ഹായ് ഗൂഗിൾ; പോലീസ് സേവനം ഇനി സെക്കൻഡുകൾക്കുള്ളിൽ

കോഴിക്കോട് | നിങ്ങൾ ഒരു യാത്രയിലാണ്. കൺമുന്നിൽ അപകടകരമാം വിധം ഒരാൾ വണ്ടി ഓടിക്കുന്നു, അല്ലെങ്കിൽ ഒരാളെ കാണാതായിരിക്കുന്നു, സ്ത്രീകൾക്കെതിരെ അക്രമം നടന്നിരിക്കുന്നു എന്നു വേണ്ട എതു തരത്തിലുള്ള പ്രയാസങ്ങൾ നേരിട്ടാലും നിങ്ങൾക്കൊപ്പം ഇനി മുതൽ കേരള പോലീസിന്റെ സൈബർ ഡോം ഉണ്ടാകും. സ്വാഭാവികമായും യാത്രയിലായിരിക്കുമ്പോൾ ആരെ വിളിക്കണമെന്നോ അടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതെന്നോ ആർക്കും അറിഞ്ഞു കൊള്ളണമെന്നില്ല. എന്നാൽ, ഒരു ആൻഡ്രോ യ്ഡ് ഫോണും ഇന്റർനെറ്റ് കണക്‌ഷനും ഉണ്ടെങ്കിൽ വെറും സെക്കൻഡുകൾക്കുള്ളിൽ ഈ പ്രശ്‌നങ്ങൾക്കെല്ലാം സൈബർഡോമിന്റെ പുതിയ കേരള പോലീസ് അസിസ്റ്റന്റ് സംവിധാനം നിങ്ങൾക്ക് തുണയാകാനെത്തും.

ഹായ് ഗൂഗിൾ എന്നു വിളിച്ച് നിങ്ങളുടെ ഫോണിലെ ഗൂഗിൾ അസിസ്റ്റന്റ് ആക്ടിവേറ്റ് ചെയ്യുകയാണ് ഒരു മാർഗം. ഒരു പക്ഷേ ഈ രീതിയിൽ സാധിച്ചില്ലെങ്കിൽ ഫോണിലെ ഹോംബട്ടൺ മൂന്ന് സെക്കൻഡ് മാത്രം പ്രസ്സ് ചെയ്ത് ഹായ് ഗൂഗിൾ എന്ന് പറഞ്ഞാൽ ഗൂഗിളിൽ നിന്നുള്ള ചോദ്യത്തിനുത്തരമായി ടോക് ടു കേരള പോലീസ് എന്ന് പറയുക. അപ്പോൾ നിങ്ങൾക്ക് കേരള പോലീസിന്റെ പോർട്ടലിൽ കയറാൻ സാധിക്കും. അശ്രദ്ധമായ ഡ്രൈവിംഗിനെക്കുറിച്ചാണ് നിങ്ങൾക്ക് പരാതിപ്പെടാനുള്ളതെങ്കിൽ Rash driving എന്നോ കുട്ടികൾക്കെതിരായ അതിക്രമമാണെങ്കിൽ Child Abuse എന്നോ ലൈംഗിക അതിക്രമമാണെങ്കിൽ sexual Abuse എന്നോ പറഞ്ഞാൽ നിങ്ങൾക്ക് ആവശ്യമായ സേവനമോ അല്ലെങ്കിൽ മാർഗനിർദേശമോ പോലീസ് പോർട്ടലിൽ നിന്ന് ലഭിക്കും.

ഈ സേവനം ലഭ്യമാക്കാൻ ഒരു തരത്തിലുള്ള ആപ്ലിക്കേഷനുകളും ഡൗൺലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല എന്നതാണ് പ്രത്യേകത. പൊതുജനങ്ങൾക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ പാകത്തിലുള്ള സംവിധാനം ഇന്ത്യയിൽ ആദ്യമായാണ് നിലവിൽ വരുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന സൈബർഡോം ഗവേഷണ സ്ഥാപനം കൂടിയാണ്. സൈബർ ഡോമിന്റെ കോഴിക്കോട് എഡിഷനാണ് ചാറ്റ് ബോട്ടിന്റെ ശിൽപ്പികൾ. ഇന്നലെ കോഴിക്കോട് പോലീസ് ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് സേവനം ഉദ്ഘാടനം ചെയ്തു. സൈബർ ഡോം അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് നിയാസ്, നിഖിൽ എസ്, സുജിത് ഒ, അശ്വിൻ ടി, അഭിലാഷ് കെ, ശിവകുമാർ പി, ശ്രീഖിൽ കെ എസ്, ശബീഹ്ബിൻ ശക്കീർ, ശ്രീലാൽ എന്നിവരടങ്ങിയ ടീമാണ് പോലീസ് അസിസ്റ്റന്റ് ചാറ്റ്‌ബോട്ട് സംവിധാനത്തിന്റെ മുഖ്യ ശിൽപ്പികൾ.



source https://www.sirajlive.com/hi-google-police-service-in-seconds.html

Post a Comment

Previous Post Next Post