതും അത് മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള സാഹചര്യമെന്താണെന്നും പഠന വിധേയമാക്കേണ്ടതുണ്ട്.
കേരളത്തില്‍ 2018ല്‍ മാത്രമാണ് ആദ്യമായി നിപ്പാ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ഇതിന് മുമ്പ് സംസ്ഥാനത്ത് രോഗം ഉണ്ടായിട്ടില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് 2018ല്‍ സംസ്ഥാനത്ത് ആദ്യമായി നിപ്പാ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഡോ. അനൂപ് കുമാര്‍ പറയുന്നു. സാമ്പിള്‍ പരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയാന്‍ കഴിയൂ. പരിശോധനയില്ലാത്തിടത്തോളം കാലം രോഗം നിപ്പായാണെന്ന് തിരിച്ചറിയാന്‍ കഴിയില്ല. 2018ലും 2019ലും നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും ഏത് സമയത്തും രോഗം തിരിച്ചുവരാന്‍ സാധ്യതയുണ്ട്. പല പഠനങ്ങളിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈ വിഭാഗത്തില്‍പ്പെട്ട വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രോഗവാഹകരായ വവ്വാലുകള്‍ എവിടെയൊക്കെയുണ്ടാകുമോ അവിടെയൊക്കെ രോഗം വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു പക്ഷേ, സംസ്ഥാനത്ത് നിപ്പാ മരണങ്ങള്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ടാകാമെന്നും എന്നാല്‍ തിരിച്ചറിയപ്പെടാത്തതിനാല്‍ നിപ്പായാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്നുമാണ് ഡോ. ഷെര്‍ലി വാസു പറയുന്നത്.
എന്‍സഫലൈറ്റിസ് അസുഖങ്ങളുള്ളവരെ പ്രത്യേക നിരീക്ഷണത്തില്‍ വെക്കണം. പ്രത്യേക രീതിയിലുള്ള അപസ്മാരം, ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍, രക്തസമ്മര്‍ദത്തില്‍ വലിയ വ്യത്യാസം വരിക തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ നിപ്പാ പരിശോധന നടത്തണം. സര്‍ക്കാര്‍ തലത്തില്‍ തന്നെ നിപ്പാ പരിശോധന നടത്താന്‍ സംവിധാനങ്ങളുണ്ടാകണം. എന്‍സഫലൈറ്റിസ് വരുമ്പോള്‍ ഏത് രോഗമാണെന്ന് തിരിച്ചറിയാനുള്ള ടെസ്റ്റുകളും ഇല്ല. എന്‍സഫലൈറ്റിസ് രോഗമുള്ളപ്പോള്‍ അത് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടണം. വളര്‍ത്തു മൃഗങ്ങളിലേതെങ്കിലും നിപ്പാ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്ന് പഠന വിധേയമാക്കണം. 2018 മുതല്‍ നിരീക്ഷണ സംവിധാനം വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ സംവിധാനം ഇതുവരെ രൂപപ്പെട്ടിട്ടില്ല. പനിയെ ജാഗ്രതയോടെ സമീപിക്കണം. വീട്ടില്‍ പനി റിപ്പോര്‍ട്ട് ചെയ്താല്‍ എല്ലാവരും പ്രതിരോധമെടുക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
source https://www.sirajlive.com/nippak-has-no-time-the-fever-should-no-longer-be-taken-seriously.html
Post a Comment