ലഹരി നുരഞ്ഞു പതയുന്ന സ്ഥലമാണ് ബോളിവുഡെന്നത് നേരത്തേ അറിയപ്പെട്ടതാണ്. നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച ധാരാളം വിവരങ്ങളും പുറത്തുവന്നു. ദീപിക പദുകോൺ, ശ്രദ്ധാ കപൂർ, സാറാ അലി ഖാൻ, രാകുൽപ്രീത് സിംഗ്, റിയ ചക്രവർത്തി തുടങ്ങി ബോളിവുഡിലെ മുൻനിര അഭിനേതാക്കളിലേക്കാണ് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ സി ബി) ഉദ്യോഗസ്ഥരെ എത്തിച്ചത്. അമ്പതോളം ബോളിവുഡ് താരങ്ങൾ സംശയത്തിന്റെ നിഴലിലാണെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. കേസിൽ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി ഉൾപ്പെടെ പലരും അറസ്റ്റിലാവുകയും ചെയ്തു. റിയ ചക്രവർത്തിയായിരുന്നുവത്രേ സുശാന്ത് സിംഗിനു ലഹരി മരുന്നുകൾ എത്തിച്ചു കൊടുത്തത്.
മുംബൈ തീരത്ത് ആഡംബര കപ്പലിൽ ശനിയാഴ്ച അർധരാത്രി നടന്ന എൻ സി ബി റെയ്ഡും ബോളിവുഡ്- ലഹരിമാഫിയ ബന്ധത്തിലേക്ക് വെളിച്ചം വീശുന്നു. കൊക്കെയ്ൻ, ഹഷീഷ്, എം ഡി എം എ തുടങ്ങിവയടക്കം കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളാണ്, രഹസ്യ വിവരത്തെ തുടർന്ന് എൻ സി ബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കെഡയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പിടിച്ചെടുത്തത്. ബോളിവുഡ്, ഫാഷൻ, ബിസിനസ്സ് രംഗത്തെ ആളുകളെ ഉൾപ്പെടുത്തി മുംബൈക്കും ഗോവക്കുമിടയിൽ ഒക്ടോബർ രണ്ട് മുതൽ നാല് വരെ, മൂന്ന് ദിവസത്തെ യാത്രക്കായി പുറപ്പെട്ട ആഡംബര കപ്പലിൽ യാത്രക്കാരെന്ന വ്യാജേനയാണ് എൻ സി ബി ഉദ്യോഗസ്ഥർ കയറിയത്. ശനിയാഴ്ച മുംബൈ തീരത്ത് നിന്നു പുറപ്പെട്ട കപ്പൽ നടുക്കടലിൽ എത്തിയപ്പോൾ പാർട്ടി ആരംഭിച്ചു. ഇതോടെ എൻ സി ബി ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിക്കുകയും ചെയ്തു. പാർട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉൾപ്പെടെയാണ് എൻ സി ബി അറസ്റ്റ് ചെയ്തത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ചേർന്ന് ഫാഷൻ ടി വിയാണ് സംഗീത പരിപാടിയെന്ന വ്യാജേന ലഹരി പാർട്ടി ആസൂത്രണം ചെയ്തത്. എൻ സി ബി അറസ്റ്റ് ചെയ്തവരിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ, നടിയും മോഡലുമായ മുൻമുൻ ദാമേച്ച ഉൾപ്പെടെ ബോളിവുഡുമായി ബന്ധപ്പെട്ടവരുമുണ്ടെന്നത് സംഭവത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ആര്യൻ ഖാന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് അദ്ദേഹം പതിവായി മയക്കുമരുന്ന് ഓർഡർ ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി സമുദ്രം ചുറ്റുന്ന കൊർഡിലിയ ക്രൂസിന്റെ ആഡംബര കപ്പൽ എം വി എം പ്രസ് ഒരാഴ്ച മുമ്പ് കൊച്ചിയിലും എത്തിയിരുന്നു.
മൂന്ന് മാസം മുമ്പ് മഹാരാഷ്ട്രയിലെ നാസിക്കിൽ രഹസ്യമായി മയക്കുമരുന്ന് പാർട്ടി നടത്തിയ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴും പിടിയിലായവരിൽ പലരും ബോളിവുഡൂമായി ബന്ധമുള്ളവരായിരുന്നു. മയക്കുമരുന്നുകളും ഹുക്കകളും ഇവരിൽ നിന്ന് പിടിച്ചെടുക്കുകയുമുണ്ടായി. നാസിക്കിലെ സ്‌കൈ താജ്, സ്‌കൈ ലഗൂൺ എന്നീ വില്ലകളിൽ പാർട്ടി നടക്കവേയാണ് അന്നത്തെ റെയ്ഡ്. പോലീസ് സംഘം റെയ്ഡിനെത്തിയപ്പോൾ പിടിയിലായവരെല്ലാം മയക്കുമരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നോട്ടപ്പുള്ളിയായ ബോളിവുഡ് താരം വിവേക് ഒബ്രോയിയുടെ ഭാര്യാസഹോദരൻ ആദിത്യയും. കർണാടകയിലുള്ള ഇയാളുടെ ഫാം ഹൗസിൽ നടത്തിയ മയക്കുമരുന്ന് പാർട്ടിയിൽ കന്നഡ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി തുടങ്ങിയവർ പങ്കെടുത്തിരുന്നു.
