കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ എതിര്‍വാദങ്ങളെയും തള്ളിക്കൊണ്ടാണ് പെഗാസസില്‍ പരമോന്നത കോടതി തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പൗരന്റെ സ്വകാര്യതക്കുമേല്‍ കടന്നുകയറാനുള്ള ഭരണകൂട ധിക്കാരങ്ങള്‍ വകവെച്ചു നല്‍കാന്‍ തയ്യാറല്ല എന്ന മുന്നറിയിപ്പ് തന്നെയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. അത് ജനാധിപത്യത്തിന്റെ വിജയമായിത്തന്നെ വിലയിരുത്തപ്പെടണം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ “വിജയദിവസ്’ ആയി ആഘോഷിക്കപ്പെടാവുന്നത്രയും പ്രാധാന്യമുണ്ട് 2021 ഒക്ടോബര്‍ 27ന്. കേന്ദ്ര സര്‍ക്കാര്‍ കക്ഷിയായുള്ള കേസുകളില്‍ കോടതി സമീപ വര്‍ഷങ്ങളില്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവങ്ങള്‍ മറന്നിട്ടില്ലല്ലോ. അതുകൊണ്ടാണ് പെഗാസസ് വിധി ജനാധിപത്യത്തിന്റെ വിജയമാണ് എന്ന് പറയേണ്ടിവരുന്നത്.
എന്താണ് പെഗാസസ്?
ലോകത്തിലെ ഏറ്റവും ശക്തമായ ചാര സോഫ്റ്റ് വെയര്‍ എന്നതാണ് ഒറ്റവാചകത്തിലുത്തരം.
ഇസ്‌റാഈല്‍ കമ്പനിയായ എന്‍ എസ് ഒ ആണ് ഇത് വികസിപ്പിച്ചെടുത്തത്. സ്വകാര്യ വ്യക്തികളുമായോ കമ്പനികളുമായോ എന്‍ എസ് ഒ “ഇടപാട്’ നടത്തുന്നില്ല. സര്‍ക്കാറുകളുമായാണ് അവരുടെ ഡീല്‍. സര്‍ക്കാറുകള്‍ക്ക് മാത്രമേ പെഗാസസ് സോഫ്റ്റ് വെയര്‍ വില്‍ക്കാറുള്ളൂ എന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ടാണ് ഈ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ “പ്രതിക്കൂട്ടിലായത്’. കേന്ദ്ര സര്‍ക്കാറിന്റെ സമ്മതമോ അറിവോ ഇല്ലാതെ പെഗാസസിനു മുമ്പില്‍ ഇന്ത്യയുടെ വാതിലുകള്‍ തുറക്കപ്പെടില്ല. ഇന്ത്യ അടക്കം പത്ത് രാജ്യങ്ങളില്‍ പെഗാസസ് ഭരണകൂടങ്ങള്‍ക്ക് വേണ്ടി ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്. ഫോണുകളില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് ഇതിന്റെ പ്രവര്‍ത്തനരീതി. ഒരു മിസ്‌കോളിലൂടെ, അല്ലെങ്കില്‍ എസ് എം എസിലൂടെ, അതുമല്ലെങ്കില്‍ വാട്‌സ്ആപ്പ് മെസ്സേജിലൂടെ ഫോണുകളില്‍ കടന്നുകയറി ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ സകലതും നിരീക്ഷിക്കാന്‍ പെഗാസസിന് കഴിയും.
ഇന്ത്യയില്‍ 2018-2019 കാലത്താണ് ഇങ്ങനെ ചോര്‍ത്തല്‍ നടന്നത് എന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളുടെയും രണ്ട് കേന്ദ്ര മന്ത്രിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ബിസിനസ്സ് പ്രമുഖരുടെയും എന്തിന്, ജഡ്ജിയുടേതടക്കം ഫോണ്‍ വിവരങ്ങള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തി എന്ന അതീവ ഗുരുതരവും ഞെട്ടിപ്പിക്കുന്നതുമായ വാര്‍ത്തയോട് കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും കേന്ദ്രം വഴങ്ങിയില്ല.
പ്രതിപക്ഷ ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചു. ചോര്‍ത്തല്‍ നടന്നിട്ടില്ലെന്നും പ്രതിപക്ഷം അനാവശ്യമായ വിവാദം സൃഷ്ടിക്കുകയാണെന്നുമാണ് കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ പറഞ്ഞത്. സമാനമായ വിശദീകരണമാണ് സഭക്ക് പുറത്ത് ബി ജെ പി നേതാക്കളും നടത്തിയത്.
