കണ്ണൂർ | കേരളത്തിലെ ഏക മുസ്്ലിം രാജവംശമായ അറക്കലിന്റെ സുൽത്താൻ പദവി പുരുഷനിലേക്ക് എത്തുന്നു. അറക്കൽ രാജ കുടുംബത്തിന്റെ 39ാമത് അധികാരിയായിരുന്ന സുൽത്താന ആദിരാജ മറിയുമ്മ ചെറിയ ബീകുഞ്ഞി ബീവിയുടെ വിയോഗത്തെ തുടർന്നാണ് അറക്കലിന്റെ ആധിപത്യം പുരുഷനിലേക്ക് നീങ്ങുന്നത്.
പരേതനായ ടി ഉമർ കുട്ടി ഇളയയുടെയും ഖദീജ അലിയാസ് ഉമ്പിച്ചി ബീവിയുടെയും മകനായ ആദിരാജ ഹാമിദ് ഹുസൈൻ കോയമ്മ (80) പുതിയ കിരീടാവകാശിയാകും. 23 വർഷത്തെ ഇടവേളക്ക് ശേഷമാണ് അറക്കൽ രാജവംശത്തിന്റെ സുൽത്താൻ പദവി പുരുഷനിലേക്ക് ചെന്നെത്തുന്നത്. 1980 മുതൽ 98 വരെ ദീർഘകാലം പദവി വഹിച്ചിരുന്നത് സുൽത്താൻ ഹംസ അലി രാജയായിരുന്നു. പിന്നീടിങ്ങോട്ട് കഴിഞ്ഞ 23 വർഷമായി സ്ത്രീകളാണ് താവഴിയായി സ്ഥാനത്തെത്തിയത്.
അറക്കൽ കൊട്ടാരത്തിൽ പിന്തുടർന്നു പോന്നിരുന്ന സമ്പ്രദായം മരുമക്കത്തായമായിരുന്നു. അധികാരി സ്ത്രീയാണെങ്കിൽ അറക്കൽ ബീവി എന്നും പുരുഷനാണെങ്കിൽ അലിരാജ എന്നുമുള്ള സ്ഥാനപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. പെൺ താവഴിയനുസരിച്ച് പുരുഷനും സ്ത്രീയും പരസ്പരം സിംഹാസനങ്ങളിലെത്തി. ഹറാബിച്ചി കടവൂമ്പി (1728-1732), ജനൂമ്മാബി (1732-1745), ജുനൂമ്മാബി (1777-1819), മറിയം ബീ (1819-1838), ആഇശ ബീ (1838-1862), ഇമ്പിച്ചി ബീവി (1907-1911), ആഇശ ബീവി (1921-1931), മറിയുമ്മ ബീവി (1946-1957), ആമിന ബീവി തങ്ങൾ (1957-1980), ആഇശ മുത്തു ബീവി (1998-2006) സൈനബ ആഇശ ബീവി (2006-2019) ആദിരാജ മറിയം ചെറിയ ബീകുഞ്ഞി ബീവി (2019-2021) എന്നിവരായിരുന്നു ഇതുവരെ അറക്കൽ കിരീടാവകാശികളായ വനിതകൾ. 39 കിരീടാവകാശികളിൽ 13 പേരും സ്ത്രീകളായിരുന്നു.
കണ്ണൂരിലെ വിവിധ പള്ളികളുടെ ഖാദി സ്ഥാനവും, പള്ളികളുടെ മുത്തവല്ലി സ്ഥാനവും, അറക്കൽ കുടുംബ സ്വത്തുകളുടെയും പൈതൃക ശേഷിപ്പുകളുടെയും അധികാര സ്ഥാനവും ഉൾപ്പെടെ അറക്കലിന്റെ അധികാര പരിധിയിലുണ്ട്. പുതുതായി സ്ഥാനാരോഹിതനാകുന്ന ആദിരാജ ഹാമിദ് ഹുസൈൻ കോയമ്മയാണ് ഇനി അറക്കൽ കൊട്ടാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളുക. രാജഭരണക്കാലമല്ലെങ്കിലും പാരമ്പര്യത്തിന്റെ ഭാഗമായാണ് കിരീടവകാശം കൈമാറുന്നത്. താണയിലെ ഷാസ് വസതിയിലാണ് പുതിയ കിരീടവകാശി താമസിക്കുന്നത്. മലഞ്ചരക്ക് വ്യാപാരിയായിരുന്നു. പരേതയായ കല്ലാപുതിയവീട്ടിൽ ഷഹീദയാണ് ഭാര്യ. മകൻ ഇബ്രഹീം ഷമീസ്. സഹോദരങ്ങൾ പരേതനായ ആദിരാജ ഇസ്മാഈൽ കോയമ്മ, സഹോദരിമാർ പരേതയായ സക്കീന ആദിരാജ, ഖദീജ ആദിരാജ, ഖൈറുന്നിസ ആദിരാജ.
source https://www.sirajlive.com/the-power-of-shouting-now-belongs-to-men.html
إرسال تعليق