കൊടിയ തണുപ്പും ചൂടും അവഗണിച്ച് ഒരു വര്‍ഷമായി കര്‍ഷകര്‍ നടത്തി വരുന്ന സമരം ഒടുവില്‍ വിജയം കാണുകയാണ്. കര്‍ഷകരെ സമരത്തിലേക്ക് തള്ളിവിട്ട വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. മൂന്ന് വിവാദ നിയമങ്ങളും പിന്‍വലിക്കുമെന്നും ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും ഇന്നലെ ഗുരുനാനാക് ദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസ്സിലാക്കാനായി. അവരുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാന്‍ പ്രത്യേക സമിതി നിലവില്‍ വരുമെന്നും കേന്ദ്ര സര്‍ക്കാറിന്റെയും കര്‍ഷക സംഘടനകളുടെയും പ്രതിനിധികള്‍ക്ക് സമിതിയില്‍ പ്രാതിനിധ്യമുണ്ടാകുമെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, സമരം അവസാനിപ്പിക്കാന്‍ സമരക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, സമരം അടിയന്തരമായി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിവാദ നിയമങ്ങള്‍ പാര്‍ലിമെന്റ്റദ്ദാക്കുന്നത് വരെ കാത്തിരിക്കുമെന്നുമാണ് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്ത് ഇതേക്കുറിച്ച് പ്രതികരിച്ചത്. താങ്ങുവില അടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒറ്റയടിക്ക് റദ്ദാക്കാനാകില്ല പാര്‍ലിമെന്റ് പാസ്സാക്കി രാഷ്ട്രപതി ഒപ്പ് വെച്ച ഒരു നിയമം. അതിനു ചില നടപടി ക്രമങ്ങളുണ്ട്. നിയമം പാസ്സാക്കിയെടുക്കുന്നതുപോലെ തന്നെ റദ്ദാക്കാനും പാര്‍ലിമെന്റിനാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 245 പ്രകാരം അധികാരം. നിയമം പാസ്സാക്കുന്നതിന് സമാനമായ നടപടിക്രമങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമാണ്. പാര്‍ലിമെന്റിന്റെ ഇരു സഭകളിലും പിന്‍വലിക്കാനുള്ള ബില്‍ പാസ്സാക്കുകയും രാഷ്ട്രപതി ഒപ്പ് വെക്കുകയും വേണം. പിന്‍വലിക്കാനുള്ള ശിപാര്‍ശ കേന്ദ്ര നിയമ വകുപ്പിന് അയച്ചുകൊടുക്കുകയും പിന്‍വലിക്കുന്നത് സംബന്ധിച്ച നിയമവശങ്ങള്‍ നിയമ മന്ത്രാലയം പരിശോധിക്കുകയും വേണം. ഇരു സഭകളും പാസ്സാക്കിയ ബില്‍ അനന്തരം രാഷ്ട്രപതി ഒപ്പ് വെച്ചെങ്കിലേ റദ്ദാക്കല്‍ പ്രാബല്യത്തില്‍ വരികയുള്ളൂ. റദ്ദാക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൊവിഡ് വ്യാപനത്തിനിടെ രാജ്യം ലോക്ക്ഡൗണിലായിരുന്ന ഘട്ടത്തിലാണ് മോദി സര്‍ക്കാര്‍ വിവാദമായ മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ മതിയായ ചര്‍ച്ച കൂടാതെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെ പാര്‍ലിമെന്റില്‍ പാസ്സാക്കിയത്. 2020 ജൂണ്‍ അഞ്ചിന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് മുഖേന പ്രഖ്യാപിച്ച നിയമങ്ങള്‍ പ്രതിപക്ഷ എതിര്‍പ്പുകളെ മറികടന്ന് ലോക്‌സഭ സെപ്തംബര്‍ 17നും രാജ്യസഭ 20നും അംഗീകരിച്ചു. കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും സംബന്ധിച്ച ഓര്‍ഡിനന്‍സ്, വില ഉറപ്പും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറിനായുള്ള ഓര്‍ഡിനന്‍സ്, അവശ്യവസ്തു നിയമ ഭേദഗതിക്കുള്ള ഓര്‍ഡിനന്‍സ് എന്നിവയാണ് വിവാദ നിയമങ്ങള്‍.
