മഥുര | ഉത്തർ പ്രദേശിലെ മഥുരയിൽ വർഗീയ കലാപത്തിന് ശ്രമിച്ച് അഖിൽ ഭാരത് ഹിന്ദു മഹാസഭ. ശാഹി ഈദ് ഗാഹ് മസ്ജിദിൽ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ജില്ലാ ഭരണകൂടം മഥുരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് ശാഹി ഈദ്ഗാഹ് മസ്ജിദ് നിർമിച്ചെതെന്നാരോപിച്ചാണ് അഖിൽ ഭാരത് ഹിന്ദു മഹാസഭ വർഗീയ സംഘർഷത്തിന് ശ്രമിക്കുന്നത്.
മഥുരയിലെ സമാധാനവും ഐക്യവും തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നവനീത് സിംഗ് ചാഹൽ പറഞ്ഞു. ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്ത് നിന്ന് മസ്ജിദ് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് വിശ്രം ഘട്ടിൽ നിന്ന് മാർച്ച് നടത്തുമെന്ന് തീവ്രവലതുപക്ഷ സംഘടനയായ നാരായണി സേനയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
സി ആർ പി സി 144 പ്രഖ്യാപിച്ചതിനാൽ നാലോ അതിലധികമോ ആളുകൾ കൂടിനിൽക്കരുതെന്ന് പോലീസ് അറിയിച്ചു. നാരായണി സേന സെക്രട്ടറി അമിത് മിശ്രയെ മഥുരയിലെ കോട്ട്്വാലിയിൽ കരുതൽ തടങ്കലിലാക്കിയതായും പോലീസ് അറിയിച്ചു.
ജില്ലാ പോലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവറുമൊത്ത് ഇരുമതസ്ഥരുടേയും ആരാധനാലയങ്ങളായ കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെയും ശാഹി ഈദ്ഗാഹ് മസ്ജിദിന്റെയും സുരക്ഷ വിലയിരുത്തിയതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. മസ്ജിദിൽ വിഗ്രഹം സ്ഥാപിച്ച് മതസ്പർധ വളർത്താനുള്ള മഹാസഭയുടെ തീരുമാനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബർ ആറിന് മഹാ ജലാഭിഷേകത്തോടെ ശാഹി മസ്ജിദിൽ വിഗ്രഹം സ്ഥാപിക്കുമെന്ന് നേരത്തേ ഹിന്ദുമഹാസഭാ നേതാവ് രാജ്യശ്രീ ചൗധരിയും പ്രഖ്യാപിച്ചിരുന്നു. 1992ൽ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കപ്പെട്ട തീയതിയാണിത്.
നേരത്തേ, പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി മഥുര കോടതി തള്ളിയിരുന്നു. ശ്രീ കൃഷ്ണ ജന്മഭൂമി എന്ന് കരുതുന്ന പ്രദേശത്തുള്ള ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്താണ് മുഗൾ ചക്രവർത്തിയായ ഔറംഗസീബ് പള്ളി നിർമിച്ചതെന്നായിരുന്നു ഹരജിക്കാരുടെ വാദം. മഥുരയിൽ കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ശാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് പ്രാദേശിക കോടതിയിൽ ഹരജി നിലനിൽക്കുന്നുണ്ട്.
1991ലെ ആരാധനാസ്ഥല നിയമം ചൂണ്ടിക്കാട്ടിയാണ് മഥുര കോടതി ഹരജി തള്ളിയത്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ രാജ്യത്തെ ആരാധനാലയങ്ങൾ എപ്രകാരമായിരുന്നോ ആ അവസ്ഥക്ക് മാറ്റംവരുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഹരജികളെ കോടതികൾ പ്രോത്സാഹിപ്പിക്കരുതെന്നാണ് നിയമം അനുശാസിക്കുന്നത്. അതേസമയം, ബാബരി ഭൂമിയിലെ അവകാശ വാദത്തെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
source https://www.sirajlive.com/krishna-idol-to-be-installed-at-shahi-eid-gah-masjid-hindu-mahasabha-with-riot-attempt.html
Post a Comment