അധികാരിയെ മുട്ടുകുത്തിക്കുമ്പോള്‍

രാജയങ്ങളുടെ രുചി അറിഞ്ഞുതുടങ്ങുകയാണോ സര്‍വാധികാരം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കര്‍ഷകരോട്, പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയുമ്പോള്‍ അങ്ങനെ ചിന്തിക്കാന്‍ കാരണങ്ങളുണ്ട്. 2001ല്‍ ഗുജറാത്ത് ബി ജെ പിയില്‍ കേശുഭായ് പട്ടേലിനു നേര്‍ക്ക് കലാപക്കൊടി ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതു മുതലിങ്ങോട്ട്, കൃത്യമായ ആസൂത്രണവും അധികാരത്തിന്റെ അമിത വിനിയോഗവും കൊണ്ട് വിജയങ്ങള്‍ മാത്രം സ്വന്തമാക്കിയെന്ന് അവകാശപ്പെട്ടിരുന്ന നേതാവാണ് നരേന്ദ്ര മോദി. ഇക്കാലത്തിനിടെ അദ്ദേഹത്തിനെതിരെ ഉയരാത്ത ആരോപണങ്ങളില്ല. വംശഹത്യാ ശ്രമത്തിന് അരുനിന്നുവെന്നതില്‍ തുടങ്ങി, വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് മൗനാനുവാദം നല്‍കിയെന്നത് വരെയും അനധികൃത സ്വത്ത് സമ്പാദ്യം മുതല്‍ യുവതിയെ രഹസ്യമായി നിരീക്ഷിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയെന്ന് വരെയും വിദ്യാഭ്യാസം സംബന്ധിച്ച് വ്യാജരേഖ ചമച്ചുവെന്നത് മുതല്‍ ഗൗതം അദാനിക്ക് അനധികൃത സമ്പാദ്യമുണ്ടാക്കാന്‍ കൂട്ടുനിന്നുവെന്നു വരെയും. ഇവയില്‍ പലതിലും കേസുകളുണ്ടായി. അന്വേഷണങ്ങള്‍ നടന്നു. വംശഹത്യാ ശ്രമത്തിലെ പങ്കാളിത്തം സംബന്ധിച്ച് സുപ്രീം കോടതി തന്നെ നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം നടത്തി. അത് സംബന്ധിച്ച വ്യവഹാരം ഇപ്പോഴും പരമോന്നത കോടതിയില്‍ തുടരുന്നു. എങ്കിലും പരാജയത്തിന്റെ രുചിയറിഞ്ഞിട്ടില്ല ഇതിലൊന്നും ഇതുവരെയും.

നിയമനിര്‍മാണ സഭയുടെ നടത്തിപ്പിലും ഇന്ത്യന്‍ യൂനിയനില്‍ അത്യപൂര്‍വ പാത തുറന്നതിന്റെ പേരുണ്ട് നരേന്ദ്ര മോദിക്ക്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നിയമസഭയില്‍ വന്നിരുന്നത് അപൂര്‍വം. സ്വന്തം മുറിയിലിരുന്ന് നിയമസഭാ നടപടികള്‍ നിരീക്ഷിക്കുന്നതായിരുന്നു പതിവെന്നാണ് അന്നത്തെ റിപ്പോര്‍ട്ടുകള്‍. ഏത് നിയമവും പാസ്സാക്കിയെടുക്കും. പ്രതിപക്ഷം എതിര്‍ത്താല്‍ അവരെയൊന്നാകെ സഭയില്‍ നിന്ന് പുറത്താക്കാന്‍ മടിക്കാത്ത വിധം സ്പീക്കര്‍ പദവിയെ വിധേയമാക്കി നിര്‍ത്തിയിരുന്നു. തീരുമാനങ്ങളൊക്കെ ഏകപക്ഷീയം. സ്വന്തം പാര്‍ട്ടിയിലെ നേതാക്കളോ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരോ പോലും പലതും അറിയുക സംഗതികള്‍ പ്രാബല്യത്തിലാകുമ്പോഴാകും. ഇതൊന്നും ചോദ്യം ചെയ്യാന്‍ സാധിക്കാത്ത വിധം, ഉയരത്തിലിരുന്നു അദ്ദേഹം. നിയമബാഹ്യമായ നടപടികള്‍ക്ക് (വംശഹത്യാ ശ്രമം മുതല്‍ വ്യാജ ഏറ്റുമുട്ടല്‍ വരെ) ഒപ്പം നിന്ന സകല ഉദ്യോഗസ്ഥര്‍ക്കും സര്‍വീസിലിരിക്കുമ്പോഴും അതിന് ശേഷവും ഉചിതമായ പ്രതിഫലം നല്‍കി. എതിര്‍ക്കാന്‍ ശ്രമിച്ചവരെ മുഴുവന്‍ കേസുകളിലോ കള്ളക്കേസുകളിലോ കുടുക്കി. എല്ലാറ്റിനും മേലേ ഗുജറാത്ത് മാതൃക പ്രതിഷ്ഠിച്ച്, രാജ്യത്തിന്റെ നേതാവെന്ന പ്രതിച്ഛായ സൃഷ്ടിച്ച്, 2014ല്‍ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുമ്പോള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയൊക്കെ അപ്രസക്തരാക്കിയിരുന്നു നരേന്ദ്ര മോദി. പിന്നീടുള്ള നാളുകളില്‍ എതിര്‍ ശബ്ദങ്ങളൊക്കെ ദുര്‍ബലമാകുകയോ ഇല്ലാതാകുകയോ ചെയ്യുന്ന കാഴ്ച കണ്ടു. ഗുജറാത്ത് നിയമസഭാ മാതൃക പാര്‍ലിമെന്റില്‍ നടപ്പാക്കി, ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്കുള്ള അവസരം നിഷേധിച്ച് നിയമ നിര്‍മാണങ്ങളുമായി മുന്നോട്ടുപോയ, ഏകപക്ഷീയ തീരുമാനങ്ങളെടുത്ത് നടപ്പാക്കിയ, ആ തീരുമാനങ്ങളില്‍ വലഞ്ഞ ജനം വീണ്ടും ഹിതം ചാര്‍ത്തിക്കൊടുക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ച നാളുകളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും സ്വാംഗിതത്തിന് കീഴ്‌പ്പെടുത്തി നിര്‍ത്താന്‍ പാകത്തില്‍ അധികാരം കേന്ദ്രീകരിക്കപ്പെട്ടു.

അതിനൊരു ഇളക്കം തട്ടുന്നുവെന്നാണ് കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ച്, സര്‍ക്കാറിന്റെ സദുദ്ദേശ്യം ഒരു വിഭാഗം കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ സാധിക്കാതെ പോയതില്‍ മനസ്താപം പ്രകടിപ്പിച്ച്, കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമ ചോദിക്കുമ്പോള്‍ തോന്നുന്നത്.