എന്തായിരുന്നു ലക്ഷ്യം?
2019ലെ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഇന്ത്യയില്‍ പെഗാസസ് ഉപയോഗിച്ചുള്ള ചോര്‍ത്തല്‍ മുഖ്യമായും നടന്നത്. അതിനര്‍ഥം തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഒരു നുഴഞ്ഞുകയറ്റമാണ് പെഗാസസ് ലക്ഷ്യമിട്ടത് എന്നാണ്. അത് ആരുടെ താത്പര്യം എന്നത് സാമാന്യബോധമുള്ള ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. രാഹുല്‍ ഗാന്ധിക്ക് പുറമെ ഫോണ്‍ ചോര്‍ത്തപ്പെട്ട മറ്റു രണ്ട് പേരുകള്‍ നോക്കുക. ഒരാള്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മറ്റെയാള്‍ മമതാ ബാനര്‍ജിയുടെ അനന്തിരവന്‍ അഭിഷേക് ബാനര്‍ജി. രണ്ട് പേരും ബി ജെ പിയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍. ഇനി ഫോണ്‍ ചോര്‍ത്തപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ നോക്കുക. അവര്‍ 40 പേരുണ്ട്. വ്യത്യസ്ത മാധ്യമ സ്ഥാപനങ്ങളില്‍ വര്‍ക്ക് ചെയ്യുന്നവര്‍. പക്ഷേ പല കാലങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ “അസ്വസ്ഥപ്പെടുത്തിയവരാണ്’ അവരില്‍ മിക്കവരും. വാര്‍ത്തകള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും സര്‍ക്കാറിന്റെ പ്രതിപക്ഷത്തായിപ്പോയ മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടു എന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള ഹീനമായ കടന്നുകയറ്റം മാത്രമല്ല, എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള നിന്ദ്യമായ നീക്കം കൂടിയാണ്. കേന്ദ്ര സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട ദി വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ ആറ് പ്രധാന മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചു എന്നതില്‍ നിന്ന് തന്നെ ചോര്‍ത്തലിന്റെ ലക്ഷ്യം വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്നഭിപ്രായപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അശോക് ലാവോസയുമുണ്ട് ചോര്‍ത്തപ്പെട്ടവരില്‍. ഒരു നേതാവ്, ഒരു ശബ്ദം എന്ന സംഘ്പരിവാര്‍ സ്വപ്‌നത്തിലേക്ക് രാജ്യം സഞ്ചരിച്ചെത്തുന്ന വഴികളിലൊന്ന് എന്ന നിലയില്‍ കൂടി പെഗാസസ് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.
ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താമോ?
രാജ്യസുരക്ഷ പോലെ പ്രാധാന്യമുള്ള സന്ദര്‍ഭങ്ങളിലോ ക്രമസമാധാനം ഉറപ്പുവരുത്തുന്നത് പോലുള്ള അടിയന്തര ആവശ്യങ്ങളിലോ ഫോണ്‍ ചോര്‍ത്താന്‍ നിയമം സര്‍ക്കാറിനെ അനുവദിക്കുന്നുണ്ട്. “ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലും നിയമപരമായ നടപടിക്രമങ്ങള്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ട്. 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തിലും 2000ലെ ഐ ടി നിയമത്തിന്റെ സെക‌്ഷന്‍ 69ലും ഇക്കാര്യങ്ങള്‍ വ്യക്തമാണ്.
