കണ്ണൂർ | സർവകലാശാലയിൽ എം എ ഗവേർണൻസ് ആൻഡ് പൊളിറ്റിക്‌സ് സിലബസിൽ ആർ എസ് എസ് നേതാക്കളുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ വിവാദ സിലബസ് തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയ കമ്മിറ്റി കൺവീനർ ഡോ. സുധീഷ് കെ എമ്മിനെ പൊളിറ്റിക്കൽ സയൻസ് (കമ്പയിൻഡ്) ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്‌സൻ ആക്കിക്കൊണ്ട് സിൻഡിക്കേറ്റ് തീരുമാനമെടുത്തതിനെതിരെ കെ എസ് യു.
ഇടത് സിൻഡിക്കേറ്റിന്റെ പ്രത്യേക അജൻഡയുടെ ഭാഗമായുള്ള തീരുമാനമാണിതെന്നും വഴിവിട്ട രീതിയിലാണ് യൂനിവേഴ്‌സിറ്റി നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപറത്തിയുള്ള ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിച്ചതെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർവകലാശാല സ്റ്റാറ്റ്യൂട്ടിൽ ചാപ്റ്റർ 13, 1996ലെ കണ്ണൂർ സർവകലാശാല ആക്ട് എന്നിവയുടെ ലംഘനമാണ് ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരണത്തിൽ നടന്നിരിക്കുന്നത്.
ഈ ചട്ടങ്ങൾ അനുസരിച്ച് ചാൻസലർ കൂടിയായ ഗവർണറാണ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെയും ചെയർമാന്റെയും ലിസ്റ്റിന് അംഗീകാരം നൽകേണ്ടത്. എന്നാൽ ഇത് മറികടന്ന് സിൻഡിക്കേറ്റാണ് പുതിയ ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിച്ചത്. മുൻ ഇടത് സിൻഡിക്കേറ്റുകളെല്ലാം ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിച്ചത് ചാൻസലറുടെ അംഗീകാരത്തോടെയായിരുന്നുവെന്നും കെ എസ് യു പറഞ്ഞു.
source https://www.sirajlive.com/kannur-university-controversial-syllabus-teacher-new-board-chairman-of-studies.html
Post a Comment