വര്‍ദ്ധിച്ചുവരുന്ന ഹൃദ്‌രോഗങ്ങളെ തടയുന്നതിനായി ജനങ്ങള്‍ക്ക് ശരിയായ അവബോധം
നല്‍കുന്നതിന് വേണ്ടി എല്ലാവര്‍ഷവും സെപ്റ്റംബര്‍ 29-ാം തീയതി ലോക ഹൃദയാരോഗ്യദിനമായി
ആചരിച്ചുവരുന്നു. ഹൃദ്‌രോഗം മൂലമുണ്ടാകുന്ന മരണങ്ങള്‍ വളരെയധികം കൂടിവരുന്ന ഇക്കാലത്ത്
ഇത്തരം ബോധവത്കരണ പരിപാടികളുടെ പ്രാധാന്യം പ്രത്യേകം തിരിച്ചറിയപ്പെടേണ്ടതുതന്നെ.
ലോകജനതയ്ക്കിടയില്‍ മരണകാരണമായേക്കാവുന്ന അസുഖങ്ങളുടെ ഗണത്തില്‍ മുന്‍പന്തിയിലാണ് ഹൃദ്‌രോഗം. ഓരോവര്‍ഷവും എതാണ്ട് 17 ലക്ഷത്തോളം ആളുകള്‍ ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ മരണപ്പെടുന്നുവെന്നാണ് കണക്ക്. ഇതില്‍ത്തന്നെ എണ്‍പത് ശതമാനത്തോളം മരണങ്ങള്‍ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന അവികസിത-വികസ്വരരാജ്യങ്ങളില്‍ നിന്നാണ് എന്നറിയുമ്പോഴാണ് ഈ അസുഖത്തിന്റെ സാമ്പത്തിക- സാമൂഹിക ആഘാതം എത്രത്തോളമുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
രോഗചികിത്സയ്ക്ക് വേണ്ട സാമ്പത്തിക സാമൂഹിക ചുറ്റുപാടുകള്‍ ആരോഗ്യ- സാങ്കേതിക
മേഘലയിലെ വളര്‍ച്ചക്കുറവ്, ശരിയായ ചികിത്സാ സൗകര്യങ്ങളുടെ ദൗര്‍ലഭ്യം
എന്നിവയൊക്കെത്തന്നെ ഇത്തരം മരണങ്ങള്‍ക്ക്, അവയുടെ എണ്ണത്തിലുള്ള വര്‍ദ്ധനയ്ക്ക്
കാരണമാകുന്നു എന്ന സത്യം തിരിച്ചറിയപ്പെടേണ്ടതാണ്. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍പോലും പലപ്പോഴും വ്യക്തിഗതസാമ്പത്തിക ഭദ്രതയില്ലായ്മ മരണനിരക്ക് കൂടാന്‍ കാരണമാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ രോഗം വന്ന് ചികിത്സിക്കുന്ന
അവസ്ഥയിലേക്കെത്താതെ തന്നെ കൃത്യമായ ബോധവത്കരണവും ആരോഗ്യപരിശോധനകളുംമൂലം രോഗത്തെ അകറ്റിനിര്‍ത്തണം എന്ന ഒരാശയമാണ്ലോ കഹൃദയാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്.
ഹൃദ്‌രോഗം- കാരണങ്ങള്‍
ഹൃദ്‌രോഗത്തിന്റെ കാരണങ്ങള്‍ പലതുണ്ട്. ഹൃദയാഘാതത്തിന്റെ കാരണമാകുന്ന ഘടകങ്ങളെ
പലതും ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം നമുക്ക് നിയന്ത്രിക്കുവാനും ഒഴിവാക്കുവാനും കഴിയുന്നവയാണ്. ഈ സാഹചര്യത്തിലാണ്. ഹൃദ്‌രോഗങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ പരിപാടികളുടെ പ്രസക്തി ഏറുന്നത്. ലോകത്താകമാനമുള്ള സന്നദ്ധസംഘടനകള്‍, ആശുപത്രികള്‍ എന്നിവയുടെ നേത്യത്വത്തില്‍ വൈവിദ്ധ്യമാര്‍ന്ന ബോധവത്കരണ പരിപാടികള്‍ നടത്തി ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം സാമാന്യജനങ്ങളിലേക്കെത്തിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഈവര്‍ഷം ലോക ഹൃദയാരോഗ്യസംഘടന മുന്നോട്ട് വയ്ക്കുന്ന ആശയം വളരെ പുതുമയുള്ള
ഒന്നാണ്. ‘ഹൃദയം കൊണ്ട് ഒത്തുചേരുക’ എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഇത്തവണ
ബോധവത്കരണപരിപാടികള്‍ നടക്കുന്നത്.
