പാഴ്വസ്തു ചരക്ക് നീക്കം; വാഹനങ്ങളിൽ ജി പി എസ് നിർബന്ധമാക്കുന്നു

കൊച്ചി | പാഴ്വസ്തുക്കൾ ശേഖരണ കേന്ദ്രങ്ങളിലേക്കും സംസ്‌കരണ കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകുന്ന വാഹനങ്ങളിൽ ഉടൻ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജി പി എസ്) സംവിധാനം ഏർപ്പെടുത്താൻ സർക്കാർ നിർദേശം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശപ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

പാഴ്്വസ്തുക്കൾ കൊണ്ടുപോകുന്ന എല്ലാ ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടർമാരും 45 ദിവസത്തിനുള്ളിൽ ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ ജി പി എസ് ഇൻസ്റ്റാൾ ചെയ്യണമെന്നാണ് നിർദേശം. തമിഴ്നാട് ആനമലയിൽ പാഴ്്വസ്തുക്കൾ നിക്ഷേപിച്ച സംഭവത്തിൽ കേരളത്തിൽ നിന്ന് പാഴ്്വസ്തുക്കൾ കൊണ്ടുപോയ ട്രക്കുകൾ തമിഴ്നാട് പോലീസ് പിടിച്ചെടുത്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ചാണ് പാഴ് വസ്തു ചരക്ക് നീക്കത്തിന് ജി പി എസ് ഏർപ്പെടുത്താൻ ഉത്തരവിട്ടത്. ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് അടിയന്തര പ്രാധാന്യത്തോടെ ജി പി എസ് ഏർപ്പെടുത്താനുള്ള നിർദേശം പുറത്തിറങ്ങിയത്. എവിടെ നിന്നും ഏതു സമയത്തും ഏതു കാലാവസ്ഥയിലും സ്ഥാനവും സമയവും നിർണയിക്കാനുള്ള നാവിഗേഷൻ സംവിധാനമാണ് ജി പി എസ്.
ഉത്തരവ് പ്രകാരം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാവിധ ആക്രി പാഴ്്വസ്തു ചരക്ക് നീക്കങ്ങളും ജി പി എസ് ഘടിപ്പിച്ച വാഹനങ്ങളിൽ മാത്രമേ ഇനി കൊണ്ടുപോകാൻ പാടുള്ളൂവെന്ന് നിഷ്‌കർഷിക്കുന്നുണ്ട്.

പുതിയ നിയമം അനുസരിച്ച് പുനരുപയോഗിക്കാനാവാത്ത പാഴ്്വസ്തുക്കൾ ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന വ്യാപാരികളും സ്ഥാപനങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവ ആർക്കാണോ നൽകുന്നത് അവരുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാർ നിർദേശിക്കുന്ന ഏജൻസിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പാഴ്്വസ്തു സംസ്‌കരിക്കുന്നതിനും പുനരുപയോഗം ചെയ്യുന്നതിനും ഏൽപ്പിച്ചിട്ടുള്ള എല്ലാ വാഹനങ്ങളും അവ ശേഖരിക്കുന്ന ഏജൻസിയിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശിക്കുന്നുണ്ട്.

ക്ലീൻ കേരള കമ്പനിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇത്തരത്തിലുള്ള വാഹനങ്ങളുടെ രജിസ്റ്റർ സൂക്ഷിക്കണമെന്നും സർക്കാർ അറിയിച്ചു.

ഇനി മുതൽ തദ്ദേശ സ്ഥാപനങ്ങളും ക്ലീൻ കേരള കമ്പനിയും പാഴ്്വസ്തു നീക്കം ചെയ്യാനുള്ള ടെൻഡർ വിജ്ഞാപനത്തിലും എംപാനൽമെന്റ് വിജ്ഞാപനത്തിലും ഗതാഗത കരാറുകളുമായുള്ള കരാറുകളിലും പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തണം.

തദ്ദേശ സ്ഥാപനങ്ങളിലെയും ക്ലീൻ കേരള കമ്പനിയുടെയും ഒരു ഉദ്യോഗസ്ഥനെ ജി പി എസ് ട്രാക്കുചെയ്യാൻ നിയോഗിക്കണം. പാഴ്്വസ്തു നീക്കുമ്പോൾ അത് ശരിയായ ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ഉറപ്പാക്കലാണ് ഈ ഉദ്യോഗസ്ഥന്റെ ജോലിയെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഒരു വർഷം സംസ്ഥാനത്തുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യം മാത്രം 44382.85 ടൺ ആണെന്നാണ് കണക്ക്.
805 പ്ലാസ്റ്റിക് നിർമാണ യൂനിറ്റുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. പ്ലാസ്റ്റിക് പുനരുപയോഗ യൂനിറ്റുകൾ 250 എണ്ണം മാത്രമാണ് സംസ്ഥാനത്തുള്ളത്. ബാക്കി വരുന്ന ഭൂരിഭാഗം പ്ലാസ്റ്റിക്കുകളും ഇതര സംസ്ഥാനങ്ങളിലേക്കാണ് കയറ്റിവിടുന്നത്.

അതേസമയം, സംസ്ഥാനത്തെ ചെറുകിട ആക്രിക്കച്ചവടക്കാർക്ക് പുതിയ നിർദേശം തിരിച്ചടിയാകും. വാഹനങ്ങൾ വാടകക്കെടുത്ത് ആക്രികച്ചവടം നടത്തുന്നവർക്കുൾപ്പെടെ വലിയ ബാധ്യതയാണ് പുതിയ തീരുമാനം സൃഷ്ടിക്കുക.



source https://www.sirajlive.com/waste-cargo-removal-mandates-gps-on-vehicles.html

Post a Comment

Previous Post Next Post