തൃശൂര്‍/കോട്ടയം | കേരള എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഫായിസ് ഹാഷിം എന്ന തൃശൂര്‍ വടക്കാഞ്ചേരിക്കാരന്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ചിട്ടയായ പഠനത്തിലൂടെയും കഠിന പരിശീലനത്തിലൂടെയും. ദിവസവും ടൈംടേബിള്‍ തയാറാക്കി അത് തെറ്റിക്കാതെയായിരുന്നു പഠനം. പരീക്ഷകള്‍ എഴുതി പരിശീലിച്ചതും എന്‍ട്രന്‍സ് കോച്ചിംഗും റാങ്ക് നേട്ടത്തില്‍ പ്രധാന ഘടകമായി. അധ്യാപകരുടെ മികച്ച സഹായവും പിന്തുണയും ഏറെ സഹായിച്ചുവെന്നും ഫായിസ് ഹാഷിം പറയുന്നു. തൃശൂര്‍ ദേവമാതാ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയായ ഫായിസ് അഖിലേന്ത്യാ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെ ഇ ഇയിലും സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. എന്‍ജിനീയര്‍മാരായ ഹാഷിം-റസിയ ദമ്പതികളുടെ മകനാണ് ഫായിസ്. കമ്പ്യൂട്ടര്‍ സയന്‍സാണ് ഇഷ്ട വിഷയമെന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ റിസര്‍ച്ച് ചെയ്യാനാണ് താത്പര്യമെന്നും ഫായിസ് പറയുന്നു.
രണ്ടാം റാങ്കുകാരന്‍ എം ഹരിശങ്കര്‍ കോട്ടയം കരമല പൂവകുളം സ്വദേശിയാണ്. പാല ചാവറ സിഎംഐ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. പ്രതികൂല സാഹചര്യത്തിലും റാങ്ക് നേടാനായതിന്റെ സന്തോഷത്തിലാണ് കെ എസ് ഇ ബിയില്‍ നിന്നും വിരമിച്ച പി ജി മനോഹരന്റെയും ലേബര്‍ വകുപ്പ് ജീവനക്കാരിയായ പി എസ് ലക്ഷ്മിയുടെയും മകനായ ഹരിശങ്കര്‍. ബ്രില്യന്‍സ് സ്റ്റഡി സെന്ററുമായി ചേര്‍ന്ന് സ്‌കൂളില്‍ തന്നെ നടന്ന എന്‍ട്രന്‍സ് പരിശീലനം റാങ്ക് നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചതായി ഹരിശങ്കര്‍ പറയുന്നു. വീട്ടുകാരും കാര്യമായ പിന്തുണ നല്‍കി. ജെ ഇ ഇ അഡ്വാന്‍സ്ഡ് ഫലം കാത്തിരിക്കുകയാണെന്നും ഏത് എന്‍ജിനീയറിങ് മേഖലയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് അതിന് ശേഷം തീരുമാനിക്കുമെന്നും ഈ മിടുക്കന്‍ പറഞ്ഞു.
source https://www.sirajlive.com/faiz-says-systematic-study-helped-harishankar-is-happy-to-have-achieved-the-rank-even-in-adverse-circumstances.html
Post a Comment