പതിനൊന്ന് വര്‍ഷത്തിലധികം അന്യായ തടവിന് ശിക്ഷിക്കപ്പെട്ടതിനൊടുവില്‍ കോടതി നിരപരാധികളെന്ന് കണ്ടെത്തി വിട്ടയക്കപ്പെട്ട മൂന്ന് പേര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ മൂന്ന് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബഞ്ച് കഴിഞ്ഞ ആഗസ്റ്റ് 17ന് വിധി പുറപ്പെടുവിക്കുകയുണ്ടായി. ജസ്റ്റിസുമാരായ ജി എസ് അലുവാലിയ, ആര്‍ കെ ശ്രീവാസ്തവ എന്നിവരാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ പരാതിക്കാരുമായി ഗൂഢാലോചന നടത്തിയ അന്വേഷണ ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്നോ പെന്‍ഷനില്‍ നിന്നോ സംസ്ഥാന സര്‍ക്കാറിന് നഷ്ടപരിഹാരത്തുക ഈടാക്കാമെന്നും ഡിവിഷന്‍ ബഞ്ച് കൂട്ടിച്ചേര്‍ത്തു. സമാനമായി അന്യായ തടവിന് ശിക്ഷിക്കപ്പെട്ട മണിപ്പൂര്‍ സ്വദേശിയായ ആക്ടിവിസ്റ്റിന് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമ വ്യവഹാരം സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നിരുന്നു കഴിഞ്ഞ വാരം.
ഇവ്വിധം നഷ്ടപരിഹാരത്തുക നല്‍കണമെന്ന് പലപ്പോഴായി വിവിധ കോടതികള്‍ വിധിച്ചിട്ടുണ്ട്. എന്നാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കെ കോടതി മുഖാന്തിരം അത് ലഭ്യമാകാതെ പോയ നിരവധി നിയമ വ്യവഹാരങ്ങളും നിരപരാധികളുമുണ്ട്. അന്യായ തടവ്, കസ്റ്റഡി പീഡനം, കസ്റ്റഡി മരണം തുടങ്ങിയവയില്‍ നഷ്ടപരിഹാരം വകവെച്ചു നല്‍കുന്ന ഒരു നിയമത്തിന്റെ അഭാവത്തിലാണ് തുറുങ്കിലടക്കപ്പെടുന്ന നിരപരാധികള്‍ക്കും കഠിന പീഡനങ്ങളും മര്‍ദനങ്ങളും ഏല്‍ക്കേണ്ടി വരുന്നവര്‍ക്കും നഷ്ടപരിഹാരം പോലും ലഭ്യമാകാതെ വരുന്നത്. അന്യായമായി ശിക്ഷിക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നിയമപരമായ അവകാശമായി പ്രഖ്യാപിക്കുന്ന നിയമ നിര്‍മാണത്തിന് വേണ്ടിയുള്ള മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് നമ്മുടെ രാജ്യത്ത്. 1983ലെ ശ്രദ്ധേയമായ റുദുല്‍ ഷാ കേസില്‍ സുപ്രീം കോടതി ആ ദിശയില്‍ നടത്തിയ ചില നിരീക്ഷണങ്ങള്‍ എക്കാലത്തും പ്രസക്തമാണ്. “കോടതികളുടെ സാധാരണ നടപടികളിലൂടെ ഫലപ്രദമായി ലഭ്യമാകുന്ന അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടുന്നതിനുള്ള ബദല്‍ മാര്‍ഗമായി ഭരണഘടനയുടെ 226, 32 അനുഛേദങ്ങളെ ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും അന്യായമായ തടവിന് ഇരകളായവര്‍ക്ക് നിയമപരമായ പരിഹാരം എന്ന നിലയില്‍ 226ാം അനുഛേദത്തിന് കീഴില്‍ കോടതി നഷ്ടപരിഹാരം വിധിക്കും. അത്തരം അവകാശ ലംഘനം തടയുന്നതിനും 21ാം അനുഛേദത്തിന്റെ ശാസന കൃത്യമായി പാലിക്കപ്പെടുന്നതിനും ഒരു നിയമത്തിന്റെ അഭാവത്തില്‍ ജുഡീഷ്യറിക്ക് മുമ്പിലുള്ള കാര്യക്ഷമമായ ഉപായം നഷ്ടപരിഹാരം നല്‍കലാണ്’. ഇതടക്കം അന്യായമായി തടവ് ശിക്ഷയും കസ്റ്റഡി പീഡനങ്ങളുമേല്‍ക്കേണ്ടി വരുന്ന ഹതഭാഗ്യര്‍ക്ക് നീതി ലഭ്യമാക്കാന്‍ പല കാലങ്ങളായി ഭരണഘടനാ കോടതികള്‍ ജാഗ്രത കാണിച്ചിട്ടുണ്ട് എന്ന് കാണാന്‍ കഴിയും. പക്ഷേ, കടുത്ത മൗലികാവകാശ ലംഘനങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും നിയമനിര്‍മാണ സഭകള്‍ പുലര്‍ത്തുന്ന അനാസ്ഥ ജനാധിപത്യ ഇന്ത്യക്ക് ഭൂഷണമല്ല.