ബ്രിട്ടനിലും ചൈനയിലും പൊടുന്നനെയുണ്ടായ രണ്ട് പ്രതിസന്ധികളെ കുറിച്ചാണ് പറയാനുള്ളത്. ആദ്യം ബ്രിട്ടൻ തന്നെയാകട്ടെ. പെട്രോൾ ക്ഷാമമാണ് പ്രശ്‌നം. തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടു. പകുതിയോളം പമ്പുകൾ ഇപ്പോഴും വരണ്ടു കിടക്കുകയാണ്. “സോറി ഔട്ട് ഓഫ് യൂസ്’ ബോർഡുകളാണ് സർവ പമ്പുകൾക്ക് മുന്നിലും. ഗ്യാസ് സ്റ്റേഷനുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. നീണ്ട ക്യൂവാണ് പമ്പുകൾക്ക് മുമ്പിൽ. പെട്രോളിന് വേണ്ടി തെരുവിൽ തല്ല് കൂടുന്നു. ക്യൂ തെറ്റിച്ചവരെ കൈകാര്യം ചെയ്യുന്നു. പമ്പ് ജീവനക്കാരെ കൈയേറ്റം ചെയ്യുന്നു. ക്യൂവിലെ അച്ചടക്കത്തിന് പേരുകേട്ട ഇംഗ്ലീഷുകാർ പക്ഷേ, ഇന്ധന ക്ഷാമത്തിന് മുന്നിൽ എല്ലാ സംയമനവും വിടുന്നു. പെട്രോൾ സ്റ്റേഷനുകൾക്ക് മുന്നിലെ ക്യൂവിൽ പെട്ട് ഭക്ഷണവും ഉറക്കവും കാറുകളിലാക്കിയവർ വരെയുണ്ട് ബ്രിട്ടീഷ് നഗരങ്ങളിൽ. പ്രധാന നഗരങ്ങളിൽ വാഹന ഗതാഗതം നന്നേ കുറഞ്ഞു. കൊവിഡ് ലോക്ക്ഡൗൺ കാലത്തേക്കാൾ വിജനമാണ് നിരത്തുകൾ. പൊതു ഗതാഗതം തകർന്നു. ഇന്ധന വില കുതിക്കുന്നു. ആലോചിക്കണം, വ്യാവസായിക വിപ്ലവത്തിന്റെ ഈറ്റില്ലമായ ബ്രിട്ടനിലാണിത്. കൊളോണിയൽ കാലത്ത് ലോകത്ത് നിന്നാകെ കൊണ്ടുവന്ന സമ്പത്തിന്റെ ആത്മവിശ്വാസമുള്ള രാജ്യം. ഒറ്റ പനി മതി ഏത് വമ്പനെയും താറുമാറാക്കാനെന്ന് നാട്ടിൻപുറത്ത് പറയാറുണ്ട്. വിപണി കേന്ദ്രീകൃത രാജ്യങ്ങളുടെ സ്ഥിതിയിതാണ്. വിപണിയിലെ ഒറ്റ അട്ടിമറിയിൽ എല്ലാം നിശ്ചലമാകും. ആ അട്ടിമറി എവിടെ നിന്ന് വന്നുവെന്ന് കണ്ടെത്താനുമാകില്ല.
രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നാണ് എണ്ണക്കമ്പനികൾ ആണയിടുന്നത്. ഷെൽ, എക്‌സോൺ മൊബൈൽ തുടങ്ങിയ കമ്പനികൾ പെട്രോളിയം ഉത്പന്നങ്ങൾ ആവശ്യത്തിനുണ്ടെന്ന് തറപ്പിച്ചു പറയുന്നു. പിന്നെന്താണ് പ്രശ്‌നം? ഉപഭോക്താക്കളുടെ പെട്ടെന്നുള്ള തള്ളിക്കയറ്റമാണ് വിതരണത്തിൽ സമ്മർദങ്ങൾ ഉണ്ടാക്കുന്നതെന്നാണ് കമ്പനികളുടെ വാദം. തെറ്റായ പ്രചാരണങ്ങളെ തുടർന്ന് ആളുകൾ കൂട്ടത്തോടെ എത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണമെന്ന് സർക്കാറും ആവർത്തിക്കുന്നു. രാഷ്ട്രീയക്കാർ എന്ത് നോക്കിനിൽക്കുകയാണെന്ന് ജനങ്ങൾ ചോദിക്കുന്നു. എത്ര ദിവസമായി ഇത് തുടങ്ങിയിട്ട്, വല്ലാത്ത നാണക്കേടായിപ്പോയെന്ന് അവർ പരിതപിക്കുന്നു.