കര്‍ഷകര്‍ക്ക് ഗുണകരവും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ സഹായകവും എന്ന അവകാശവാദത്തോടെയായിരുന്നു സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതെങ്കിലും കര്‍ഷകര്‍ക്ക് ദോഷകരമാണ് നിയമത്തിലെ വ്യവസ്ഥകളില്‍ പലതും. നിലവില്‍ കാര്‍ഷികോത്പന്ന കമ്പോള സമിതി (എ പി എം സി ആക്ട്)യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മണ്ഡികളിലാണ് (ചന്തകള്‍) കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. മണ്ഡികളുടെ പുറത്ത് ഉത്പന്നങ്ങള്‍ വില്‍ക്കാമെന്നതാണ് കേന്ദ്രം പുതുതായി കൊണ്ടുവന്ന കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും (അഭിവൃദ്ധിയും സൗകര്യമൊരുക്കലും) സംബന്ധിച്ച നിയമത്തിലെ ഒരു വ്യവസ്ഥ. കാര്‍ഷികോത്പന്ന കമ്പോള സമിതിയുടെ ചന്തകള്‍ ഇല്ലാതാകുകയായിരിക്കും ഇതിന്റെ അനന്തര ഫലം. ഇതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് തുച്ഛമായ വിലക്ക് വില്‍ക്കേണ്ടി വരും.
സമാനമായ വേറെയും കര്‍ഷകദ്രോഹ വ്യവസ്ഥകളുണ്ട് പുതിയ നിയമങ്ങളില്‍. ഇതു തിരിച്ചറിഞ്ഞ കര്‍ഷകര്‍ വിശിഷ്യാ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷക സംഘടനകള്‍ താമസിയാതെ സമര രംഗത്തേക്കിറങ്ങി. 2020 നവംബര്‍ 26നാണ് അവര്‍ സമരത്തിനു തുടക്കം കുറിച്ചത്. സംസ്ഥാനങ്ങളില്‍ ആരംഭിച്ച പ്രക്ഷോഭം പിന്നീട് കൂടുതല്‍ ശക്തമാക്കാനായി ഡല്‍ഹിയിലേക്ക് നീങ്ങി. വഴിക്ക് അംബാലയില്‍ വെച്ച് ഹരിയാന സര്‍ക്കാര്‍ ജലപീരങ്കിയും ലാത്തിചാര്‍ജും നടത്തി കര്‍ഷകരെ തടയാന്‍ ശ്രമിച്ചെങ്കിലും ആയിരക്കണക്കിന് ട്രാക്ടറുകളും ട്രക്കുകളും അണിനിരത്തി സര്‍ക്കാര്‍ പ്രതിരോധങ്ങളെ കര്‍ഷകര്‍ ചെറുത്തു തോല്‍പ്പിച്ചു. സമരം രൂക്ഷമായി തുടരവെ, കര്‍ഷക നേതാക്കളുമായി സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തുകയും നിയമങ്ങളില്‍ ചില ഭേദഗതികള്‍ കൊണ്ടുവരാമെന്ന് അറിയിക്കുകയും ചെയ്‌തെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കര്‍ഷക സംഘടനകള്‍.
കേരളം, തമിഴ്നാട്, ബംഗാള്‍ തിരഞ്ഞെടുപ്പുകളിലും കഴിഞ്ഞ മാസം നടന്ന പാര്‍ലിമെന്റ്-അസംബ്ലി ഉപതിരഞ്ഞെടുപ്പുകളിലും ബി ജെ പിക്കേറ്റ കടുത്ത തിരിച്ചടിയും ആസന്നമായ യു പി, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുമാണ് നിയമങ്ങള്‍ പിന്‍വലിക്കാന്‍ സന്നദ്ധമായതെങ്കിലും ജനാധിപത്യ വിശ്വാസികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതാണ് മോദി സര്‍ക്കാറിന്റെ ഈ മുട്ടുമടക്കല്‍. മൃഗീയ ഭൂരിപക്ഷത്തിന്റെ അഹന്തയില്‍ ഏകപക്ഷീയമായി കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയായി വേണം കര്‍ഷക സമര വിജയത്തെ കാണാന്‍. ജനാധിപത്യ ഭരണ സംവിധാനത്തില്‍ ജനവികാരം അവഗണിച്ച് ഒരു ഭരണകൂടത്തിനും മുന്നോട്ടു പോകാനാകില്ലെന്നും കരിനിയമങ്ങള്‍ ചാര്‍ത്തിയും നിയമ പാലകരുടെ ഉരുക്കുമുഷ്ടി ഉപയോഗിച്ചും എക്കാലവും ജനവികാരത്തെ നിര്‍വീര്യമാക്കാനാകില്ലെന്നുമുള്ള പാഠമാണ് ഇത് നല്‍കുന്നത്.
source https://www.sirajlive.com/the-victory-of-democracy-over-dictatorship.html
Post a Comment