ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷം; വായുനിലവാര സൂചിക 450ന് മുകളില്‍

ന്യൂഡല്‍ഹി| ദീപാവലി പിറ്റേന്ന് ഡല്‍ഹിയും പ്രാന്തപ്രദേശങ്ങളും കടുത്ത മൂടല്‍മഞ്ഞ് പോലുള്ള പുക കൊണ്ട് മൂടിയ നിലയില്‍. സംസ്ഥാനസര്‍ക്കാര്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ട് പോലും അര്‍ദ്ധരാത്രി വരെ ആളുകള്‍ പടക്കം പൊട്ടിക്കുന്നത് തുടര്‍ന്നിരുന്നു. കേന്ദ്രമലിനീകരണ നിയന്ത്രണബോര്‍ഡ് പുറത്തുവിട്ട കണക്ക് പ്രകാരം ഡല്‍ഹിയിലെ എല്ലാ വായുമലിനീകരണ നിരീക്ഷണകേന്ദ്രങ്ങളിലും വായുനിലവാരസൂചിക 450ന് മുകളിലാണ്.

വ്യാഴാഴ്ച വൈകിട്ട് 4 മണി ആകുമ്പോഴേക്കും ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക 382-ല്‍ എത്തിയിരുന്നു. രാത്രി 8 മണിയോടെ ഇത് ഗുരുതരാവസ്ഥയിലെത്തി. തണുപ്പും, കാറ്റിന്റെ വേഗതക്കുറവും മലിനീകരണത്തോത് കൂട്ടി. ഫരീദാബാദ് (424), ഗാസിയാബാദ് (442), ഗുഡ്ഗാവ് (423), നോയ്ഡ (431) എന്നിവിടങ്ങളില്‍ രാത്രി 9 മണിയോടെ സ്ഥിതി ഗുരുതരമായി. ഇന്നും ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും വായുഗുണനിലവാരം താഴ്ന്ന് തന്നെ തുടരുമെന്ന് ‘സഫര്‍'(സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്റ് വെദര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസെര്‍ച്ച്) മുന്നറിയിപ്പ് നല്‍കുന്നു. വായുഗുണനിലവാരസൂചിക 301 മുതല്‍ 400 വരെയായാല്‍ വളരെ മോശം സ്ഥിതിയെന്നും, 401 മുതല്‍ 500 വരെ ഗുരുതരാവസ്ഥയെന്നുമാണ് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ കണക്ക്.

ഒക്ടോബര്‍ 27 മുതല്‍ ദീപാവലിക്ക് മുന്നോടിയായി ഡല്‍ഹി സര്‍ക്കാര്‍ ‘പടക്കമല്ല, ദീപങ്ങള്‍ തെളിയിക്കൂ’ എന്ന പ്രചാരണപരിപാടി അടക്കം തുടങ്ങിയിരുന്നു. പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ എക്‌സ്‌പ്ലോസീവ്‌സ് ആക്ടും മറ്റ് ഐപിസി ചട്ടങ്ങളും പ്രകാരം കേസെടുക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതുവരെ സര്‍ക്കാര്‍ 13,000 കിലോ അനധികൃത പടക്കങ്ങള്‍ പിടിച്ചെടുക്കുകയും 33 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 



source https://www.sirajlive.com/air-pollution-in-delhi-is-high-air-quality-index-above-450.html

Post a Comment

Previous Post Next Post