ഭ്രാന്തുപിടിച്ച വാങ്ങൽ
സംഭവം “പാനിക് ബയിംഗ്’ ആണ്. ഭയാനകമായ വാങ്ങൽ. ഏതെങ്കിലും ഒരു വസ്തുവിന് ക്ഷാമം വരുന്നുവെന്ന ഭീതി പരക്കുമ്പോൾ പണമുള്ളവർ ആവശ്യത്തിലധികം ആ വസ്തു വാങ്ങിക്കൂട്ടും. ഒരു തരം പൂഴ്ത്തിവെപ്പ് തന്നെ. പകൽകൊള്ളയെന്നും പറയാം. നൂറ് രൂപക്ക് എണ്ണയടിച്ചു കൊണ്ടിരുന്നവർ ഫുൾ ടാങ്ക് അടിക്കും. പോരാത്തതിന് കാനുകളിൽ വാങ്ങിക്കൊണ്ടുപോകുകയും ചെയ്യും. ഇന്ത്യയിൽ ഇത്തരത്തിൽ പാനിക് ബയിംഗിന്റെ ഭീകരമായ കഥയാണ് 1943ലെ ബംഗാൾ ക്ഷാമത്തിന് പറയാനുള്ളത്. “ആയിരക്കണക്കായ മനുഷ്യർ വിശന്ന് വലഞ്ഞ് മരിച്ചു വീണു; ചാക്ക് കണക്കിന് ഭക്ഷ്യധാന്യങ്ങൾ കുന്നുകൂട്ടിവെച്ച കൂറ്റൻ വീടുകൾക്കും പാണ്ടികശാലകൾക്കും മുന്നിൽ’ -ബംഗാൾ ക്ഷാമത്തെക്കുറിച്ച് ഡോ. അമർത്യാ സെൻ നടത്തിയ പഠനത്തിലെ എക്കാലവും പ്രസക്തമായ നിരീക്ഷണമാണ് ഇത്. അന്ന് ഭക്ഷ്യധാന്യങ്ങൾ ഇല്ലാത്തതായിരുന്നില്ല പ്രശ്‌നം. സാധാരണ ജനങ്ങൾക്ക് ധാന്യങ്ങൾ വാങ്ങാനുള്ള ക്രയശേഷി ഇല്ലാതിരുന്നതാണ് പട്ടിണി മരണങ്ങൾക്ക് വഴിവെച്ചത്. ക്ഷാമം വരാൻ പോകുന്നുവെന്ന ഭീതിയാണ് ആദ്യം പടർന്നത്. ആ ഭീതിയിൽ സമ്പന്നരായ മനുഷ്യർ കൊല്ലങ്ങളോളം ഉണ്ണാനുള്ള ധാന്യങ്ങൾ വാങ്ങിക്കൂട്ടി. അവരുടെ അധിക ക്രയശേഷി ഇത്തരം ഭ്രാന്തമായ വാങ്ങലുകൾക്ക് ഉപയോഗിക്കുകയായിരുന്നു. അതോടെ ഭക്ഷണ പദാർഥങ്ങൾ വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. വില കുതിച്ചുയർന്നു.
കൂലിപ്പണിക്കാർക്കും നാമമാത്ര കർഷകർക്കും ഭക്ഷണ പദാർഥങ്ങൾ അപ്രാപ്യമായ ഒന്നായി മാറി. വിലക്കയറ്റത്തിന്റെ അധികഭാരം പേറാൻ അവരുടെ കൈയിൽ നീക്കിയിരിപ്പ് ഒന്നുമില്ലായിരുന്നു. നിഷ്‌ക്രിയ പണം കുന്നുകൂട്ടിയവർ പക്ഷേ, കൊല്ലുന്ന വിലക്കയറ്റത്തിന്റെ ഘട്ടത്തിലും വാങ്ങൽ ഒരു ഹരമാക്കി മാറ്റി.
യു കെയിലേക്ക് തിരിച്ചുവരാം. അവിടെ ഭ്രാന്തമായ വാങ്ങലിന് ഹേതുവായതെന്താണ്? ലോറി ഡ്രൈവർമാരാണത്രേ കാരണം. ലോറി ഡ്രൈവർമാരുടെ കുറവ് കാരണം എണ്ണക്കമ്പനിയായ ബി പി തങ്ങളുടെ ഏതാനും പെട്രോൾ സ്റ്റേഷനുകൾ താത്കാലികമായി അടക്കേണ്ടി വരുമെന്ന് പറഞ്ഞതോടെയാണ് ഇന്ധന പരിഭ്രാന്തി ഉടലെടുത്തത്. മറ്റ് ചില എണ്ണക്കമ്പനികൾക്കും ആ സമയത്ത് സമാനമായ പ്രശ്‌നങ്ങളുണ്ടായി. എണ്ണ ടാങ്കറുകൾ പോലുള്ള വലിയ വാഹനങ്ങൾ ഓടിക്കുന്നവരുടെ കുറവുണ്ടെന്നത് വസ്തുതയാണ്. യൂറോപ്പിലുടനീളം ഹെവി ഗുഡ്‌സ് വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ക്ഷാമമുണ്ടെങ്കിലും യു കെയെയാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതൽ ബാധിച്ചത്. അതിന് കാരണം ബ്രക്‌സിറ്റാണ്.