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യ ലംഘനത്തിന് ഭരണകൂടം ഉത്തരവാദിയായിരിക്കുമെന്ന് നിഷ്‌കര്‍ഷിക്കുന്ന സിദ്ധാന്തമാണ് “കോണ്‍സ്റ്റിറ്റ്യൂഷനല്‍ ടോര്‍ട്ട്’. ഇന്ത്യന്‍ ഭരണഘടനയുടെ 300ാം ആര്‍ട്ടിക്കിളില്‍ അക്കാര്യം വിശദീകരിക്കുന്നുണ്ട്. പക്ഷേ, അതിനുവേണ്ട നിയമനിര്‍മാണം ഇക്കാലം വരെ ഉണ്ടായിട്ടില്ലെന്നത് ദുഃഖകരമാണ്. മൗലികാവകാശ ലംഘനത്തിന് പരിഹാരമെന്നോണം ഭരണകൂടത്തില്‍ നിന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കുക വഴി അവര്‍ ഉത്തരവാദികളാണെന്ന് വിളംബരപ്പെടുത്തുന്ന സമഗ്രമായ നിയമനിര്‍മാണമാണ് വേണ്ടത്. അതില്ലാതിരിക്കെ അനേകം നിയമ വ്യവഹാരങ്ങളില്‍ ഭരണഘടനാ കോടതികളുടെ സുചിന്തിത ഇടപെടലുകളിലൂടെയാണ് ഇരകള്‍ക്ക് കുറച്ചെങ്കിലും നീതി ലഭിച്ചത്. അത്തരം നിയമ വ്യവഹാരങ്ങളിലെല്ലാം അന്യായ തടവില്‍ വര്‍ഷങ്ങള്‍ ഹോമിക്കപ്പെട്ട നിരപരാധികള്‍ക്ക് വേണ്ടുന്ന വിധം നഷ്ടപരിഹാരം ലഭിക്കുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ട നിയമനിര്‍മാണത്തെക്കുറിച്ച് കോടതികള്‍ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുകയും ചെയ്തിരുന്നു.
സിവില്‍, രാഷ്ട്രീയ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ഉടമ്പടിയായ ഐ സി സി പി ആറിന്റെ 9(5), 14(6) അനുഛേദങ്ങള്‍ അന്യായ നിയമ നടപടിക്ക് വിധേയരായ നിരപരാധികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. പ്രമുഖ ലോക രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ഭാഗമായ ഉടമ്പടിയുടെ പാലനമാണ് അന്യായമായി ശിക്ഷിക്കപ്പെടുന്ന നിരപരാധികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന നിയമനിര്‍മാണത്തിലൂടെ സാധ്യമാകുന്നത്.
ഓരോ നിയമ വ്യവഹാരത്തിന്റെയും സ്വഭാവത്തെയും വിശദാംശങ്ങളെയും ആശ്രയിച്ചാണ് കോടതികള്‍ക്ക് നഷ്ടപരിഹാരത്തുക തീരുമാനിക്കേണ്ടി വരുന്നത്. എന്നാല്‍ നിയമപരമായ ചട്ടക്കൂടോ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളോ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നഷ്ടപരിഹാരത്തുക കണക്കാക്കുന്നതിലെ കൃത്യമായ മാനദണ്ഡം വ്യത്യസ്ത കോടതി വിധികളില്‍ പ്രകടമല്ല. മാത്രമല്ല ഒരു നിയമത്തിന്റെ പിന്‍ബലമില്ലാത്തത് പതിറ്റാണ്ടിലധികം അന്യായമായി ശിക്ഷിക്കപ്പെട്ടവരുടെ കാര്യത്തില്‍ പോലും നഷ്ടപരിഹാരം നിഷേധിക്കുന്ന നിലപാടിലേക്ക് കോടതികളെ ചെന്നെത്തിക്കുന്നുമുണ്ട്.
