ആയിരം ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന അവകാശവാദത്തോടെയാണ് 2015ല്‍ അദാനി ഗ്രൂപ്പ് കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖ വികസനം ഏറ്റെടുത്തത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേദിയില്‍ ഇരുത്തിയാണ് ഗൗതം എസ് അദാനി ഈ കാലാവധി പ്രഖ്യാപനം നടത്തിയത്. ഇതുപ്രകാരം 2019 ഡിസംബര്‍ മൂന്നിനകം പദ്ധതി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ആ അവധി കഴിഞ്ഞിട്ട് രണ്ട് വര്‍ഷത്തോളമായി. ഇപ്പോഴും പദ്ധതി പാതിവഴിയില്‍ പോലും എത്തിയിട്ടില്ല. പദ്ധതിക്കു വേണ്ടി 3100 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മിക്കേണ്ടതുണ്ട്. 850 മീറ്റര്‍ മാത്രമാണ് അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ചത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇനിയും മൂന്ന് വര്‍ഷം വേണമെന്ന് ആവശ്യപ്പെട്ട് ആര്‍ബിട്രല്‍ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കയാണ് അദാനി ഗ്രൂപ്പ് ഇപ്പോള്‍.
ഓഖി പ്രകൃതിക്ഷോഭം, പാറക്കല്ലുകളുടെ ലഭ്യതക്കുറവ്, രണ്ട് പ്രളയങ്ങള്‍, നാട്ടുകാരുടെ പ്രതിഷേധം, കൊവിഡിനെ തുടര്‍ന്നുള്ള അടച്ചിടല്‍ എന്നിവയാണ് അദാനി ഗ്രൂപ്പ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. റെയില്‍, റോഡ് കണക്ടിവിറ്റിയിലെയും അതിര്‍ത്തി മതില്‍ നിര്‍മാണത്തിലെയും കാലതാമസം, ഭൂമി ഏറ്റെടുത്തു നല്‍കുന്നതിലെ മെല്ലെപ്പോക്ക് എന്നിവയും അവര്‍ ഉന്നയിക്കുന്നു. ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ആര്‍ബിട്രല്‍ ട്രൈബ്യൂണലില്‍ നല്‍കിയ എതിര്‍വാദത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ക്വാറികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ തുടർന്ന് കേരളത്തിലെ ക്വാറികളില്‍ നിന്നു കല്ലുകള്‍ ലഭിക്കുന്നില്ലെന്നു അദാനി കമ്പനി പരാതിപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടു തമിഴ്‌നാട്ടില്‍ നിന്ന് കല്ലും പാറയും എത്തിച്ചു കൊടുത്തതാണെന്ന് തുറമുഖ മന്ത്രി അഹ്മദ് ദേവര്‍ കോവില്‍ വ്യക്തമാക്കി. പുലിമുട്ട് നിര്‍മാണത്തിനുവേണ്ട കല്ല് കൊണ്ടുവരേണ്ടത് ആത്യന്തികമായി കമ്പനിയുടെ ഉത്തരവാദിത്വമാണ്. പല കാരണങ്ങള്‍ പറഞ്ഞു പദ്ധതി പ്രവര്‍ത്തനം നീട്ടിക്കൊണ്ടു പോയപ്പോള്‍ രണ്ട് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കണമെന്ന് 2019ല്‍ കമ്പനിക്ക് അന്ത്യശാസനം നല്‍കിയിരുന്നതായും മന്ത്രി അറിയിച്ചു. ലോക്ക്ഡൗണ്‍ കാലയളവില്‍ പണി മുടങ്ങിയതായി കമ്പനി പരാതിപ്പെട്ടപ്പോള്‍, 34 ദിവസം ആ ഇനത്തില്‍ സര്‍ക്കാര്‍ ഒഴിവാക്കി കൊടുക്കുകയും ചെയ്തു.
ഭൂമി പൂര്‍ണമായി ഏറ്റെടുത്തു നല്‍കിയില്ലെന്ന വാദവും സര്‍ക്കാര്‍ നിരാകരിച്ചു. പദ്ധതിക്കുവേണ്ട 360 ഏക്കറില്‍ 97 ശതമാനം ഭൂമിയും കൈമാറിക്കഴിഞ്ഞു. അവശേഷിക്കുന്ന ഭൂമിയിലുള്ള റിസോര്‍ട്ടും മറ്റും മാറ്റുന്നതിനെതിരെ പ്രതിഷേധമുണ്ട്. ഈ സ്ഥലം ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനത്തിന് ആവശ്യമില്ല താനും. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് നിര്‍മാണം പുരോഗമിക്കുന്നു. തുറമുഖ പദ്ധതി പ്രദേശങ്ങളില്‍ ചുഴലിക്കാറ്റും ശക്തമായ തിരയടിയുമെല്ലാം സാധാരണമാണ്. അതെല്ലാം മുന്നില്‍ കണ്ടു കൊണ്ടാണ് പദ്ധതികള്‍ നിര്‍വഹിക്കുന്നത്. അവ പ്രതിരോധിക്കുന്ന രീതിയിലാണ് പുലിമുട്ട് നിര്‍മിക്കേണ്ടതെന്നും സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു.