യൂറോപ്യൻ യൂനിയനിൽ നിന്ന് പുറത്തുകടന്ന ബ്രിട്ടനിൽ സംഭവിക്കുന്ന നിരവധി പ്രശ്‌നങ്ങളിലൊന്നാണിത്. മറ്റ് യൂറോപ്യൻ രാജ്യക്കാരായിരുന്ന ഡ്രൈവർമാർ ബ്രെക്‌സിറ്റിന് ശേഷം, അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയി. ബ്രിട്ടൻ ഇ യുവിന് പുറത്ത് കടന്നതോടെ അവിടെ താമസിക്കാൻ പ്രത്യേക രേഖകൾ വേണമായിരുന്നു. ബ്രക്‌സിറ്റിന് മുമ്പ് താരതമ്യേന ദരിദ്രമായ യൂറോപ്യൻ രാജ്യത്ത് നിന്ന് ഒരു ഡ്രൈവർക്ക് തന്റെ വണ്ടിയോടിച്ച് ബ്രിട്ടനിലോ ജർമനിയിലോ വന്ന് ജോലി നോക്കാമായിരുന്നു. ഇ യു അതിർത്തിയില്ലായ്മയുടെ സൗകര്യം നൽകിയിരുന്നു. എന്നാൽ വാശിപിടിച്ച് ബ്രക്‌സിറ്റ് പാസ്സാക്കി ഇ യുവിനോട് വിടപറഞ്ഞ യു കെ ഇത്തരം പ്രശ്‌നങ്ങളെ മുൻകൂട്ടി കണ്ടില്ലെന്ന് തോന്നുന്നു. ഒരു ലക്ഷം ഡ്രൈവർമാരുടെ കുറവ് ബ്രിട്ടനിലുണ്ടെന്നാണ് റോഡ് ഹൗലേജ് അസ്സോസിയേഷൻ (ആർ എച്ച് എ) പറയുന്നത്. ഇതിൽ 20,000 പേരെങ്കിലും വിദേശികളാണ് അഥവാ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ബ്രിക്‌സിറ്റ് ഹിതപരിശോധനയുടെ സമയത്ത് “ലീവ്’ (യൂറോപ്യൻ യൂനിയൻ വിടണമെന്ന് വാദിക്കുന്ന) പക്ഷം’ പറഞ്ഞതൊക്കെ ഈ ഡ്രൈവർ ക്ഷാമത്തിന്റെ കാലത്ത് ഒന്നു കൂടി വായിക്കുന്നത് നല്ലതാണ്. യൂറോപ്യൻ യൂനിയനിൽ അംഗമായത് കൊണ്ടാണ് കുടിയേറ്റ പ്രവാഹം നടക്കുന്നതെന്നും ഇങ്ങനെ വരുന്നവർ തങ്ങളുടെ സമ്പത്തിന്റെ നല്ല പങ്ക് ഒരു സംഭാവനയും തിരിച്ച് നൽകാതെ അടിച്ചുമാറ്റുകയാണെന്നും അന്ന് ചിലർ ആക്രോശിച്ചു. അത് വൈകാരികവും നൂറ്റിപ്പത്ത് വോൾട്ട് ദേശീയതയിൽ അധിഷ്ഠിതവുമായിരുന്നു. അതുകൊണ്ട് കുടിയേറ്റ വിരുദ്ധതയും തീവ്രദേശീയതയും പെട്ടെന്ന് കത്തിപ്പടർന്നു. സാധാരണക്കാരായ മനുഷ്യർ തങ്ങളുടെ ആപേക്ഷിക ദാരിദ്ര്യത്തിന്റെ കാരണം കുടിയേറ്റമാണെന്ന് തെറ്റിദ്ധരിക്കാൻ നിജൽ ഫറാഷിനെപ്പോലുള്ള നേതാക്കളുടെ പ്രചാരണം കാരണമായി. യൂറോപ്യൻ യൂനിയനിൽ തുടർന്നാൽ കൂടുതൽ അഭയാർഥികളെ സ്വീകരിക്കേണ്ടി വരുമെന്നും ഇത് രാജ്യത്ത് തീവ്രവാദ പ്രവണത വർധിക്കുന്നതിന് കാരണമാകുമെന്നും അവർ വാദിച്ചു. ലണ്ടൻ മുൻ മേയർ ബോറിസ് ജോൺസന്റെ മിക്ക പ്രഭാഷണങ്ങളിലും ഈ വാദമാണ് നിറഞ്ഞ് നിന്നിരുന്നത്. ഈ പ്രചാരണത്തിന് ഇസ്‌ലാമോ ഫോബിയയുടെ തലം കൂടിയുണ്ടായിരുന്നു.