കാര്‍ഷികോത്പന്നങ്ങളുടെ വാണിജ്യവും വ്യാപാരവും സുഗമമാക്കാന്‍, വിളയ്ക്ക് വിലയുറപ്പാക്കി കര്‍ഷകരെ ശാക്തീകരിക്കാന്‍ എന്ന പേരിലാണ് രണ്ട് നിയമങ്ങള്‍ കൊണ്ടുവന്നത്. അവശ്യവസ്തു നിയമം ഭേദഗതി ചെയ്ത്, അവശ്യവസ്തുക്കളുള്‍പ്പെടെ ഏതളവിലും സംഭരിച്ചുവെക്കാനുള്ള അനുമതിയും നല്‍കി. ഈ മൂന്ന് നിയമങ്ങളും തങ്ങളുടെ അടിവേരറുക്കുന്നതാണെന്ന തിരിച്ചറിവിലാണ് കര്‍ഷകര്‍ തെരുവിലിറങ്ങിയത്. താങ്ങുവില ഇല്ലാതാകുന്നതോടെ കുത്തക കമ്പനികളുടെ ചൂഷണത്തിന്റെ ഇരകളായി ഭാവിയില്‍ തങ്ങള്‍ മാറുമെന്ന് മനസ്സിലാക്കാന്‍ നിയമത്തിലെ വ്യവസ്ഥകളെല്ലാം പഠിച്ചെടുക്കേണ്ടതുണ്ടായിരുന്നില്ല കര്‍ഷകര്‍ക്ക്. വിളയുടെ വില, വിത്തിടുമ്പോള്‍ തന്നെ കമ്പനികളുമായി സംസാരിച്ചുറപ്പിക്കാന്‍ അനുവാദം നല്‍കുമ്പോള്‍ ഭാവിയില്‍ കുത്തക കമ്പനികളുടെ കരാര്‍ കൃഷിക്ക്, തങ്ങളുടെ ഭൂമി വിട്ടുകൊടുക്കേണ്ടിവരികയാണുണ്ടാകുക എന്ന് മനസ്സിലാക്കാനും. അവശ്യവസ്തു നിയമം ഭേദഗതി ചെയ്ത് പൂഴ്ത്തിവെപ്പിന് സ്വാതന്ത്ര്യം നല്‍കുമ്പോള്‍ തങ്ങളുടെ പക്കല്‍ നിന്ന് തുച്ഛം വിലക്ക് വാങ്ങുന്ന ഉത്പന്നം ശീതീകരിച്ച സംഭരണികളില്‍ സൂക്ഷിച്ചുവെച്ച്, കൃത്രിമ ക്ഷാമമുണ്ടാക്കി, ഉയര്‍ന്ന വിലക്ക് വിറ്റഴിക്കാനുള്ള സ്വാതന്ത്ര്യമാണ് അനുവദിച്ച് നല്‍കുന്നതെന്ന് അന്നം വിളയിക്കുന്നവര്‍ എളുപ്പത്തില്‍ തിരിച്ചറിഞ്ഞു. ഇതിവിടെ തടഞ്ഞില്ലെങ്കില്‍ പിന്നെ ജീവിതമില്ലെന്ന തിരിച്ചറിവാണ് അവരെ, വിട്ടുവീഴ്ചയില്ലാത്ത സമരത്തിന് സജ്ജരാക്കിയത്. ആ സമരത്തെ, വിഘടനവാദികളുടെയും രാജ്യദ്രോഹികളുടെയും സമരമായി മുദ്രകുത്തി ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിച്ചു. അവഗണിച്ച് ദുര്‍ബലമാക്കാമെന്ന് പിന്നെ വ്യാമോഹിച്ചു.

എന്തുണ്ടായാലും പിന്മാറില്ലെന്ന കര്‍ഷകരുടെ ദൃഢനിശ്ചയം, തിരഞ്ഞെടുപ്പുകളിലെ സാധ്യതകളെ ബാധിക്കുന്നുവെന്ന് നരേന്ദ്ര മോദിയും ബി ജെ പിയും തിരിച്ചറിഞ്ഞത്, ഒരുപക്ഷേ, കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം വന്നപ്പോഴാകും. ഹിമാചല്‍ പ്രദേശില്‍ സിറ്റിംഗ് സീറ്റുകളില്‍ തോറ്റു. ഹരിയാനയില്‍ കര്‍ഷകരോഷത്തിന്റെ തുണയില്‍ പ്രതിപക്ഷ പാര്‍ട്ടി ജയിച്ചുകയറി. ഗ്രൂപ്പുപോരില്‍ ഉലഞ്ഞിട്ടും രാജസ്ഥാനില്‍ കോണ്‍ഗ്രസ്സ് സീറ്റുകള്‍ നിലനിര്‍ത്തി.