പദ്ധതിയെ അനുകൂലിക്കുമ്പോള്‍ തന്നെ അദാനി ഗ്രൂപ്പുമായുള്ള കരാറിനോട് വിയോജിപ്പായിരുന്നു സി പി എമ്മിനു നേരത്തേ. വിഴിഞ്ഞം പദ്ധതി കരാറില്‍ ദുരൂഹതയുണ്ടെന്നും കരാറില്‍ മാറ്റം വരുത്തണമെന്നും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വി എസ് അച്യുതാനന്ദന്‍ നിയമ സഭയില്‍ ആവശ്യപ്പെടുകയുമുണ്ടായി. കരാറില്‍ അഴിമതിയുണ്ടെന്നും യു ഡി എഫ് സര്‍ക്കാറിന്റെ കരാര്‍ എല്‍ ഡി എഫ് അതേപടി തുടരേണ്ടതില്ലെന്നും വി എസ് പറഞ്ഞു. 7,522 കോടി രൂപയുടെ പദ്ധതിയില്‍ 6,000 കോടിയുടെ വരെ അഴിമതി ഉണ്ടെന്നായിരുന്നു സി പി എം നേതാക്കള്‍ ആരോപിച്ചത്. 2016ലെ സംസ്ഥാന തിരഞ്ഞെടുപ്പോടെയാണ് സി പി എം നിലപാടു മാറ്റി പദ്ധതിയെ അനുകൂലിച്ചു രംഗത്തു വന്നത്.
കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്നതാണ് പദ്ധതിയെന്നാണ് നേരത്തേ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ സാമ്പത്തികമായി സര്‍ക്കാറിന് ഇതു ലാഭകരമായിരിക്കില്ലെന്നും അന്നു തന്നെ വിമര്‍ശമുയരുകയും 2016 ഒക്ടോബറില്‍ സമര്‍പ്പിച്ച സി എ ജി റിപ്പോര്‍ട്ട് ഈ വാദം ശരിവെക്കുകയും ചെയ്തു. അദാനിയുമായുള്ള കരാറില്‍ സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല കേരളത്തിനോ പൊതുജനങ്ങള്‍ക്കോ ഇതുകൊണ്ട് നേട്ടമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2015ലെ കണക്കനുസരിച്ചു 7,525 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. ഇതില്‍ മൂന്നിലൊന്നോളം അഥവാ 2,454 രൂപ മാത്രമാണ് അദാനി മുടക്കേണ്ടത്. 3,436 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. 1,635 കോടി രൂപ കേന്ദ്രം വയബിലിറ്റി ഗ്യാപ് ഫണ്ടായി നല്‍കുമെങ്കിലും നിശ്ചിത കാലയളവിനകം കേരളം ഇത് തിരിച്ചു നല്‍കണം. കൂടാതെ പദ്ധതിക്കായി 360 ഏക്കര്‍ സ്ഥലവും സമുദ്രത്തില്‍ നിന്നു 130 ഏക്കര്‍ നികത്തിയെടുക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതേസമയം പദ്ധതി പൂര്‍ത്തിയായാല്‍ 40 വര്‍ഷം അദാനി ഗ്രൂപ്പായിരിക്കും തുറമുഖം കൈകാര്യം ചെയ്യുക. ഇത് 20 വര്‍ഷത്തേക്ക് നീട്ടുകയുമാകാം. പദ്ധതി പ്രവര്‍ത്തനം തുടങ്ങി 15 വര്‍ഷത്തിനു ശേഷം വരുമാനത്തിന്റെ ചെറിയ ഒരു വിഹിതം സംസ്ഥാന സര്‍ക്കാറിനു ലഭിക്കുമെന്നു മാത്രം. കേരളത്തിന്റെ ചെലവില്‍ അദാനിക്കു നേട്ടം കൊയ്യാനുള്ള പദ്ധതിയാണിതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
വിഴിഞ്ഞം തുറമുഖ പദ്ധതി ഏറ്റെടുത്ത അദാനി ഗ്രൂപ്പിന് രാജ്യത്ത് വേറെ ആറ് തുറമുഖങ്ങള്‍ സ്വന്തമായുണ്ട്. ആ തുറമുഖങ്ങളിലേക്ക് വരുന്ന കണ്ടെയ്‌നറുകള്‍ വിഴിഞ്ഞം തുറമുഖത്തേക്ക് വരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് അദാനി വിഴിഞ്ഞം ഏറ്റെടുത്തതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. വിഴിഞ്ഞത്ത് അദാനി കാര്യമായും ലക്ഷ്യമിടുന്നത് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കില്‍ പദ്ധതി എത്ര വൈകിയാലും അദാനിക്കു കാര്യമായ നഷ്ടമില്ല. സര്‍ക്കാറിനും കേരള ജനതക്കും മാത്രമാണ് നഷ്ടം. ഈയൊരു സാഹചര്യത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണം. കാലാവധിക്കു ശേഷം അധികം വരുന്ന ഓരോ ദിവസത്തിനും 12 ലക്ഷം രൂപ വീതം അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാറിനു നഷ്ടപരിഹാരം നല്‍കണമെന്ന കരാറിലെ വ്യവസ്ഥ നടപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരണം.
source https://www.sirajlive.com/delay-in-vizhinjam-project.html
إرسال تعليق