ഇന്ന് ലോകത്ത് ഏറ്റവും പ്രചാരമുള്ള മൊബൈല്‍ ആപ്പുകള്‍, സാമൂഹികമാധ്യമങ്ങള്‍
എന്നിവയൊക്കെ ഉപയോഗിച്ച് സാധാരണക്കാരായ ആളുകളിലേക്ക് പോലും ഈ ആശയത്തെ
എത്തിക്കുക, അവരെ ബോധവത്കരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.
ഇന്റര്‍നെറ്റ് സാധാരണക്കാരിലേക്ക് വരെ എത്തിനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ഉപയോഗപ്പെടുത്തി ഇത്തരം പദ്ധതികളെ സാധാരണക്കാരിലേക്ക് പോലും കൂടുതല്‍ ആഴത്തില്‍ എത്തിക്കാന്‍ നമുക്കൊരോരുത്തര്‍ക്കും കഴിയേണ്ടതാണ്. ഈ ബോധവത്കരണ പരിപാടികളില്‍ ഈ വിധം നാമോരുത്തരെയും പങ്കാളികളാക്കുക എന്നതാണ് ഹൃദയം കൊണ്ട് ഒത്തുചേരുക എന്ന ആശയം മുന്നോട്ട് വെക്കുന്നത് യുവജനങ്ങളില്‍ ഇത്തരത്തിലുള്ള ആശയം ഇതിനകം തന്നെ വലിയൊരു സ്വീകാര്യതയാണ് ഉണ്ടാക്കിയിരിക്കുന്നത് ആരോഗ്യ അവബോധത്തിനായി ധാരാളം മൊബൈല്‍ ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. ഇതു വഴി ആരോഗ്യപരമായ ശീലങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കാന്‍ നമുക്കാവുന്നു.
മദ്ധ്യവയസ്‌കരിലും പ്രായമേറയവരിലും ഇന്ന് സാമൂഹികമാദ്ധ്യമങ്ങളുടെ പ്രചാരം
ഏറിവരികയാണല്ലോ. ഹൃദയസംബന്ധമായ അസുഖങ്ങളും മറ്റ് രോഗങ്ങളും പ്രായം കൂടുന്തോറും
ഏറിവരുന്ന പ്രവണതയാണ് നാം കണ്ടുവരുന്നത്. ഇത്തരക്കാര്‍ക്ക് കൃത്യമായ
ആരോഗ്യപരിശോധനകളുടെ പ്രാധാന്യം, മരുന്നുകള്‍ കഴിക്കേണ്ടവിധം, വ്യായാമം,
എന്നിവയൊക്കെത്തന്നെ വിശദമായി അറിയിക്കുവാന്‍ മേല്‍പ്പറഞ്ഞ മൊബൈല്‍ ആപ്പുകള്‍,
സാമൂഹികമാദ്ധ്യമങ്ങള്‍ എന്നിവ വളരെ സഹായകമാണ് പ്രത്യേകിച്ച് കൊവിഡ് മഹാമാരിയില്‍
വീടുകളില്‍ത്തന്നെ ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്ന ആളുകള്‍ക്ക് ഡോക്ടര്‍മാരുടെ ഉപദേശനിര്‍ദ്ദേശങ്ങളും ചികിത്സയും ലഭ്യമാക്കുവാന്‍ വലിയൊരളവില്‍ ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.
‘ഹ്യദയബന്ധനം’ വ്യക്തിയും സ്വയം തുടങ്ങേണ്ടതാണ്. ശരിയായ അളവിലുള്ള
ഭക്ഷണക്രമീകരണം, കൃത്യമായ വ്യായാമം, ശരീരഭാര നിയന്ത്രണം, രക്തസമ്മര്‍ദ്ധം (ബ്ലഡ് പ്രഷര്‍)
രക്തത്തിലെ പഞ്ചസാരയുടെ അളവ്(ബ്ലഡ് ഷുഗര്‍). കൊളസ്‌ട്രോള്‍ അളവ് എന്നിവ നിയന്ത്രിച്ചു
കൊണ്ടാവണം ഇത്.
ഭക്ഷണം
ഹൃദ്രോഗങ്ങളെ അകറ്റിനിര്‍ത്തുന്നതില്‍ വലിയൊരു പങ്ക് നമ്മുടെ ഭക്ഷണക്രമീകരണത്തിനുണ്ട്.
