കൊച്ചി | സംസ്ഥാനത്തെ 14 ജില്ലകളിലെയും ഫാർമസി ഇൻസ്‌പെക്ടർമാരെ പിരിച്ചുവിട്ടിട്ട് നാല് വർഷം തികയുന്നു. പുതിയ നിയമനം വൈകിയതോടെ ഔഷധ രംഗത്തെ നിയമലംഘനം പരിശോധിക്കാൻ പോലും ആളില്ലാതായി.
മരുന്നുകളുടെ വിതരണത്തിലും അതിന്റെ ഉപയോഗ നിർദേശങ്ങൾ നൽകുന്നതിലും പരിശോധനയില്ലാതായതോടെ ഈ മേഖലയിൽ നിയമലംഘനങ്ങളും വർധിച്ചിട്ടുണ്ട്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ജനങ്ങളുടെ ജീവൻ പോലും അപകടത്തിലാകുന്ന ജോലിയായിട്ടും വേണ്ടത്ര മുൻകരുതലുകളെടുക്കാൻ സർക്കാറും തയ്യാറാകുന്നില്ല.
മരുന്ന് വിതരണം ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് ആവശ്യമായ യോഗ്യതയുണ്ടോയെന്നും നിയമലംഘനങ്ങൾ നടക്കുന്നില്ലെന്നും ഉറപ്പാക്കേണ്ടത് സംസ്ഥാന ഫാർമസി കൗൺസിലിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ നാല് വർഷം മുമ്പ് മുൻ സർക്കാറിന്റെ കാലത്ത് നിയമിച്ച 14 ജില്ലാ ഫാർമസി ഇൻസ്‌പെക്ടർമാരെയും പിരിച്ചുവിട്ടതോടെ പരിശോധനകളെല്ലാം നിലച്ചു.
സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലാണ് ഫാർമസി കൗൺസിൽ പ്രവർത്തിക്കുന്നത്. ഫാർമസിസ്റ്റുകൾക്ക് പരിശീലനം നൽകുക, വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുക, യോഗ്യതകളുള്ളവരും രജിസ്റ്റർ ചെയ്തവരും മാത്രമേ മരുന്ന് വിതരണം നടത്തുന്നുള്ളൂവെന്ന് ഉറപ്പാക്കുക, നിയമ വിരുദ്ധ രീതിയിൽ മരുന്ന് വിതരണം നടത്തുന്നവരെ കണ്ടെത്തുക എന്നിവയാണ് കൗൺസിലിന്റെ പ്രധാന ലക്ഷ്യങ്ങൾ. ചികിത്സാ വേളകളിൽ രോഗികൾക്ക് തെറ്റായ മരുന്നുകളുടെ പാർശ്വഫലം ഉണ്ടാവുകയും അത് സ്ഥിരമായ പ്രശ്‌നമാവുകയോ ചിലപ്പോൾ മരണം പോലും സംഭവിക്കുകയോ ചെയ്യാറുണ്ട്. ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം പ്രധാന കാരണം തെറ്റായ മരുന്ന് നിർദേശങ്ങളോ ഗുണനിലവാരം ഇല്ലാത്ത മരുന്നുകളുടെ ഉപയോഗമോ ആണ്.
1942ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം രജിസ്ട്രേഡ് ഫാർമസിസ്റ്റിന്റെ മേൽ നോട്ടത്തിൽ മാത്രമേ മരുന്ന് വിതരണം പാടുള്ളൂവെന്നാണ് നിയമം. ഈ യോഗ്യതയില്ലാത്തവർ മരുന്ന് വിതരണം നടത്തിയാൽ 10,000 രൂപ വരെ പിഴയും ആറ് മാസം തടവും ഫാർമസി നിയമം സെക്്ഷൻ 42 പ്രകാരം ശിക്ഷ ലഭിക്കും. എന്നാൽ ഈ നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. ഔഷധ, ഫാർമസി നിയമ ലംഘനങ്ങൾ പരിശോധിക്കേണ്ടതും കേസുകൾ രജിസ്റ്റർ ചെയ്യേണ്ടതും ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരും ഫാർമസി ഇൻസ്‌പെക്ടർമാരുമാണ്. ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലല്ലാതെ മരുന്ന് വിതരണം നടക്കുന്നത് സാധാരണമാണെങ്കിലും ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാർ ഇതിനെതിരെ നടപടിയെടുക്കാറില്ല.
source https://www.sirajlive.com/four-years-without-pharmacy-inspectors-the-quot-game-of-life-quot-in-the-field-of-medicine.html
Post a Comment