സോഫ്റ്റ് വെയർ തകരാർ; ക്ഷേമനിധി അടക്കാനാകാതെ മദ്‌റസാ അധ്യാപകർ

തിരൂരങ്ങാടി | തപാൽ വിഭാഗത്തിന്റെ സോഫ്റ്റ് വെയർ തകരാർ കാരണം മദ്‌റസാ അധ്യാപക ക്ഷേമനിധിയിൽ വിഹിതം അടക്കാനാകാതെ അധ്യാപകർ. ഏതാനും ദിവസമായി സംസ്ഥാനത്തെ ഒരു പോസ്റ്റ് ഓഫീസിലും മദ്‌റസാധ്യാപക ക്ഷേമനിധി വിഹിതം സ്വീകരിക്കുന്നില്ല. സൈറ്റ് കിട്ടുന്നില്ലെന്നാണ് പോസ്റ്റ് ഓഫീസ് ജീവനക്കാർ പറയുന്നത്. പണമടക്കാനായി ക്ഷേമനിധി അംഗങ്ങൾ പോസ്റ്റ് ഓഫീസിലെത്തുമ്പോഴാണ് സംഭവം അറിയുന്നത്. ഇതുകാരണം നിരവധി അധ്യാപകരാണ് വിഹിതം അടക്കാനാകാതെ തിരിച്ചുപോകുന്നത്.

സോഫ്റ്റ് വെയർ തകരാർപരിഹരിക്കാൻ ഒരാഴ്ചയെങ്കിലും പിടിക്കുമെന്നാണ് പോസ്റ്റ് ഓഫീസുകളിൽ നിന്ന് പറയുന്നത്. പ്രതിമാസം 100 രൂപ എന്ന തോതിൽ മൂന്ന് മാസത്തിൽ 300 രൂപ എന്ന കണക്കിലാണ് അടക്കേണ്ടത്. ചിലർ സൗകര്യാർഥം മുൻകൂറായും അടക്കാറുണ്ട്. കാലാവധി തെറ്റിയാൽ പിഴയും കൂടുതൽ തെറ്റിയാൽ അംഗത്വം നഷ്ടപ്പെടുകയും ചെയ്യുമെന്നതിനാൽ പണമടക്കാൻ കഴിയാത്തത് പല മദ്‌റസാ അധ്യാപകർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന മദ്‌റസാ അധ്യാപക ക്ഷേമനിധി ബോർഡ് അധികൃതർ ഇക്കാര്യം തപാൽ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

പുതിയ സോഫ്റ്റ് വെയർ തുടങ്ങി പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് തപാൽ വകുപ്പ് അറിയിച്ചതായി ക്ഷേമനിധി ഓഫീസിൽ നിന്ന് അറിയിച്ചു. മറ്റ് ക്ഷേമനിധികൾ ബേങ്കുകൾ വഴിയാണ് വിഹിതം അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മദ്‌റസാ അധ്യാപക ക്ഷേമനിധി പലിശയിൽ നിന്ന് മുക്തമാക്കണമെന്ന ആവശ്യത്തെ തുടർന്ന് പോസ്റ്റ് ഓഫീസുകളിൽ വിഹിതം അടക്കാൻ സൗകര്യം ചെയ്യുകയായിരുന്നു.



source https://www.sirajlive.com/software-crash-madrasa-teachers-unable-to-pay-welfare-fund.html

Post a Comment

Previous Post Next Post