കുറഞ്ഞ കലോറി അളവിലുള്ള പച്ചക്കറികള്‍ പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ഹൃദയാരോഗ്യം കാത്തു
സൂക്ഷിക്കുന്നതില്‍ വലിയൊരു പങ്കുവഹിക്കുന്നു.
ഭക്ഷണം കഴിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ പല തവണകളിലായി കഴിക്കുക. ഉയര്‍ന്ന കലോറി
അളവിലുള്ള ഭക്ഷണപാലീയങ്ങള്‍ കഴിവതും ഒഴിവാക്കുക.
ഉപ്പിന്റെയും പഞ്ചസാരയുടേയും അമിത ഉപയോഗം കുറയ്ക്കുക.
അമിത അളവിലുള്ള ഭക്ഷ്യ എണ്ണ ഉപയോഗം ഒഴിവാക്കുക.
തവിടോടുകൂടിയ ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
മൈദ കൊണ്ടുണ്ടാക്കുന്ന പലഹാരങ്ങള്‍ മറ്റു ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക.
കൊഴുപ്പ് കുറഞ്ഞ പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം മത്സ്യം, കോഴിയിറച്ചി എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുക.
ചുവന്ന മാംസത്തിന്റെ അളവ് കുറയ്ക്കുക. ഇവയെല്ലാം ആരോഗ്യപരമായ ഭക്ഷണശീലങ്ങളില്‍
ഉള്‍പ്പെടുന്നു.
വ്യായാമം
ഹൃദയാരോഗ്യത്തിന് എറ്റവും പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ് വ്യായാമം.
ശരീരം വിയര്‍ക്കുന്ന അളവില്‍ തുടര്‍ച്ചയായി 30 മിനിറ്റ് നേരം വ്യായാമത്തിലേര്‍പ്പെടുക. ആഴ്ച്ചയില്‍ 5 ദിവസമെങ്കിലും വ്യായാമം ചെയ്യുവാന്‍ ശ്രമിക്കുക.
തുടങ്ങുമ്പോള്‍ ചെറിയ വ്യായാമങ്ങളിലൂടെ തുടങ്ങി പിന്നീട് അധികരിപ്പിക്കുക. വ്യായാമം
ജീവിതചര്യയുടെ ഭാഗമാകുന്നത് ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ അത്യന്താപേക്ഷിതമാണ്.
ജീവിതശൈലി
പുകവലി, മദ്യപാനം എന്നീ ശീലങ്ങള്‍ ഒഴിവാക്കുക. പ്രമേഹം രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍
അമിതവണ്ണം എന്നിവ നിയന്ത്രിക്കുകയും. കൃത്യ സമയങ്ങളില്‍ ചികിത്സ തേടുകയും വേണം. നമ്മുടെ മാനസിക നിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ പലപ്പോഴും രോഗാവസ്ഥയ്ക്ക് കാരണമാകാറുണ്ട്.
ശുഭാപതി വിശ്വാസം മുറുകെപ്പിടിക്കുക എന്നത് തീര്‍ച്ചയായും മാനസിക സമ്മര്‍ദ്ദങ്ങളെ
അതിജീവിക്കാന്‍ സഹായിക്കും. കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പം കാത്തുസൂക്ഷിക്കുന്നതും
ആരോഗ്യപരമായ സുഹൃദ്ബന്ധങ്ങളും പലപ്പോഴും നമ്മുടെ മാനസിക പിരിമുറുക്കങ്ങളെ
കുറക്കുകയും അതുവഴി ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുവാന്‍ സഹായകരമാവുകയും
ചെയ്യുന്നതാണ്.
ഹൃദയങ്ങളുടെ ഒത്തുചേരല്‍ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഈ വര്‍ഷത്തെ ലോക
ഹൃദയോരോഗ്യ ദിനം ഊന്നല്‍ നല്‍ക്കുന്നത്. ഈ കൊറോണക്കാലത്ത് പൊതുസമൂഹത്തില്‍ നിന്നും സ്ഥിരജീവിതക്രമങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന ഹൃദ്രോഗികളിലേക്കെത്തുകയും ചെയ്യുക എന്നതാണ്.
എന്നാല്‍ ഹൃദ്‌രോഗം വരാതിരിക്കാനെടുക്കുന്ന മുന്‍കരുതലുകള്‍ തീര്‍ച്ചയായും ചിലവ് കുറഞ്ഞതും നമ്മുടെ ജീവിതത്തെ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നതുമാണ്.
ഏവര്‍ക്കും ആരോഗ്യമുള്ള ഹൃദയം ഉറപ്പുവരുത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
source https://www.sirajlive.com/today-is-world-heart-health-day.html
إرسال تعليق