ഏതായാലും ഡ്രൈവർമാരില്ലാത്തതിനാൽ തുടങ്ങിയ താത്കാലിക പ്രതിസന്ധി ബ്രിട്ടനെ അക്ഷരാർഥത്തിൽ കട്ടപ്പുറത്താക്കിയിരിക്കുന്നു.
വിസയുണ്ട്, പക്ഷേ…
ഡ്രൈവർമാരുടെ ക്ഷാമം തീർക്കാൻ സൈന്യത്തെ ഇറക്കാനാണ് ബ്രിട്ടീഷ് സർക്കാറിന്റെ തീരുമാനം. മിലിട്ടറി ടാങ്ക് ഡ്രൈവർമാർ എണ്ണ ടാങ്കർ ലോറികൾ ഓടിക്കും. അതിനുള്ള പരിശീലനം അവർക്ക് നൽകും. ക്രിസ്മസിന് മുന്നോടിയായി 5,000 വിദേശ ഇന്ധന ടാങ്കറുകളിറക്കും. അവയുടെ ഡ്രൈവർമാർക്ക് താത്കാലിക വിസ നൽകും. എന്നാൽ ഈ വിസാ വാഗ്ദാനത്തോട് ഇ യുവിലെ ഹെവി ഡ്രൈവർമാർ ആവേശത്തോടെയല്ല പ്രതികരിക്കുന്നത്. “അത് അവരുടെ പ്രശ്‌നമാണ്. ക്രിസ്മസ് ഭംഗിയാക്കാനുള്ള ചെപ്പടി വിദ്യ. ആർക്ക് വേണം ആ താത്കാലിക വിസ?’ എന്നാണ് പോളണ്ടിലെ ഡ്രൈവേഴ്‌സ് യൂനിയൻ നേതാവ് റോയിട്ടേഴ്‌സിനോട് ചോദിച്ചത്.
ഇനി ചൈനയിലേക്ക് വരാം. ചൈനയിലെ വടക്കൻ പ്രവിശ്യകളിലുടനീളം കഴിഞ്ഞയാഴ്ച ട്രാഫിക് സിഗ്നലുകളും സ്ട്രീറ്റ് ലൈറ്റുകളും അണഞ്ഞു, കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കുണ്ടായി. ജനങ്ങൾ പ്രകോപിതരായി. തെറി വിളിച്ചു. പലയിടത്തും ഏറ്റമുട്ടലുണ്ടായി. എന്തുകൊണ്ടാണ് ഈ തെരുവുകൾ ഇരുട്ടിലായത്? പവർ ഗ്രിഡ് തകർന്നോ? ഇല്ല. സർക്കാർ തന്നെ വൈദ്യുതി വിച്ഛേദിച്ചതാണ്. വടക്കുകിഴക്കൻ ചൈനയിലെ ലക്ഷക്കണക്കിന് വീടുകളും ഫാക്ടറികളും ഇരുട്ടിൽ കഴിയുകയാണെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഓർക്കണം, ചൈനയെക്കുറിച്ച് വരുന്ന വാർത്തകൾ മറ്റ് രാജ്യങ്ങളിലെ വാർത്താ ഏജൻസി പറഞ്ഞാൽ ചൈന തള്ളിക്കളയും. ദുഷ്പ്രചാരണമാണെന്ന് പറയും. ഇരുട്ടിലായ കഥ പറയുന്നത് ചൈനയുടെ സ്വന്തം ഗ്ലോബൽ ടൈംസാണ്. കുടിവെള്ള വിതരണം മുതൽ വാർത്താ വിനിമയ സംവിധാനങ്ങൾ വരെ താറുമാറായി. ട്രാഫിക് സിഗ്‌നലുകൾ പോലും പ്രവർത്തിക്കുന്നില്ല. പല മേഖലകളിലും മൊബൈൽ സിഗ്‌നലുകൾ, സി സി ടി വി, എസ്‌കലേറ്റർ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെല്ലാം അവതാളത്തിലായിട്ടുണ്ട്. താപ വൈദ്യുതിയെ വല്ലാതെ ആശ്രയിക്കുന്ന ചൈനയിൽ പ്രതിസന്ധിയുണ്ടാക്കിയത് കൽക്കരി ക്ഷാമമാണ്. കൽക്കരി എത്തിക്കാൻ നിരന്തരമായ ശ്രമം നടക്കുകയാണെന്നും പ്രാദേശിക സർക്കാർ ഇതിന് അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കൽക്കരി വില അമ്പത് ശതമാനം വർധിച്ച് ടണ്ണിന് 1,330 യുവാൻ ആയി ഉയർന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. കൽക്കരി വില ഇത്രയും വർധിക്കുന്നത് ഇതാദ്യമാണ്. താപ വൈദ്യുത നിലയങ്ങളിൽ ഉപയോഗിക്കുന്ന കൽക്കരിക്കൊപ്പം ഗ്യാസിനും കുത്തനെ വില വർധിച്ചിരുന്നു. ചൈനയുടെ പകുതി പ്രദേശങ്ങളും ഊർജ ഉപഭോഗ പരിധി മറികടന്നതും നിയന്ത്രണങ്ങൾക്ക് കാരണമായിട്ടുണ്ട്.
