വിവാദം അനുഗ്രഹമായി: ജനകീയ ഹോട്ടലുകളില്‍ വന്‍ തിരക്ക്

കോഴിക്കോട്‌ |  20 രൂപക്ക് പൊതിച്ചോറ് നല്‍കുന്ന കുടുംബശ്രീയുടേതടക്കമുള്ള ജനകീയ ഹോട്ടലുകളില്‍ വന്‍ തിരക്ക്. ഹോട്ടലുകളിലെ വിഭവങ്ങള്‍ പോരെന്ന് ചൂണ്ടിക്കാട്ടി ഒരു ചാനല്‍ വാര്‍ത്ത നല്‍കിയതോടെ ഉടലെടുത്ത വിവാദം ജനകീയ ഹോട്ടലുകള്‍ക്ക് ഗുണമായി മാറുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നൂറ്കണക്കിന് പേരാണ് ഇത്തരം ഹോട്ടലുകളിലേക്ക് ഉച്ചയൂണിനായി എത്തിയത്. ചാനല്‍ വിവാദമുണ്ടാക്കിയ കോഴിക്കോട്ടെ ഹോട്ടലില്‍ മാത്രം നൂറ്കണക്കിന് പൊതിച്ചോറ് കൂടുതലായി വിറ്റുപോയി. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്കു പ്രതിദിനം ഭക്ഷണം നല്‍കിയത്. 27,774 ഊണുകള്‍ വ്യാഴാഴ്ച മാത്രം വിറ്റു.

സംസ്ഥാനത്ത് ചൊവ്വാഴ്ച 1,74,348 പേര്‍ക്കാണു ഭക്ഷണം വിളമ്പിയതെന്ന് കുടുംബശ്രീ സാക്ഷ്യപ്പെടുത്തുന്നു. ബുധനാഴ്ച ഇത് 1,79,681-ഉം വ്യാഴാഴ്ച 1,80,032-ഉം ആയി ഉയര്‍ന്നു. ആലപ്പുഴയിലാണ് ഏറ്റവുംകൂടുതല്‍ പേര്‍ ഭക്ഷണം വാങ്ങിയത്. 2,500 പേര്‍ ഈ ദിവസങ്ങളില്‍ അധികമായി ഭക്ഷണം വാങ്ങി. രണ്ടായിരത്തോളം അധികം ഊണുകള്‍ നല്‍കി എറണാകുളവും 700-ഓളം ഊണുകള്‍ കൂടുതല്‍ വിളമ്പി പാലക്കാടും പിന്നിലുണ്ട്. വരും ദിവസങ്ങളിലും തിരക്ക് കൂടുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ.

ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഡോ. തോമസ് ഐസകിന്റെ ബജറ്റ് പ്രഖ്യാപത്തിന് ശേഷമാണ് കുടുംബശ്രീ ഹോട്ടലുകള്‍ തുടക്കമായത്. ആയിരം ഹോട്ടലുകളാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇപ്പോള്‍ കുടുംബശ്രീക്ക് 1,095 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്.

 



source https://www.sirajlive.com/controversy-befalls-massive-crowds-at-popular-hotels.html

Post a Comment

أحدث أقدم