മഴ തുടരും; ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും പുതിയ ന്യൂനമർദം

തിരുവനന്തപുരം | ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ കോമറിൻ ഭാഗത്തും ശ്രീലങ്ക തീരത്തിന് സമീപവുമായി നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടലിൽ പ്രവേശിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി വടക്കു കിഴക്കൻ കാറ്റ് തെക്ക് ആന്ധ്ര- തമിഴ്നാട് തീരങ്ങളിൽ ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള മഴയാണ് ഇവിടങ്ങളിൽ പ്രതീക്ഷിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രത നൽകിയ ജില്ലകളിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ഓറഞ്ച് ജാഗ്രതക്ക് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

അതേസമയം, ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. പടിഞ്ഞാറ്- വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം തുടർന്നുള്ള 48 മണിക്കൂറിൽ തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. നാളെയോടെ മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്രാ തീരത്തും പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇന്ന് കേരള- കർണാടക-ഗോവ തീരങ്ങളിലും തെക്ക് ആൻഡമാൻ കടൽ, അതിനോട് ചേർന്ന തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്ക്- കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ഇതിന് പുറമെ നാളെ തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ-കിഴക്കൻ അറബിക്കടൽ, വടക്ക്-കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന ഗുജറാത്ത്-മഹാരാഷ്ട്ര തീരങ്ങൾ എന്നിവിടങ്ങളിലും ഡിസംബർ രണ്ടിന് മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടലിലും വടക്ക്- കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടലിലും ഗുജറാത്ത്- മഹാരാഷ്ട്രാ തീരങ്ങളിലും മൂന്നിന് മധ്യ- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരങ്ങളിലും മധ്യ- കിഴക്കൻ അറബിക്കടൽ, ഗുജറാത്തിന്റെ തെക്കൻ തീരങ്ങൾ, മഹാരാഷ്ട്രയുടെ വടക്കൻ തീരങ്ങൾ എന്നിവിടങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി
യിട്ടുണ്ട്.



source https://www.sirajlive.com/the-rain-will-continue-new-low-pressure-in-the-bay-of-bengal-and-the-arabian-sea.html

Post a Comment

أحدث أقدم