മൂന്ന് സംസ്ഥാനങ്ങളില്‍ അര്‍ധ സൈനിക വിഭാഗമായ ബോര്‍ഡ് സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബി എസ് എഫ്) അധികാര പരിധി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രൂക്ഷവിമര്‍ശത്തിനിടയാക്കിയിരിക്കുകയാണ്. 2014ല്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലും ജമ്മു കശ്മീര്‍ മേഖലയിലും കള്ളക്കടത്തും തീവ്രവാദ പ്രവര്‍ത്തനവും തടയുന്നതുമായി ബന്ധപ്പെട്ട് ബി എസ് എഫിന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ ചില പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്നു. പശ്ചിമ ബംഗാള്‍, അസം, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഈ ദൂരപരിധി 50 കിലോമീറ്ററായി വര്‍ധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരിക്കുകയാണ്. ഇതനുസരിച്ച് രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ പരിധിയില്‍ ബി എസ് എഫിന് സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയില്ലാതെ റെയ്ഡുകള്‍ നടത്താനും അറസ്റ്റ് ചെയ്യാനും അധികാരമുണ്ടായിരിക്കും. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമാണ് ഈ കേന്ദ്ര നടപടി.
ഫെഡറലിസത്തിനെതിരായ ആക്രമണമായാണ് ബംഗാള്‍, പഞ്ചാബ് സര്‍ക്കാറുകള്‍ ഇതേക്കുറിച്ച് വിലയിരുത്തിയത്. “സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാതെ ബി എസ് എഫിന്റെ അധികാരപരിധി വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? ബംഗാള്‍ തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ചോദിക്കുന്നു. ബി എസ് എഫിന് എവിടെയെങ്കിലും തിരച്ചില്‍ നടത്തണമെങ്കില്‍, സംസ്ഥാന പോലീസിനെ കൂടി സഹകരിപ്പിച്ച് അവര്‍ക്കത് ചെയ്യാവുന്നതാണ്. വര്‍ഷങ്ങളായി അങ്ങനെയാണ് നടന്നു വരുന്നതും. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ് സംസ്ഥാനങ്ങളുടെ അവകാശങ്ങളിലുള്ള കൈകടത്തലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിര്‍ത്തി ഗ്രാമങ്ങളിലെ മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ നല്ല ട്രാക്ക് റെക്കോര്‍ഡ് അല്ല ബി എസ് എഫിനുള്ളത്. സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തൃണമൂല്‍ ആരോപിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയും കേന്ദ്രത്തിന്റെ ഏകപക്ഷീയമായ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഫെഡറലിസത്തിനെതിരായ കടന്നാക്രമണത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ അധികാരങ്ങള്‍ ഒരോന്നായി കേന്ദ്രം കൈയടക്കിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി രാജ്യത്തെ ബി ജെ പി ഇതര പാര്‍ട്ടികളുടെ കീഴിലുള്ള സംസ്ഥാനങ്ങളെ വരിഞ്ഞുമുറുക്കുകയും പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സി ബി ഐ, ഇ ഡി, എന്‍ ഐ എ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേന്ദ്രത്തിന്റെ ചട്ടുകങ്ങളായി മാറിയിരിക്കുകയാണ.് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പ്രത്യേകിച്ചും. ഈയൊരു രാഷ്ട്രീയ പശ്ചാത്തലത്തില്‍ ബി എസ് എഫിന്റെ അധികാര പരിധി ഉയര്‍ത്തുന്നത് സംസ്ഥാനങ്ങള്‍ സംശയത്തോടെയും ആശങ്കയോടെയും വീക്ഷിക്കുക സ്വാഭാവികം. കശ്മീരിലും മണിപ്പൂരിലും തീവ്രവാദ പ്രവര്‍ത്തനം തടയാനെന്ന പേരില്‍ സൈനികര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയതിന്റെ തിക്തഫലം ആ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ദശാബ്ദങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ആരെയും അറസ്റ്റ് ചെയ്യാനും നിയമം ലംഘിക്കുന്ന ആര്‍ക്കു നേരേയും നിറയൊഴിക്കാനും പ്രത്യേക അധികാരം നല്‍കുന്ന ‘അഫ്‌സ്പ’ ഉപയോഗിച്ച് സായുധ സേനകള്‍ പൗരന്മാരെ അകാരണമായി പീഡിപ്പിക്കുകയും വെടിവെച്ചു കൊല്ലുകയുമാണ് ആ പ്രദേശങ്ങളില്‍.
