കുവൈത്ത് സിറ്റി | ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിൽ നിന്ന് കുവൈ ത്തിലേക്കു നേരിട്ടുള്ള വിമാന സർവീസ് സജീവമാകുന്നതോടെ വരും ദിവസങ്ങളിൽ ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ചിൽ അടച്ചു പൂട്ടിയ കുവൈത്ത് വിമാനത്താവളം 2020 ഓഗസ്റ്റ് ഒന്ന് മുതൽ വീണ്ടും തുറക്കുകയും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ടുള്ള പ്രവേശന വിലക്കു ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ ഇന്ത്യക്കാർക്കു കുവൈത്തിൽ പ്രവേശിക്കാൻ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കേണ്ട സാഹചര്യം ഉണ്ടായി.
ഇങ്ങനെ വലിയ തുക ചെലവഴിച്ച് നിരവധി പേർ കുവൈത്തിൽ എത്തികൊണ്ടിരിക്കെ രാജ്യത്ത് കൊറോണ വൈറസ് രണ്ടാം തരംഗം വ്യാപിച്ചു. ഇതോടെ 2021 ഫെബ്രുവരി ഏഴിന് വിമാന താവളം വീണ്ടും അടച്ചു പൂട്ടി. ട്രാൻസിറ്റ് രാജ്യങ്ങളിൽ കഴിഞ്ഞ പലരും നാട്ടിലേക്കു തന്നെ തിരിച്ചുപോയി. ഇങ്ങനെ ഒന്നര വർഷമായി നിലനിന്ന അനിശ്ചിതത്വത്തിനാണ് വിരാമമാകുന്നത്.
ഈ കാലയളവിൽ കുവൈത്തിൽ നിന്നും ഇന്ത്യയിലേക്കു വിമാന സർവീസ് ഉണ്ടായിരുന്നെങ്കിലും തിരിച്ചുവരവിലെ അനിശ്ചിതത്വം കാരണം പലരും നാട്ടിൽ പോകുന്നത് നീട്ടി വെക്കുകയായിരുന്നു. ഇത്തരത്തിൽ രണ്ടു വർഷത്തിൽ ഏറെയായി നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങി കിടക്കുന്ന ആയിരകണക്കിന് ആളുകളാണുള്ളത്. ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസ് സജീവമാകുന്നതോടെ ആശങ്ക കൂടാതെ നാട്ടിലേക്കു തിരിക്കാം എന്ന ആത്മവിശ്വാസത്തിലാണ് ഇവരുള്ളത്.
റിപ്പോർട്ട്: ഇബ്രാഹിം വെണ്ണിയോട്
source https://www.sirajlive.com/passengers-from-kuwait-to-india-are-likely-to-increase.html
إرسال تعليق