രാജ്യത്തെ വ്യവസായ മേഖലയാണ് ഊർജ പ്രതിസന്ധിയെ തുടർന്ന് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. വ്യവസായങ്ങൾ ധാരാളമുള്ള പ്രവിശ്യകൾ പൂർണമായും ഊർജ പ്രതിസന്ധിയിലാണ്. അലൂമിനിയം, ടെക്‌സ്‌റ്റൈൽസ്, സൊയാബീൻ സംസ്‌കരണ വ്യവസായങ്ങളെല്ലാം അടച്ചുപൂട്ടിയിട്ടുണ്ട്. അതിനിടെ ശീതകാല ഒളിമ്പിക്‌സിന് മുന്നോടിയായി മലിനീകരണം കുറക്കാനുള്ള സർക്കാറിന്റെ ശ്രമമാണ് ഇപ്പോഴത്തെ ഊർജ ഉപയോഗ നിയന്ത്രണമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. കാർബൺ ബഹിർഗമനം കുറക്കാൻ മുൻകൈയെടുക്കുന്ന രാജ്യമെന്ന പ്രശസ്തി നേടാനുള്ള ചൈനയുടെ ശ്രമമായും ഇപ്പോഴത്തെ സംഭവ വികാസങ്ങൾ വിലയിരുത്തപ്പെടുന്നു. ഏതായാലും സർക്കാർ തന്നെയാണ് “സ്വിച്ച് ഓഫ്’ ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. പവർ റേഷനിംഗിലേക്ക് കടന്നിരിക്കുന്നു ചൈന. വടക്കൻ പ്രവിശ്യയിൽ കൽക്കരിയുടെ വിലവർധനയാണെങ്കിൽ തെക്കൻ പ്രവിശ്യയിൽ ജലവൈദ്യുതി ഉത്പാദനത്തിന്റെ കുറവാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.
കൽക്കരി കയറ്റുമതി രാജ്യമായ ഇന്ത്യ ഇപ്പോൾ സന്തോഷിക്കുകയാണ്. നമ്മുടെ കൽക്കരിക്ക് ഡിമാൻഡ് കൂടുമല്ലോ. എന്നാൽ ഇവിടെ ശ്രദ്ധേക്കേണ്ട ഒരു കാര്യമുണ്ട്. വൻ ശക്തികൾക്കാണ് ഈ പ്രതിസന്ധി വന്നിരിക്കുന്നത്. എല്ലാം വിപണിക്ക് വിട്ടുകൊടുക്കന്നതിന്റെ പരിണിത ഫലം കൂടിയാണ് ഇത്.
ലക്കുകെട്ട സ്വകാര്യവത്കണത്തിലേക്കും കമ്പോളവത്കരണത്തിലേക്കും നീങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഇതിൽ പാഠമുണ്ട്. ബ്രിക്‌സിറ്റെന്നും അമേരിക്കാ ഫസ്റ്റെന്നുമൊക്കെ പറഞ്ഞ് അതിർത്തി അടക്കുന്നവർക്കുള്ള ഷോക്ക് ട്രീറ്റ്‌മെന്റുമാണ് ഈ പ്രതിസന്ധികൾ.
source https://www.sirajlive.com/driverless-britain-coalless-china.html
إرسال تعليق