ഏത് സംസ്ഥാനത്തെയും ക്രമസമാധാന, സുരക്ഷാ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വവും അതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനുള്ള അധികാരവും സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്. അവിടെ റെയ്ഡും അറസ്റ്റ് അടക്കമുള്ള നടപടികളും നിര്‍വഹിക്കേണ്ടത് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളല്ല. അതിന് നിയമപരമായ സംവിധാനം സംസ്ഥാനങ്ങളിലുണ്ട്. അത്തരം സംവിധാനങ്ങളെ വിശ്വാസത്തിലെടുക്കാതെ എവിടെയും ഏത് നേരത്തും റെയ്ഡും അറസ്റ്റും നടത്താമെന്ന് വരുന്നത് ഫെഡറലിസത്തിന്റെ ലംഘനവും സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റവുമാണ്.
അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ അധികാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന ലെഫ്റ്റനന്റ് ഗവര്‍ണറില്‍ നിക്ഷിപ്തമാക്കുന്ന “ഗവണ്‍മെന്റ് ഓഫ് നാഷനല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി (ഭേദഗതി) ആക്ട്’ കേന്ദ്രം പാസ്സാക്കിയത് അടുത്തിടെയാണ്. ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ വെറും നോക്കുകുത്തിയാക്കിയിരിക്കുകയാണ് ഇതുവഴി കേന്ദ്രം. അധികാര കേന്ദ്രീകരണം മുഖമുദ്രയാക്കിയ ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ വഴിവിട്ട തീരുമാനമെന്നാണ് നിയമജ്ഞര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകയായ ഇന്ദിരാ ജയ്‌സിംഗിന്റെ അഭിപ്രായത്തില്‍ റിപ്പബ്ലിക്കനിസത്തെയും ഫെഡറലിസത്തെയും തകര്‍ക്കുന്ന നടപടിയാണിത്. ഇതിന്റെ തുടര്‍ച്ചയാണ് ബി എസ് എഫിന്റെ അധികാര പരിധി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവും. സി ബി ഐയെയും മറ്റു കേന്ദ്ര ഏജന്‍സികളെയും ദുരുപയോഗം ചെയ്ത അനുഭവമുള്ള നമ്മുടെ രാജ്യത്ത് ഇത്തരം ഒരു സംവിധാനം സൃഷ്ടിക്കുന്ന വിപത്ത് വളരെ ഗുരുതരമായിരിക്കും.
ദേശസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് ബി എസ് എഫിന്റെ അധികാരപരിധി ഉയര്‍ത്തിയതെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം. ദേശസുരക്ഷയുടെ പേരിലായാലും സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കൈവെക്കുമ്പോള്‍, അവരുമായി കൂടിയാലോചിക്കുക സാമാന്യ മര്യാദയാണ്. അതുണ്ടാകുന്നില്ല. അല്ലെങ്കിലും രാഷ്ട്രീയ എതിരാളികള്‍ക്കും സംഘ്പരിവാറിന്റെ വിമര്‍ശകര്‍ക്കുമെതിരെ പകപോക്കലിന് ദുരുപയോഗം ചെയ്യപ്പെടുന്ന പദങ്ങളായി മാറിയിട്ടുണ്ട് ദേശസുരക്ഷയും രാജ്യദ്രോഹവുമെല്ലാം. ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കും വിധം അപകടകരമായ ഭരണഘടനാ ലംഘന പ്രവര്‍ത്തനങ്ങളുമായി കേന്ദ്രം മുന്നോട്ടുപോകുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി അതിനെ എതിര്‍ക്കേണ്ടതുണ്ട്. ഇന്നലെ ഡല്‍ഹി, ഇന്ന് പശ്ചിമ ബംഗാളും പഞ്ചാബും. നാളെ ലക്ഷ്യം തങ്ങളായിരിക്കുമെന്ന തിരിച്ചറിവും കാഴ്ചപ്പാടും ഇക്കാര്യത്തില്‍ എല്ലാ ജനാധിപത്യ കക്ഷികള്‍ക്കും സംസ്ഥാനങ്ങള്‍ക്കും ആവശ്യമാണ്.
source https://www.sirajlive.com/when-raising-the-jurisdiction-of-the-bsf.html
إرسال تعليق