മുൻദ്ര തുറമുഖത്തെ മയക്കുമരുന്ന് വേട്ട; കള്ളപ്പണം വെളുപ്പിക്കലെന്ന് സൂചന

അഹമ്മദാബാദ് | ഗുജറാത്തിലെ മുൻദ്ര തുറമുഖത്ത് 20,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാൻ വഴിയാണ് 3,000 കിലോയോളം വരുന്ന മയക്കുമരുന്ന് ഇന്ത്യയിലേക്കെത്തിച്ചത്. ഈ മാസം 15നാണ് കപ്പൽ തുറമുഖത്തെത്തിയത്.

ടാൽകം പൗഡറാണെന്ന വ്യാജേനയാണ് കണ്ടെയ്‌നറുകളിൽ മയക്കുമരുന്ന് എത്തിച്ചത്. രണ്ട് കണ്ടെയ്‌നറുകളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ രണ്ട് പേരെ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദ്, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയതായി ഗുജറാത്ത് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കൽപേഷ് ഗോസ്വാമി പറഞ്ഞു. ചില അഫ്ഗാൻ പൗരന്മാരും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് നിന്ന് മുൻദ്ര തുറമുഖത്തേക്ക് വിജയവാഡ ആസ്ഥാനമായുള്ള ആഷി ട്രേഡിംഗ് കമ്പനിയാണ് കണ്ടെയ്‌നർ വന്ന കപ്പലിലെ ചരക്കുകൾ ഇറക്കുമതി ചെയ്തതെന്ന് അഹമ്മദാബാദ് സോൺ റവന്യൂ ഇന്റലിജൻസ് അറിയിച്ചു. ദമ്പതികളായ എം സുധാകർ- ജി ദുർഗ പൂർണ വൈശാലി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ഇവരിപ്പോൾ റവന്യൂ ഇന്റലിജൻസിന്റെ കസ്റ്റഡിയിലാണ്.

ലോകത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. അധികാരം പിടിച്ചെടുത്ത ശേഷം മയക്കുമരുന്ന് ഉത്പാദനം തടയാൻ ശ്രമിക്കുമെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നെങ്കിലും അതത്ര എളുപ്പമാകില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.



source https://www.sirajlive.com/drug-bust-at-mundra-port-indication-of-money-laundering.html

Post a Comment

Previous Post Next Post