നഷ്ടപരിഹാരത്തിനുള്ള അവകാശം ഉറപ്പാക്കുന്ന നിയമം ഇല്ലാത്തതിന്റെ പേരില്‍ കോടതികളുടെ തീരുമാനം പലപ്പോഴും തോന്നിയ പടിയാണ്. അതിനാല്‍ ലോ കമ്മീഷന്‍ വിഷയം വിശദമായി പഠിച്ച് സര്‍ക്കാറിന് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് 2018ല്‍ ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടതാണ് ഒടുവില്‍ ഇവ്വിഷയികമായി നടന്ന ശ്രദ്ധേയമായ നീതിന്യായ ഇടപെടല്‍. ലോ കമ്മീഷന്റെ 1956ലെ പ്രഥമ റിപ്പോര്‍ട്ടില്‍ തന്നെ നഷ്ടപരിഹാരം അവകാശമാക്കുന്ന വിധത്തിലുള്ള നിയമനിര്‍മാണം ഉണ്ടാകണമെന്ന നിര്‍ദേശം ഉള്‍പ്പെട്ടിരുന്നുവെന്നത് നിഷേധിക്കാന്‍ കഴിയാത്തതാണ്. ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അനിവാര്യ മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് നിര്‍ദേശിച്ചുകൊണ്ട് ലോ കമ്മീഷന്റെ 277ാം റിപ്പോര്‍ട്ട് 2018 ആഗസ്റ്റില്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. നഷ്ടപരിഹാരത്തുക അവകാശമാക്കുന്നതിന്റെ ഭാഗമായി ക്രിമിനല്‍ നടപടി ചട്ടത്തില്‍ പുതിയ അധ്യായം ഉള്‍പ്പെടുത്തുന്നതിന്റെ വിശദ വിവരങ്ങളും ചേര്‍ത്താണ് ലോ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ അതിപ്പോഴും കോള്‍ഡ് സ്റ്റോറേജിലാണെന്നതാണ് സത്യം.
പൗരന്റെ അടിസ്ഥാന അവകാശങ്ങള്‍ക്ക് മേല്‍ നിയമ നിര്‍മാണ സഭകളും കാര്യനിര്‍വഹണ വിഭാഗങ്ങളും മൂടിപ്പുതച്ചുറങ്ങുന്നത് നമ്മുടെ ജനാധിപത്യ സങ്കല്‍പ്പങ്ങളെത്തന്നെ റദ്ദാക്കുന്നതാണ്. നിയമപരമായ ചട്ടക്കൂട് ഇല്ലാത്തത് നഷ്ടപരിഹാരം വിധിക്കാനുള്ള ഭരണഘടനാ കോടതികളുടെ സ്വാഭാവിക അധികാരത്തെ തടയുന്നില്ല എന്നത് ശരി തന്നെ. പക്ഷേ പലവിധ ആശയക്കുഴപ്പങ്ങള്‍ക്ക് നടുവില്‍ ഗുരുതരമായ മൗലികാവകാശ ലംഘനങ്ങള്‍ക്ക് വിധേയരായ പൗരന്‍മാര്‍ അപഹസിക്കപ്പെടുകയാണ് ചെയ്യുന്നത്. അന്തസ്സുള്ള ജീവിതം പൗരന്റെ മൗലികാവകാശമാണ്. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തെ സ്വാഭാവിക നീതിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള നിയമപരമായ നടപടിക്രമങ്ങളിലൂടെയല്ലാതെ നിഷേധിക്കാനാകില്ലെന്നാണ് പ്രധാന മൗലികാവകാശങ്ങളിലൊന്നായ 21ാം ഭരണഘടനാനുഛേദത്തിന്റെ ഉള്ളടക്കം. അന്യായമായി ശിക്ഷിക്കപ്പെടുന്നതും കസ്റ്റഡി മര്‍ദനവും മൂന്നാം മുറയുമെല്ലാം പ്രസ്തുത അവകാശത്തെ കീഴ്‌മേല്‍ മറിക്കുന്ന പോലീസ് രാജിന്റെ നടപ്പു രീതികളാണ്. ഒരു നിലക്കും പൗരന് സംഭവിക്കാന്‍ പാടില്ലാത്ത അന്യായമാണ് തെറ്റായ തടവ് ശിക്ഷ. അതുണ്ടാകാതിരിക്കാന്‍ പുലര്‍ത്തുന്ന ജാഗ്രതക്കൊപ്പം തന്നെ അങ്ങനെ ശിക്ഷിക്കപ്പെട്ട നിരപരാധികള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുക എന്നത് ഒരു ക്ഷേമരാഷ്ട്രത്തിലെ സാമൂഹിക നീതി സങ്കല്‍പ്പങ്ങളുടെ അടിത്തറയാണ്. അതേക്കുറിച്ച് ഇപ്പോഴും ഗൗരവത്തില്‍ ആലോചിക്കാത്ത ഭരണകൂടങ്ങളെ പൗരസമൂഹത്തിന്റെ ജീവൽ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെന്ന് കരുതുക വയ്യ. നമ്മളിനിയും ഒരടിപോലും സഞ്ചരിക്കാത്ത ജനാധിപത്യത്തിന്റെ അനിവാര്യ പാതയിലാണ്. നഷ്ടപരിഹാരമെങ്കിലും ലഭിക്കുന്നത് കാത്തുകിടക്കുന്ന അനേകം പൗരജീവിതങ്ങളാണ് നീതിനിഷേധത്തിന്റെ ബലിക്കല്ലില്‍ ഹോമിക്കപ്പെട്ടിരിക്കുന്നത് എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്.
source https://www.sirajlive.com/is-the-country-not-listening-to-the-victims-of-unjust-imprisonment.html
إرسال تعليق