കോഴിക്കോട് | കോഴിക്കോട് ഈങ്ങാപ്പുഴയില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വനിതാ സംരംഭകയുടെ വീടും ഫാക്ടറിയും ജപ്തി ചെയ്ത സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍. രാഹുലിന്റെ നിര്‍ദേശമനുസരിച്ച് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറും കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തി. കുടുംബത്തിന് വേണ്ട സഹായം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു. വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കണമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. ജൂലി ടോമിയെന്ന സംരംഭകയുടെ വീടും ഫാക്ടറിയും കഴിഞ്ഞ ദിവസമാണ് എസ് ബി ഐ ജപ്തി ചെയ്തത്. വനിതാ റബര്‍ സംസ്‌കരണ യൂനിറ്റിനായി വീടും പറമ്പും ഈടുവച്ച് 2017ല്‍ ഈങ്ങാപ്പുഴ എസ് ബി ഐ ശാഖയില്‍ നിന്നെടുത്ത ഒരുകോടി 25 ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നായിരുന്നു നടപടി. സംരംഭത്തിനെതിരെ സി പി എം കൊടികുത്തി സമരം നടത്തിയത് വിവാദമായിരുന്നു.
കോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച വൈകിട്ട് ജപ്തി നടപടി പൂര്‍ത്തിയാക്കി. വീടും കിടപ്പാടവും നഷ്ടമായതോടെ നാട്ടുകാര്‍ ഏര്‍പ്പാടാക്കിയ വാടക വീട്ടിലേക്ക് ജൂലിയും കുടുംബവും താമസം മാറ്റുകയായിരുന്നു. സംരംഭം ആരംഭിച്ചതു മുതല്‍ തന്നെ സി പി എം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് സംരംഭം പൊളിഞ്ഞതെന്നും തിരിച്ചടവിന് ബേങ്ക് സാവകാശം തന്നില്ലെന്നുമാണ് ജൂലി ടോണിയുടെ ആരോപണം.
source https://www.sirajlive.com/women-entrepreneur-39-s-house-and-factory-confiscated-rahul-gandhi-intervened.html
Post a Comment