ഫോണ്‍ ചോര്‍ത്താന്‍ ഉന്നതാധികാര സമിതിയുടെ അനുമതി ആവശ്യമാണ്. 2009ലെ ഐ ടി നിയമ പ്രകാരം സംസ്ഥാന സര്‍ക്കാറുകളിലാണ് ഇത്തരം അധികാരം. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സമിതിയുമുണ്ട്’ – കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ വിവാദത്തോട് പ്രതികരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയാണിത് (ജൂലൈ 20, 2021). നിയമപരമായ ചോര്‍ത്തലുകള്‍ കാലങ്ങളായി രാജ്യത്ത് നടക്കുന്നുണ്ട്. അതിന്റെ വിശദാംശങ്ങള്‍ സാധാരണയില്‍ പുറത്തുവരാറില്ല. പെഗാസസില്‍ നടന്നത് പക്ഷേ നിയമാനുസൃതമായ ചോര്‍ത്തല്‍ അല്ല. ഇതില്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ടതോ ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ടതോ ആയ യാതൊരു താത്പര്യവും ഉള്ളടങ്ങിയിട്ടില്ല. രണ്ട് താത്പര്യങ്ങളാണ് ഇതില്‍ ഉള്ളടങ്ങിയിട്ടുള്ളത്. ഒന്ന്, പ്രതിപക്ഷ തന്ത്രങ്ങള്‍ മണത്തറിയുക. രണ്ട്, സര്‍ക്കാറിനെതിരെ ഉയരാനിടയുള്ള വിമര്‍ശങ്ങള്‍ കാലേക്കൂട്ടി അറിഞ്ഞ് തടയിടുക. ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ ലിസ്റ്റ് പരിശോധിച്ചാല്‍ ഈ രണ്ട് താത്പര്യങ്ങളും മറയില്ലാതെ വ്യക്തമാകും.
കോടതിയില്‍ കേന്ദ്രം പറഞ്ഞതെന്ത്?
എന്‍ റാം, ശശികുമാര്‍, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്, അഡ്വ. എം എല്‍ ശര്‍മ എന്നീ മാധ്യമ പ്രവര്‍ത്തകരാണ് പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് ആദ്യം മുതലേ കേന്ദ്രം കോടതിയില്‍ ശ്രമിച്ചത്. പെഗാസസ് സോഫ്റ്റ് വെയര്‍ ഇന്ത്യ വാങ്ങിയോ എന്ന ചോദ്യത്തിനു പോലും ഉത്തരമുണ്ടായില്ല.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ പൊതുവായ ചര്‍ച്ചകള്‍ അനുവദിക്കാനാകില്ല എന്ന നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. “ഈ സോഫ്റ്റ് വെയര്‍ എല്ലാ രാജ്യങ്ങളും വാങ്ങിക്കാറുണ്ട്, സോഫ്റ്റ് വെയര്‍ ഉപയോഗിച്ചിട്ടില്ലെങ്കില്‍ അത് വെളിപ്പെടുത്തണമെന്നാണ് ഹരജിക്കാര്‍ ആവശ്യപ്പെടുന്നത്. ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ അത് ദേശീയ സുരക്ഷയെ ബാധിക്കും’ എന്നാണ് കേന്ദ്രത്തിനു വേണ്ടി കേസില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചത്. ഒന്നും മറച്ചുവെക്കാനില്ല എന്ന് പറഞ്ഞുകൊണ്ടുതന്നെ ഒന്നും തുറന്നു പറയാതെ ഒഴിഞ്ഞുമാറി അദ്ദേഹം. പെഗാസസുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ആശങ്കകളും ഹരജിക്കാരുടെ വാദങ്ങളും പാടേ നിരാകരിക്കുകയാണ് കോടതിയില്‍ കേന്ദ്രം ചെയ്തത്. ദേശസുരക്ഷ എന്ന മാന്ത്രികവടി ഉപയോഗിച്ച് എല്ലാ ചോദ്യങ്ങളെയും മറികടക്കാമെന്ന കേന്ദ്ര സര്‍ക്കാറിന്റെ വ്യാമോഹങ്ങളെ നിലംപരിശാക്കിയാണ് സുപ്രീം കോടതി നീതിബോധത്തിന്റെ ശബ്ദം ഉച്ചത്തിലുയര്‍ത്തിയത്.
ആ സമിതി തന്നെയോ ഈ സമിതി?
വിദഗ്ധരടങ്ങിയ ഒരു സ്വതന്ത്ര സമിതി രൂപവത്കരിക്കാമെന്നും എല്ലാ വിവരങ്ങളും അവര്‍ക്ക് കൈമാറാമെന്നും കേന്ദ്രം നേരത്തേ തന്നെ കോടതിയെ അറിയിച്ചതാണെന്ന ന്യായവാദമാണ് ഇന്നലെ മുതല്‍ ചില ബി ജെ പി കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നത്. കേന്ദ്രം പറഞ്ഞ ആ സമിതി തന്നെയാണ് ഈ സമിതി എന്ന് പറഞ്ഞു ജയിക്കാനാണ് ശ്രമം. സുപ്രീം കോടതി വിധി കേന്ദ്ര സര്‍ക്കാറിനുള്ള തിരിച്ചടി അല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ അവരുടെ കൈയിലുള്ള ഏക കച്ചിത്തുരുമ്പാണ് ഈ ന്യായവാദം. എന്താണ് വസ്തുത?
