ലോകത്തിലെ ആദ്യ മലേറിയ വാക്സീന് ഡബ്ല്യു എച്ച് ഒയുടെ അംഗീകാരം

ന്യൂഡല്‍ഹി| ലോകത്തിലെ ആദ്യ മലേറിയ വാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കുട്ടികള്‍ക്കുള്ള ആര്‍ടിഎസ്, എസ്/എഎസ്01 മലേറിയ പ്രതിരോധ വാക്സീനാണ് അംഗീകാരം ലഭിച്ചത്. ലോകത്തിലെ ആദ്യത്തെ മലേറിയ വാക്സീന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ഡബ്ല്യുഎച്ച്ഒ ശുപാര്‍ശ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് അറിയിച്ചു. ഇത് ചരിത്രനിമിഷമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളത്തില്‍ വളരുന്ന അനോഫിലസ് പെണ്‍ കൊതുകുകളാണ് മലേറിയ പരത്തുന്നത്. രോഗാണു സാന്നിധ്യമുള്ള കൊതുകിന്റെ കടിയേറ്റ് 8 മുതല്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇതാണ് ഇന്‍ക്യുബേഷന്‍ കാലം. ഇടവിട്ടുള്ള കടുത്ത പനിയാണ് രോഗ ലക്ഷണം. തലവേദന, പേശിവേദന, വിശപ്പില്ലായ്മ, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ന്യുമോണിയ, മസ്തിഷ്‌കജ്വരം, മഞ്ഞപ്പിത്തം, രക്തസ്രാവം, വൃക്കകളുടെ തകരാറ് എന്നിവയും സംഭവിക്കാം.

പ്രതിവര്‍ഷം 4,00,000 പേരാണ് മലേറിയ ബാധിച്ച് മരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ആഫ്രിക്കയിലെ കുട്ടികളാണ്. മലേറിയ തടയുന്നതിന് നിലവിലുള്ള സംവിധാനം കൂടാതെ ഈ വാക്സീന്‍ ഉപയോഗിച്ച് കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

 



source https://www.sirajlive.com/who-approves-world-39-s-first-malaria-vaccine.html

Post a Comment

Previous Post Next Post