ലഖിംപുര്‍ സംഭവം ഇന്ന് സുപ്രീം കോടതിയില്‍; പരിഗണിക്കുന്നത് സ്വമേധയാ എടുത്ത കേസ്

ന്യൂഡല്‍ഹി | യു പിയിലെ ലഖിംപുരില്‍ സമരം നടത്തിക്കൊണ്ടിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവം ഇന്ന് സുപ്രീം കോടതിയില്‍. സ്വമേധയാ എടുത്ത കേസാണ് പരമോന്നത കോടതി പരിഗണിക്കുന്നത്. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ അന്വേഷണം സി ബി ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശിലെ രണ്ട് അഭിഭാഷകര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും മകന്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷക സംഘടനകള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭത്തിന് തിരികൊളുത്തുമെന്ന് കേന്ദ്ര സര്‍ക്കാറിനും ഉത്തര്‍ പ്രദേശ് സര്‍ക്കാറിനും കര്‍ഷകര്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
ലഖിംപൂര്‍ ഖേരി സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ അജയ് മിശ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അജയ് മിശ്ര ലഖിംപുര്‍ സന്ദര്‍ശിക്കുന്ന വേളയില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരുടെ നേര്‍ക്ക് അദ്ദേഹത്തിന്റെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ ഒമ്പത് പേരുടെ ജീവനാണ് ഈ ക്രൂരതയില്‍ പൊലിഞ്ഞത്. മന്ത്രിയുടെ അകമ്പടി വാഹനങ്ങളിലൊന്നാണ് പ്രതിഷേധിച്ചവര്‍ക്ക് നേരെ ഓടിച്ചു കയറ്റിയത്.

 

 

 



source https://www.sirajlive.com/lakhimpur-incident-in-supreme-court-today-considered-a-case-taken-voluntarily.html

Post a Comment

أحدث أقدم