ബെംഗളൂരു | കര്‍ണാടകയിയല്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് ക്രിസ്ത്യന്‍ പള്ളികളുടേയും പ്രാര്‍ഥന കേന്ദ്രങ്ങളുടേയും കണക്കെടുക്കാനുള്ള നടപടി ആരംഭിച്ച് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ജില്ലാതല യൂണിറ്റുകളില്‍ നിന്ന് വിവരം തേടി എസ് പിമാര്‍ക്ക് എ ഡി ജി പി കത്ത് നല്‍കി. ക്രിസ്ത്യന്‍ പള്ളികളും പ്രാര്‍ഥനാ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായ സംഘ്പരിവാര്‍ ആരോപണം നിലനില്‍ക്കെയാണ് ബി ജെ പി സര്‍ക്കാറിന്റെ പുതിയ നടപടി.
സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നീക്കത്തിന് ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്തയുണ്ടായപ്പോള്‍ തന്നെ ക്രിസ്ത്യന്‍ സഭകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെയും പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും കണക്കെടുക്കുന്നത് അനാവശ്യമാണെന്നും ഒരു സമുദായത്തെ ലക്ഷ്യം വെക്കുന്നതാണെന്നും ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് റവ. പീറ്റര്‍ മച്ചാഡോ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് പുതിയ നീക്കം.
കര്‍ണാടക ന്യൂനപക്ഷ ക്ഷേമ- പിന്നാക്ക വിഭാഗം വകുപ്പ് നിയമസഭാ സമിതിയാണ് സര്‍വേയെടുക്കാന്‍ തീരുമാനിച്ചത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പള്ളികള്‍ കണ്ടെത്തി ഒഴിവാക്കാനാണ് സര്‍വേ നടത്താന്‍ ആവശ്യപ്പെട്ടതെന്നാണ് സമിതി പറഞ്ഞത്. കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും അത് പരിശോധിക്കുകയാണ് ലക്ഷ്യമെന്നും സമിതി ചെയര്‍മാന്‍ എം എല്‍ എ ഗൂളിഹട്ടി ശേഖര്‍ പറഞ്ഞിരുന്നു.
source https://www.sirajlive.com/the-census-of-christian-churches-has-begun-in-karnataka.html
إرسال تعليق