ഒരു വിദഗ്ധ സമിതി രൂപവത്കരിക്കുന്നതിനെ കുറിച്ച് തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു എന്നത് നേരാണ്. കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിക്കുന്ന സമിതിയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അതില്‍ ആരൊക്കെ അംഗങ്ങളാകണം, അവരുടെ വൈദഗ്ധ്യം എത്രത്തോളം എന്നതെല്ലാം തീരുമാനിക്കുന്നത് കേന്ദ്രം തന്നെ ആയിരിക്കും. ഇപ്പോഴത്തെ സമിതിയെ തീരുമാനിച്ചത് സുപ്രീം കോടതിയാണ്. കോടതിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. എന്തെല്ലാം അന്വേഷിക്കണം എന്നതിലുള്ള മാര്‍ഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്രം രൂപവത്കരിക്കുന്ന സമിതിയുടെ അന്വേഷണ പരിധിയില്‍ ഒരിക്കലും ഉണ്ടാകാനിടയില്ലാത്ത മേഖലകള്‍ കൂടി ഉള്‍പ്പെടുന്നതാണ് കോടതി പുറപ്പെടുവിച്ച മാര്‍ഗരേഖ.
ഇനിയെന്ത്?
സമിതിയുടെ അന്വേഷണ വിഷയങ്ങളില്‍ ശരിയായ വിവരങ്ങള്‍ ലഭിക്കേണ്ട സ്രോതസ്സുകളിലൊന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. അവര്‍ പൂര്‍ണാര്‍ഥത്തില്‍ സഹകരിച്ചെങ്കില്‍ മാത്രമേ ഈ അന്വേഷണം നിര്‍ണിത കാലയളവില്‍ പൂര്‍ത്തീകരിക്കാന്‍ സമിതിക്ക് സാധിക്കുകയുള്ളൂ. ഒന്നും മറച്ചുവെക്കാനില്ല എന്ന് പറയുമ്പോഴും കേന്ദ്രം എന്തൊക്കെയോ മറച്ചുവെക്കുന്നു എന്ന തോന്നല്‍ രാജ്യത്തെ ജനങ്ങള്‍ക്കുണ്ട്. അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു വിഷയമാണ് എന്നതുകൊണ്ടുതന്നെ വളരെ വേഗം റിപ്പോര്‍ട്ട് പുറത്തുവരാന്‍ കേന്ദ്രം ആഗ്രഹിക്കില്ല. ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൊണ്ട് പ്രത്യേകിച്ചും റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുമോ എന്നതും കാത്തിരുന്നു കാണണം.
ഇനി സമയബന്ധിതമായി അന്വേഷണം പൂര്‍ത്തീകരിച്ചു റിപ്പോര്‍ട്ട് നല്‍കി എന്നിരിക്കട്ടെ, ആ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണോ വേണ്ടേ എന്നത് പരമോന്നത കോടതിയുടെ ഹിതത്തെ ആശ്രയിച്ചാണിരിക്കുന്നത്. റിപ്പോര്‍ട്ടാനന്തരം ഒരു രാഷ്ട്രീയ ഭൂകമ്പം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് ചിലപ്പോള്‍ നിരാശപ്പെടേണ്ടി വന്നേക്കും. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്ന നിഗമനത്തിലേക്ക് സമിതിയും എത്തിച്ചേരുകയാണെങ്കില്‍ ആ റിപ്പോര്‍ട്ട് ഒരിക്കലും വെളിച്ചപ്പെടില്ല എന്നുതന്നെ അനുമാനിക്കാം. എങ്കില്‍പ്പോലും കേന്ദ്രത്തിന്റെ വാദങ്ങള്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങാന്‍ സുപ്രീം കോടതി തയ്യാറായില്ല എന്നത് ജനാധിപത്യത്തിന്റെ സന്തോഷങ്ങളിലൊന്നായി എക്കാലവും ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും.
source https://www.sirajlive.com/this-verdict-is-the-joy-of-democracy.html
إرسال تعليق