കോഴിക്കോട് | ന്യൂനപക്ഷ പദവിക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്്ടറേറ്റിന് കീഴിലുള്ള കോമ്പിറ്റൻസ് അതോറിറ്റി മുമ്പാകെ സമർപ്പിച്ച 30 ശതമാനം അപേക്ഷകളിൽ ന്യൂനതകൾ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സമർപ്പിച്ച 400 അപേക്ഷകളിലാണ് ന്യൂനതകൾ കണ്ടെത്തിയത്. എന്നാൽ, ന്യൂനതകളില്ലാത്ത 70 ശതമാനം അപേക്ഷകളിലും എൻ ഒ സി നൽകാൻ തീരുമാനമായി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി നിശ്ചയിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച കോമ്പിറ്റൻസ് അതോറിറ്റിയായി ന്യൂനപക്ഷ ക്ഷേമ ഡയറക്്ടർ ഡോ. എ ബി മൊയ്തീൻ കുട്ടിയെ നേരത്തേ നിയമിച്ചിരുന്നു. അതോറിറ്റി നൽകുന്ന എൻ ഒ സിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ന്യൂനപക്ഷ പദവി അനുവദിക്കുക. ഒന്നാം പിണറായി സർക്കാർ ന്യൂനപക്ഷ പദവി നേടിയെടുക്കാനുള്ള നടപടികൾ ലളിതമാക്കിയതോടെ അർഹത ഉണ്ടായിട്ടും മുമ്പ് നിരസിക്കപ്പെട്ട നിരവധി അപേക്ഷകളിൽ തീർപ്പാക്കാനായി. രണ്ടാം പിണറായി സർക്കാർ ന്യൂനപക്ഷ പദവി നേടിയെടുക്കാനുള്ള നടപടികൾ വീണ്ടും ലളിതവത്കരിക്കുകയാണ്. എല്ലാ അപേക്ഷകളിലും പരിശോധന നടത്തി അർഹരായവർക്ക് ന്യൂനപക്ഷ പദവി നൽകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സമർപ്പിക്കപ്പെട്ട 400 അപേക്ഷകളിൽ 30 ശതമാനത്തിലാണ് ഇപ്പോൾ ന്യൂനതകൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ അപേക്ഷകൾ തള്ളിയിട്ടില്ല. ഇവർക്ക് ന്യൂനതകൾ പരിഹരിച്ച് വീണ്ടും അപേക്ഷ നൽകാൻ അനുമതി നൽകിയിരിക്കുകയാണ്.
സ്ഥാപനത്തിന്റെയോ സംഘടനയുടെയോ ഭരണഘടനയിൽ പ്രാഥമികമായി ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് വേണ്ടി എന്ന് പ്രതിഫലിക്കാത്ത അപേക്ഷകളിലാണ് മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങൾ സ്ഥാപിക്കുകയും നടത്തിക്കൊണ്ടുപോകുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ന്യൂനപക്ഷ പദവി ലഭിക്കാൻ അർഹതയുള്ളത്. ഭരണഘടനയിൽ പ്രാഥമികമായി ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് വേണ്ടി എന്ന് വ്യക്തമാക്കുകയും വേണം.
ന്യൂനപക്ഷ പദവി സമർപ്പിക്കാനുള്ള നടപടികൾ ഇനി ഓൺലൈൻ സംവിധാനത്തിലേക്ക് വരികയാണ്. ഇതിന്റെ ട്രയലുകൾ നടന്നുവരുന്നു. അടുത്ത മാസം 18ന് ഉദ്ഘാടനം ചെയ്യാനാണ് നടപടിയാകുന്നത്.
അതേസമയം, ന്യൂനപക്ഷപദവിക്കായി നേരത്തേ കേന്ദ്രത്തിൽ നൽകിയ അപേക്ഷകളുടെ കാര്യത്തിൽ സംസ്ഥാനത്ത് തീരുമാനമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി വേണം. ഇത്തരം അപേക്ഷകളിൽ കേന്ദ്രത്തിന്റെ അനുമതി പത്രം ലഭിക്കുന്ന പക്ഷം ന്യൂനപക്ഷ പദവി നൽകാനാണ് തീരുമാനം. സംസ്ഥാനത്ത് തന്നെ ന്യൂനപക്ഷ പദവിക്കായി അപേക്ഷ സമർപ്പിക്കാനുള്ള നടപടികളായത് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന അധികൃതർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
source https://www.sirajlive.com/application-for-minority-status-defect-in-30-percent.html
Post a Comment