തിരുവനന്തപുരം | പത്താംതരം തുല്യതാ പരീക്ഷയിൽ നൂറ് ശതമാനം വിജയവുമായി കശുവണ്ടി ഫാക്ടറി തൊഴിലാളികൾ. സംസ്ഥാന സാക്ഷരതാ മിഷൻ കശുവണ്ടി വികസന കോർപറേഷനുമായി ചേർന്ന് കൊല്ലം ജില്ലയിലെ കശുവണ്ടി ഫാക്്ടറിയിലെ സ്ത്രീ തൊഴിലാളികൾക്കായി നടപ്പാക്കിയ ദിശ പദ്ധതിയിലെ പഠിതാക്കൾക്കാണ് നൂറ് ശതമാനം വിജയം കൈവരിക്കാനായത്.
കൊവിഡ് മഹാമാരിയെ അതിജീവിച്ചും പരീക്ഷ എഴുതിയ 17 പേരിൽ എല്ലാവരും വിജയിച്ചു. നാല് എ പ്ലസും ആറ് എ യും നേടിയ കൊട്ടാരക്കര അമ്പലപ്പുറം ഇ ടി സിയിൽ ഉവലക്കോട് വീട്ടിൽ രജനിയുടെ വിജയത്തിളക്കം പ്രതിസന്ധികളെ അതിജീവിച്ച് സ്വന്തമാക്കിയത്.
പ്ലസ്ടു വിദ്യാർഥിയായ മകൾക്കും മാതാവിനുമൊപ്പം താമസിക്കുന്ന രജനി 20 കിലോമീറ്ററോളം യാത്ര ചെയ്താണ് ഫാക്ടറിയിൽ എത്തുന്നത്. ഭർത്താവ് അനിൽ വാഹനാപകടത്തിൽ മരണമടഞ്ഞതോടെ രജനിയുടെ ഏക വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോകുന്നത്.
ഫാക്ടറിയിലെ ജോലിയും ക്ലാസ്സും കഴിഞ്ഞ് തിരിച്ചുള്ള യാത്രാ സമയമാണ് രജനി പഠനത്തിനായി കണ്ടെത്തിയത്. സഹോദരി രമ്യയോടൊപ്പമാണ് രജനി പഠിക്കാനെത്തിയത്. മൂന്ന് എ പ്ലസും നാല് എയും മൂന്ന് ബിയും രമ്യ നേടി. മൂന്ന് എ പ്ലസും ആറ് എ യും ഒരു ബിയുമായി ഗിരിജ രണ്ടാം സ്ഥാനത്തുണ്ട്. കൈക്കുഞ്ഞുമായി പരീക്ഷക്കെത്തിയ ലത നേടിയതാകട്ടെ നാല് എ പ്ലസും നാല് എയും രണ്ട് ബിയും. ഫാക്ടറിയിലെ ജോലിക്കുശേഷം തൊഴിലിടം തന്നെ പാഠശാലയാക്കിയാണ് പഠനം ക്രമപ്പെടുത്തിയിരുന്നത്.
ഞായറാഴ്ച ഫാക്ടറിയിൽ തന്നെ പ്രത്യേക ക്ലാസ്സും സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് കശുവണ്ടി വികസന കോർപറേഷൻ ജോലിക്കയറ്റം വാഗ്ദാനം ചെയ്തത് പഠിതാക്കൾക്ക് വലിയ പ്രോത്സാഹനമായിരുന്നു. 2019ൽ ആരംഭിച്ച പദ്ധതിയിൽ സാക്ഷരതയും നാല്, ഏഴ്, പത്ത്, പന്ത്രണ്ട് തുല്യതാ ക്ലാസ്സുകളും ഉൾപ്പെടുന്നു. ആദ്യഘട്ടത്തിൽ രണ്ട് ഫാക്ടറികളിലായിരുന്നു പദ്ധതി ആരംഭിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച പരീക്ഷയാണ് ആഗസ്റ്റിൽ നടത്തിയത്. സംസ്ഥാനത്താകെ 199 കേന്ദ്രങ്ങളിലായി 9,194 പേർ പരീക്ഷയെഴുതി. 7,901 പേരാണ് ഉപരി പഠനത്തിന് അർഹത നേടിയത്. 85.94 ആണ് വിജയ ശതമാനം.
കന്നഡ ഭാഷയിൽ പരീക്ഷയെഴുതിയവരിൽ കാസർകോട് ജില്ലയിൽ നിന്ന് 119 പേരും തമിഴ് ഭാഷയിൽ പരീക്ഷയെഴുതിയവരിൽ ഇടുക്കി ജില്ലയിൽ നിന്ന് 10 പേരും വിജയിച്ചു. എസ് സി വിഭാഗത്തിൽ നിന്ന് 1,578 പേർ പരീക്ഷയെഴുതിയതിൽ 1,210 പേർ വിജയിച്ചു. വിജയശതമാനം 76.68. എസ് ടി വിഭാഗത്തിൽ നിന്ന് 281 പേർ പരീക്ഷയെഴുതി. 176പേർ വിജയിച്ചു. വിജയശതമാനം 62.63. ട്രാൻസ്ജൻഡർ വിഭാഗത്തിലെ ഏഴ് പേർ പരീക്ഷയെഴുതിയതിൽ ആറ് പേർ വിജയികളായി.
source https://www.sirajlive.com/class-x-equivalency-examination-women-workers-in-victory.html
إرسال تعليق