രാഷ്ട്രീയ പ്രവർത്തനം തുടരണമോയെന്ന് തീരുമാനിച്ചിട്ടില്ല: ത്വാഹാ ഫസൽ

കോഴിക്കോട് | രാഷ്ട്രീയ പ്രവർത്തനം തുടരുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. ഇനിയും സമയമുണ്ടല്ലോ, എം എ പഠനം പൂർത്തിയാക്കണം, നല്ലൊരു ജോലി നേടണം, ഇടക്ക് നിലച്ചുപോയ ജേർണലിസം കോഴ്‌സ് പുനരാരംഭിക്കണം. യു എ പി എ കേസിൽ രണ്ട് വർഷം ജയിൽ വാസം അനുഭവിച്ച് മോചിതനായ ത്വാഹാഫസലിന്റെ ഭാവി ചിന്തകൾ ഇങ്ങനെയൊക്കെ. രണ്ട് വർഷം ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. പ്രതിസന്ധികൾ തരണം ചെയ്യുമ്പോൾ ലഭിക്കുന്ന ഊർജം ഒന്ന് വേറെത്തന്നെയാണ്. അത് മുമ്പോട്ടുള്ള ജീവിതത്തിൽ വലിയ മുതൽക്കൂട്ടാവുമെന്നുറപ്പാണ്- ത്വാഹാ പറയുന്നു.

ശനിയാഴ്ച അർധരാത്രിയോടെയാണ് ജയിലിൽ നിന്ന് മോചിതനായ ത്വാഹാഫസൽ പന്തീരങ്കാവിലെ വീട്ടിലെത്തിയത്. വിയ്യൂർ ജയിലിൽ നിന്ന് പുറത്തെത്തുന്ന മകനെ സ്വീകരിക്കാൻ മാതാപിതാക്കളും സഹോദരനുമെല്ലാം എത്തിയിരുന്നു. മകന് രണ്ടാം ജൻമമെന്നായിരുന്നു മാതാവിന്റെ പ്രതികരണം. ത്വാഹക്കൊപ്പം കേസിലകപ്പെട്ട ശേഷം ജയിൽ മോചിതനായ കൂട്ടുകാരൻ അലൻ ഷുഐബ് വിളിച്ച് വിവരങ്ങളന്വേഷിച്ചുവെന്നും കൊവിഡ് പോസിറ്റീവായതിനാൽ നേരിട്ടെത്തി കാണാൻ കഴിയാത്തതിലെ വിഷമം പങ്കുവെച്ചുവെന്നും ത്വാഹാ പറഞ്ഞു. യു എ പി എയോട് വിയോജിപ്പ് പുലർത്തുന്ന ഇടതുപക്ഷ സർക്കാർ തനിക്കും അലനുമെതിരെ യു എ പി എ ചുമത്തിയത് അവരുടെ കാപട്യമാണ് പ്രകടമാക്കുന്നതെന്നായിരുന്നു ത്വാഹയുടെ പ്രതികരണം. ഈ നിയമത്തിനെതിരെ സമൂഹം ഒന്നടങ്കം ജാഗ്രത പുലർത്തേണ്ടതുണ്ട്. പാർട്ടി എന്ന രൂപത്തിൽ സി പി എമ്മിന്റെ ഭാഗത്ത് നിന്ന് സഹായങ്ങൾ ഒന്നും ഉണ്ടായില്ല. അഭിഭാഷകരും മറ്റ് മനുഷ്യാവകാശ പ്രവർത്തകരുമടക്കം ഒട്ടേറെ പേർ നിയമ പോരാട്ടത്തിൽ കൂടെ നിന്നു. ജയിൽ ജീവിതത്തിനിടക്ക് പഠനം തുടരാൻ വല്ലാതെ പ്രയാസപ്പെട്ടു. വീട്ടിൽ നിന്ന് കൊറിയർ വഴി അയക്കുന്ന പുസ്തകങ്ങൾ നേരത്തേ പെർമിഷൻ എടുത്തില്ലെന്ന കാരണം പറഞ്ഞ് തിരിച്ചയച്ചുവെന്നും ത്വാഹ പറഞ്ഞു.

ഇഗ്‌നോ യൂനിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ എം എ റൂറൽ ഡവലപ്‌മെന്റിനാണ് ത്വാഹ പഠിച്ചുകൊണ്ടിരിക്കുന്നത്. പരീക്ഷ ഡിസംബറിലാണെന്നിരിക്കെ ഇപ്പോൾ ജാമ്യം ലഭിച്ചത് വലിയ ആശ്വാസകരമായെന്നും അദ്ദേഹം വ്യക്തമാക്കി. നിരോധിത സംഘടനയായ സി പി ഐ മാവോയിസ്റ്റിന് വേണ്ടി പ്രവർത്തിച്ചുവെന്ന കേസിൽ 2019 നവംബറിലാണ് അലനേയും ത്വാഹയേയും പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.



source https://www.sirajlive.com/it-has-not-been-decided-whether-to-continue-political-activity-taha-fazal-must-complete-his-studies.html

Post a Comment

أحدث أقدم