കോട്ടയം| പ്രണയ നൈരാശ്യത്തിന്റെ പേരിൽ പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടരുകയാണ്. അടുത്തിടെ സമാനമായ രീതിയിൽ നിരവധി സംഭവങ്ങളാണ് സംസ്ഥാനത്തുണ്ടായത്. പാലാ സെന്റ് തോമസ് കോളജിൽ വെള്ളിയാഴ്ച നടന്ന ഞെട്ടിക്കുന്ന സംഭവം അതിൽ ഒന്നുമാത്രം.
പാലായിൽ പരീക്ഷക്കെത്തിയ വിദ്യാർഥിനിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്ത് രണ്ട് മാസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ്. കഴിഞ്ഞ ജൂലൈ 30ന് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസിൽ ഹൗസ് സർജനായിരുന്ന കണ്ണൂർ നാറാത്ത് സ്വദേശിനിയായ പി വി മാനസ കൊല്ലപ്പെട്ടതും പ്രണയ നൈരാശ്യത്തെ തുടർന്നുണ്ടായ കൊലപാതകത്തിലായിരുന്നു. കോളജിനോട് ചേർന്ന് മാനസ താമസിക്കുന്ന വാടക വീട്ടിൽ വെച്ചാണ് കൊലപാതകം നടക്കുന്നത്. രഖിൽ എന്ന യുവാവാണ് മാനസയെ വെടിവച്ചു കൊലപ്പെടുത്തിയത്. തുടർന്ന് രഖിൽ സ്വയം വെടിവെച്ച് മരിച്ചു.
ഇക്കഴിഞ്ഞ ജൂണിലാണ് പെരിന്തൽമണ്ണ ഏളാട്ടെ ദൃശ്യയെ കാമുകൻ വീട്ടിൽ കയറി കുത്തിക്കൊന്നത്. വിനീഷായിരുന്നു പ്രതി. 2019 മാർച്ച് 12ന് തിരുവല്ലയിൽ നടന്നതും സമാന സംഭവമായിരുന്നു.
തിരുവല്ല അയിരൂരിൽ താമസിക്കുന്ന പെൺകുട്ടിയെ പ്രണയം നിഷേധിച്ചതിന്റെ പേരിൽ അജിൻ റെജി മാത്യൂസ് (18) എന്ന യുവാവ് പൊതുവഴിയിൽ തടഞ്ഞു നിർത്തി കുത്തിപ്പരുക്കേൽപ്പിച്ചശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. റേഡിയോളജി കോഴ്സിന് പഠിച്ചിരുന്ന പെൺകുട്ടി പോകുന്ന വഴിക്കായിരുന്നു കൊലപാതകം.
പെൺകുട്ടി പ്രണയം നിരസിച്ചതിലെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2019 ഏപ്രിൽ നാലിന് തൃശൂരിലെ ചിയ്യാരത്ത് നീതു (22) വിനെ നിരാശാ കാമുകൻ വീട്ടിലെത്തി കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തി. രണ്ടാഴ്ചക്കുശേഷം 2019 ജൂൺ 15ന് സൗമ്യ എന്ന പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകനായ അജാസ് പ്രണയ നൈരാശ്യത്തിന്റെ പേരിൽ പെട്രോളൊഴിച്ച് കൊലപ്പെടുത്തി. 2018 ഫ്രെബ്രുവരിയിൽ കാസർകോട് സ്വദേശിനി കെ അക്ഷിത (19) സുള്ള്യയിലെ നെഹ്റു കോളജിൽ സീനിയർ വിദ്യാർഥി കാർത്തികി (24) ന്റെ കുത്തേറ്റു മരിച്ചു. സംസ്ഥാനത്താകെ ഏറെ ഞെട്ടലുണ്ടാക്കിയ മറ്റൊരു സംഭവമായിരുന്നു 2017 ഫെബ്രുവരിയിൽ കോട്ടയം എസ് എം ഇ കോളജിലുണ്ടായത്.
കോളജ് വിദ്യാർഥിനിയും ഹരിപ്പാട് സ്വദേശിനിയുമായ ലക്ഷ്മിയെ പ്രണയാഭ്യർഥന നിരസിച്ചതിന് കോളജിലെ പൂർവ വിദ്യാർഥി ആദർശ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തുടർന്ന് ആദർശും ജീവനൊടുക്കി. 2017 ജൂലൈ 14ന് ശാരിക എന്ന പതിനെട്ടുകാരിയുടെ ജീവനും പ്രണയപ്പകയിൽ പിടഞ്ഞുതീർന്നു. കടമ്മനിട്ട സ്വദേശിനിയായ ശാരികയുടെ അകന്ന ബന്ധുകൂടിയായ സജിൻ (20) ആയിരുന്നു ജീവനെടുത്തത്. 2020 ജനുവരി അഞ്ചിന് കാരക്കോണം കുന്നവിള തുറ്റിയോട് കോളനിയിൽ അഷിക (19) കാമുകൻ അനു (24) വിന്റെ കുത്തേറ്റു മരിച്ചു. പ്രതിയും ജീവനൊടുക്കി. ദിവസങ്ങൾക്കുശേഷം ജനുവരി എട്ടിന് കൊച്ചിയിൽ പ്ലസ്ടു വിദ്യാർഥിനിയായിരുന്ന ഈവ ആന്റണിയെ വാൽപ്പാറ റൂട്ടിൽ മലക്കപ്പാറയിൽ കാറിൽ കൊണ്ടുപോയി സഫർഷാ (28) കുത്തിക്കൊലപ്പെടുത്തി. പ്രണയം നിരസിക്കുന്നതിന്റെ പേരിൽ തകരുന്ന പെൺജീവിതങ്ങൾ തുടർക്കഥയായി മാറിയിരിക്കുകയാണ്.
source https://www.sirajlive.com/female-lives-in-love.html
Post a Comment