ലഖിംപുര്‍ ഖേരി: കേസുമായി ബന്ധപ്പെട്ട് യു.പി സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി| ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരുടെ ദേഹത്തേക്ക് വാഹനം കയറ്റി കൊല ചെയ്ത സംഭവത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി യു.പി സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. നാളെ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ആര്‍ക്കൊക്കെ എതിരെയാണ് കേസ് എന്നും അവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വേണമെന്ന് കോടതി നിര്‍ദേശിച്ചു.

കൊല്ലപ്പെട്ട 19കാരനായ ലവ്പ്രീത് സിങ്ങിന്റെ അസുഖബാധിതയായ മാതാവിന് ആവശ്യമായ ചികിത്സ നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കര്‍ഷകരുടെ കൊലപാതകത്തില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യു.പിയിലെ രണ്ട് അഭിഭാഷകര്‍ ഹരജി നല്‍കിയിരുന്നു. ഇതിനു പുറമെ സുപ്രീംകോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.



source https://www.sirajlive.com/lakhimpur-kheri-the-supreme-court-has-sought-a-report-from-the-up-government-in-connection-with-the-case.html

Post a Comment

Previous Post Next Post