അമൂല്യ കൈയെഴുത്ത് ഗ്രന്ഥങ്ങൾക്ക് പുതുജീവൻ നൽകി ഹുബൈബ്

മലപ്പുറം | പഴയ കൈയെഴുത്ത് പ്രതികളുണ്ടോ നിങ്ങളുടെ കൈയ്യിൽ. എങ്കിൽ അത് ഹുബൈബിനെ ഏൽപ്പിച്ചാൽ മതി. ആധുനിക രീതിയിൽ ചിട്ടപ്പെടുത്തി ഗ്രന്ഥരൂപത്തിലാക്കിത്തരും ഈ മിടുക്കൻ. പാരമ്പര്യ വിജ്ഞാനീയങ്ങളുടെ സൂക്ഷിപ്പുകളായ മുൻകാല പണ്ഡിതന്മാരുടെ അമൂല്യ ഗ്രന്ഥങ്ങൾ തേടിപ്പിടിച്ച് പുതുജീവൻ നൽകി മാതൃകയാകുകയാണ് ഹുബൈബ്.

ലോക്ക്ഡൗൺ കാലയളവിൽ തുടങ്ങിയ ശ്രമം പത്ത് ഗ്രന്ഥങ്ങൾക്കാണ് ആധുനികമാനം നൽകിയത്. പ്രസിദ്ധ ഹദീസ് പണ്ഡിതനായ ഇബ്‌നു അല്ലാന്റെ ഫത്ഹുൽ മുബീൻ ഫീ ശറഇ ഉമ്മിൽ ബറാഹീൻ എന്ന വിശ്വാസശാസ്ത്ര ഗ്രന്ഥത്തിനാണ് ഹുബൈബ് അവസാനമായി നൂതനരീതികൾ സംവിധാനിച്ചത്. കുവൈത്തിലെ ദാറുളിയാഅ് പബ്ലിക്കേഷൻ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്.

പദസൂചികയും അടിക്കുറിപ്പും വിവരണവും നൽകിയാണ് ഓരോ ഗ്രന്ഥവും തയ്യാറാക്കുന്നത്. ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസാരിയുടെ ജീവചരിത്രമെഴുതിയ കൈയെഴുത്ത് ഗ്രന്ഥമാണ് ആദ്യമായി കിതാബ് രൂപത്തിലാക്കിയത്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി ദുബൈ മർകസ് ജുമുഅ അൽ മാജിദ് യൂനിവേഴ്‌സിറ്റിയും മലേഷ്യയിലെ സുൽത്വാൻ സൈനുൽ ആബിദീൻ യൂനിവേഴ്‌സിറ്റിയും ഓൺലൈനിലൂടെ നടത്തിയ സമ്മിറ്റിൽ പങ്കെടുക്കാനുള്ള അവസരവും ഹുബൈബിന് ലഭിച്ചു.
പ്രസാധന രംഗത്ത് പ്രവർത്തിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും ഹുബൈബിന്റെ സഹായം തേടുന്നുണ്ട്. ഇന്റർനെറ്റിൽ ലഭ്യമല്ലാത്ത പല കൈയെഴുത്ത് ഗ്രന്ഥങ്ങളും ഹുബൈബിന്റെയടുത്തുണ്ട്. അറബിയിൽ രണ്ട് പുസ്തകങ്ങൾ രചിച്ച ഹുബൈബ് വിവാഹ ആശംസാഗാനങ്ങളും നിരവധി കവിതകളും എഴുതിയിട്ടുണ്ട്. എസ് എസ് എഫ് സാഹിത്യോത്സവിൽ സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച ഹുബൈബ് മികച്ച ഗായകൻ കൂടിയാണ്.

ഒഴിവുസമയവും സാങ്കേതിക സംവിധാനവും ഉപയോഗപ്പെടുത്തി വിദ്യാർഥികൾക്ക് പ്രചോദനവും മാതൃകയുമാകുകയാണ് മലപ്പുറം മഅ്ദിൻ ദഅ്‌വാ കോളജിലെ ഈ ബിരുദ വിദ്യാർഥി. പൂർവസൂരികളായ പണ്ഡിതന്മാരുടെ കിതാബുകൾ പരമാവധി വെളിച്ചം കാണിക്കണമെന്നും വിദ്യാർഥികളെ ഈ മേഖലയിലേക്ക് കൊണ്ടുവരണമെന്നുമാണ് ഹുബൈബിന്റെ ആഗ്രഹം. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെയും മറ്റ് ഉസ്താദുമാരുടെയും പ്രചോദനവും സഹായവുമാണ് ഈ മേഖലയിലേക്ക് തന്നെ ആകർഷിച്ചതെന്ന് ഹുബൈബ് പറയുന്നു.
പയ്യോളി സ്വദേശി വി സി മുഹമ്മദ്-ഫാത്വിമ സുഹ്‌റ ദമ്പതികളുടെ മകനാണ്.



source https://www.sirajlive.com/hubaib-revives-precious-manuscripts.html

Post a Comment

Previous Post Next Post