മലപ്പുറം | കഴിഞ്ഞ വ്യാഴാഴ്ച മുതൽ ആരംഭിച്ച കാലിക്കറ്റ് സർവകലാശാലാ രണ്ടാം സെമസ്റ്റർ ബി എ പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിൽ പലയിടത്തും ഉത്തരക്കടലാസുകൾ കൃത്യമായി എത്തിക്കാൻ കാലിക്കറ്റ് സർവകലാശാലക്ക് സാധിച്ചില്ല. വ്യാഴാഴ്ച ആരംഭിച്ച ക്യാമ്പിൽ മലപ്പുറം ഗവ. കോളജിലെ ഹിസ്റ്ററി, ഇസ്്ലാമിക് ഹിസ്റ്ററി, മലയാളം തുടങ്ങിയവയുടെ പേപ്പറുകളാണ് കൃത്യമായി എത്തിക്കാതെ അധ്യാപകരെ യൂനിവേഴ്‌സിറ്റി അധികൃതർ വട്ടം കറക്കിയത്. വ്യഴാഴ്ച ആരംഭിച്ച ഹിസ്റ്ററി ക്യാമ്പിൽ ഉത്തരക്കടലാസുകൾ എത്തിയത് വെള്ളിയാഴ്ചയാണ്. പരീക്ഷ കഴിഞ്ഞ് എട്ട് മാസം കഴിഞ്ഞതിനുശേഷമാണ് ഇപ്പോൾ മൂല്യ നിർണയം നടത്തുന്നത്. ഈ വിഷയങ്ങളുടെ മൂല്യനിർണയം അടുത്തയാഴ്ചയിലേക്ക് നീങ്ങുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമാകും.
മഞ്ചേരി എൻ എസ് എസ് കോളജിൽ നടന്ന സുവോളജി ക്യാമ്പ് വ്യഴാഴ്ച അവസാനിപ്പിച്ചതിന് ശേഷം വെള്ളിയാഴ്ച വീണ്ടും പേപ്പറുകൾ എത്തിയതിനാൽ തിങ്കളാഴ്ച വീണ്ടും ക്യാമ്പ് നടത്തേണ്ട അവസ്ഥയാണ്.
കൊവിഡ് രണ്ടാം ലോക്ക്ഡൗണിനും പേമാരിക്കും ശേഷം കോളജുകൾ തുറന്ന ആദ്യ ആഴ്ച തന്നെ വാല്വേഷൻ ക്യാമ്പ് പ്രഖ്യാപിച്ച കാലിക്കറ്റ് സർവകലാശാല മുഴുവൻ കോളജുകളിലും അധ്യയനം നിർത്തിവെച്ചാണ് ക്യാമ്പ് നടത്തുന്നത്. ഇത്തരത്തിലുള്ള മൂല്യനിർണയ ക്യാമ്പുകളിലാണ് വലിയ രീതിയിലുള്ള അലംഭാവം സർവകലാശാല കാണിക്കുന്നത്. മാത്രമല്ല, സർവകലാശാലാ ചരിത്രത്തിൽ ഇതാദ്യമായി രഹസ്യ കോഡ് ഇല്ലാതെ വിദ്യാർഥികളുടെ ഒറിജിനൽ രജിസ്റ്റർ നമ്പറോടെയാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മൂല്യനിർണയം നടത്തുന്നത്.
കോളജുകളിൽ നിന്ന് പരീക്ഷ കഴിഞ്ഞ ബണ്ടിലുകൾ നേരിട്ട് വാല്വേഷൻ ക്യാമ്പുകളിൽ എത്തിച്ചതിനാൽ കവർ പൊട്ടിച്ച് തരം തിരിക്കേണ്ട മുഴുവൻ ക്ലറിക്കൽ ജോലികളും പരീക്ഷാ ബോർഡ് ചെയർമാൻമാർ തന്നെ തനിച്ച് ചെയ്യേണ്ടി വന്നു. പല ക്യാമ്പുകളും ഇത് കാരണം തുടങ്ങാൻ വൈകിയിരുന്നു.
രഹസ്യ നമ്പർ ഇല്ലാതെ മൂല്യനിർണയം നടത്തുന്നതിലെ അപാകതകൾ ചൂണ്ടിക്കാട്ടി കോൺഫഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് ( സി കെ സി ടി) മൂല്യ നിർണയ ക്യാമ്പുകളിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ക്യാമ്പുകളിൽ പേപ്പറുകൾ ഇല്ലാതെ അധ്യാപകർ മടങ്ങേണ്ടി വരുന്നത് സർവകലാശാലയിൽ തുടർക്കഥയാവുകയാണ്.
source https://www.sirajlive.com/calicut-university-answer-sheets-did-not-reach-the-assessment-camps.html
إرسال تعليق