ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് ജാഗ്രത; സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ തുടരും

തിരുവനന്തപുരം | തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ ന്യൂനമർദം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്കക്ക് മുകളിലും തമിഴ്‌നാട് തീരത്തിനും സമീപത്താണ് സ്ഥിതി ചെയ്യുന്നത്. അടുത്ത മൂന്നോ നാലോ ദിവസങ്ങളിൽ പടിഞ്ഞാറ് ദിശയിലുള്ള സഞ്ചാരം തുടരാനാണ് സാധ്യത. ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ ജാഗ്രതകൾ പ്രഖ്യാപിച്ചു.

ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും രണ്ടിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് ജാഗ്രത. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീ മീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രതയാണ്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും രണ്ടിന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും മൂന്നിന് കണ്ണൂർ, കോഴിക്കോട്, കാസർകോട് ഒഴികെയുള്ള ജില്ലകളിലും മഞ്ഞ ജാഗ്രത തുടരും. ഈ പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീ മീറ്റർ മുതൽ 115.5 മില്ലീ മീറ്റർ വരെയുള്ള മഴയാണ് ലഭിക്കാൻ സാധ്യത.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മൂന്ന് വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം, ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കി- ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകളാണ് 30 സെന്റീ മീറ്റർ ഉയർത്തി 50 ക്യൂമെക്സ് വെള്ളമാണ് ഒഴുക്കിവിടുന്നത്.



source https://www.sirajlive.com/orange-alert-in-five-districts-today-thundershowers-will-continue-in-the-state-till-wednesday.html

Post a Comment

أحدث أقدم