ലഹരി മാഫിയക്ക് സിനിമാരംഗത്തുള്ള സ്വാധീനം ബോളിവുഡിൽ പുതിയ കഥയല്ല. പല സിനിമകൾക്കും പണം മുടക്കുന്നതും നടിമാരെ വിതരണം ചെയ്യുന്നതും വരെ ഡ്രഗ് മാഫിയകളായിരിക്കും. കോടികൾ മറിയുന്ന സിനിമാ വ്യവസായത്തിന്റെ സമാന്തര ട്രാക്ക് ആയി, അതിനേക്കാൾ വലിയ ലഹരി വ്യവസായം അതീവ രഹസ്യമായി ക്യാമറക്ക് പിന്നിൽ അരങ്ങേറും. ഹിന്ദി സിനിമാ ലോകത്തെ ലഹരി മാഫിയ സ്വാധീനത്തെക്കുറിച്ച് ബോംബെ മിറർ പോലുള്ള മാധ്യമങ്ങൾ എഴുതിയത്, ഹിന്ദി സിനിമയെ ഡ്രഗ് മാഫിയ വിഴുങ്ങുകയാണെന്നാണ്. എന്നാൽ ബോളിവുഡ് മാത്രമല്ല, മലയാളം ഉൾപ്പെടെ മറ്റ് സിനിമാ മേഖലകളും മയക്കുമരുന്നിൽ മുങ്ങിക്കുളിക്കുകയാണ്. കന്നഡ സിനിമാ ലോകത്തിന് ലഹരിയുമായുള്ള അടുത്ത ബന്ധം, കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷ് തെളിവ് സഹിതം ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ ആന്റി നാർകോട്ടിക്സ് വിഭാഗത്തിന് കൈമാറിയതാണ്. നിരോധിത ലഹരി ഉത്പന്നങ്ങൾ സിനിമാ മേഖലയിൽ വ്യാപകമാണെന്ന് ചില ചാനൽ ചർച്ചകളിലും അദ്ദേഹം പറഞ്ഞിരുന്നു. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് മരിച്ച കേസിലെ ലഹരി ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണവും കന്നഡ സിനിമാ ലോകത്തിന് ലഹരിയുമായുള്ള ബന്ധം പുറത്തു കൊണ്ടുവന്നു. കന്നഡ നടി സഞ്ജന ഗൽറാണി ഉൾപ്പെടെയുള്ളവർ ബെംഗളൂരു ലഹരിക്കടത്ത് കേസിൽ അറസ്റ്റിലാവുകയും ചെയ്തു.
മലയാള സിനിമയിൽ ലഹരിയുടെ സ്വാധീനം വർധിക്കുന്നതായും സിനിമാസെറ്റുകളിൽ ലഹരി പരിശോധന നടത്തണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതാണ്. സിനിമാ സെറ്റുകളെയും നടന്മാരെയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണവും വിൽപ്പനയും വരെ നടക്കുന്നുണ്ടെന്നാണ് പുറത്തു വന്ന വിവരം. കൊച്ചിയിൽ സമീപ കാലത്തായി ഒട്ടേറെ യുവനടന്മാരും നടിമാരും മയക്കുമരുന്നു കേസിൽ പിടിയിലായിരുന്നു. ലഹരിയുടെ വ്യാപനത്തിൽ സിനിമാ ലോകത്തിന്റെ പങ്ക് വലുതാണ്. എന്നാൽ ഈ മേഖലയിൽ കാര്യമായ അന്വേഷണമോ, റെയ്‌ഡോ നടക്കുന്നില്ല. ഒരു ആവേശത്തിന് ചില പരിശോധനകൾ നടത്തും. മാധ്യമ ശ്രദ്ധ നിലച്ചാൽ തുടർ നടപടികളും നിലക്കും. ആത്മാർഥമായ നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിൽ ലഹരിക്കഥകൾക്ക് അറുതിയാകില്ല.
source https://www.sirajlive.com/bollywood-intoxicated.html
إرسال تعليق