കര്‍ണാടകത്തില്‍ അധികാരമുണ്ടായിരിക്കെ, ബി ജെ പിയുടെ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ്സ് പിടിച്ചെടുത്തു. കൊവിഡിന്റെ ദുരിതം പേറുന്ന ജനം, ഭരണത്തിനെതിരെ ചിന്തിക്കുന്നതിനൊപ്പമാണ് കര്‍ഷകര്‍ ബി ജെ പിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ നിലപാടെടുക്കുന്നത്. ഇത് തുടര്‍ന്നാല്‍ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താനാകില്ലെന്ന തിരിച്ചറിവിലാണ് നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം. 2014 മുതലിങ്ങോട്ട് ബി ജെ പി നേടിയ സകല വിജയങ്ങളുടെയും ക്രെഡിറ്റ് നരേന്ദ്ര മോദിക്കായിരുന്നു, അല്‍പ്പം അമിത് ഷായുടെ സോഷ്യല്‍ എന്‍ജിനീയറിംഗിനും. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടായാല്‍ അതിന്റെ ഭാരം നരേന്ദ്ര മോദി – അമിത് ഷാ സഖ്യം പേറേണ്ടിവരും. അതോടെ, പ്രതിപക്ഷ ശക്തിയെ മാത്രമല്ല, ബി ജെ പിക്കുള്ളില്‍ സര്‍വാധികാരത്തെ ഭയന്ന് മിണ്ടാതിരിക്കുന്നവരുടെ എതിര്‍പ്പിനെക്കൂടി മോദി – ഷാ സഖ്യം നേരിടേണ്ടിവരും. ലഖിംപൂര്‍ ഖേരിയില്‍ വാഹനം കയറ്റി കര്‍ഷകരെക്കൊന്ന സംഭവത്തെത്തുടര്‍ന്ന്, തീവ്ര ഹിന്ദുത്വത്തിന്റെ തീവ്ര വക്താവായ വരുണ്‍ ഗാന്ധിയെപ്പോലുള്ളവര്‍ പോലും വിയോജിപ്പ് പരസ്യമാക്കിയിരുന്നു. യു പിയില്‍ തോല്‍വിയുണ്ടായാല്‍ വിയോജിപ്പുകളുടെ പരസ്യ പ്രകടനത്തിന് വലുപ്പം കൂടും. ഒരുപക്ഷേ, പ്രതിപക്ഷം ശക്തിയാര്‍ജിക്കുന്നതിനേക്കാള്‍ സ്വന്തം ചേരിയില്‍ നിന്നുണ്ടാകാനിടയുള്ള എതിര്‍പ്പാകും 56 ഇഞ്ച് നെഞ്ചളവും കരുത്തും അവകാശപ്പെടുന്ന നേതാവ് കൂടുതല്‍ ഭയക്കുന്നത്. അതിലേക്ക് വഴിയൊരുക്കാതിരിക്കാനുള്ള പൊടിക്കൈയായി മാത്രമേ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ കാണേണ്ടതുള്ളൂ.

കോണ്‍ഗ്രസ്സിന്റെ പിടിപ്പുകേട് മൂലം പുറത്തിറങ്ങി സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച, കര്‍ഷകരുടെ സമരം തുടങ്ങുമ്പോള്‍ അതിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദറിനെ കൂടെക്കൂട്ടാനും അദ്ദേഹത്തെ കൂടുതല്‍ കരുത്തനാക്കാനും നിയമങ്ങള്‍ പിന്‍വലിച്ചതിലൂടെ സാധിച്ചിട്ടുണ്ട്. അതിലൂടെ നിലവില്‍ കോണ്‍ഗ്രസ്സ് ശക്തമായ പഞ്ചാബില്‍ ആ പാര്‍ട്ടിയെ ദുര്‍ബലമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും മോദി – ഷാ സഖ്യത്തിനുണ്ടാകും. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒറ്റ ആവശ്യത്തിലാണ് താന്‍ പലകുറി അമിത് ഷായെ കണ്ടതെന്ന് അമരീന്ദര്‍ ആവര്‍ത്തിച്ചിരുന്നു.

ഈ രാഷ്ട്രീയ ലക്ഷ്യങ്ങളൊക്കെയുണ്ടെങ്കിലും എടുത്ത തീരുമാനത്തില്‍ നിന്ന് ആദ്യമായി പിന്‍മാറേണ്ടി വരുമ്പോള്‍ ബഹുമാന്യനായ പ്രധാനമന്ത്രി പരാജയത്തിന്റെ രുചി അനുഭവിച്ച് തുടങ്ങുകയാണ്. പെഗാസസില്‍ രാജ്യസുരക്ഷ പറഞ്ഞ്, അന്വേഷണത്തിന് മടിച്ചപ്പോള്‍ വിദഗ്ധ സമിതിയെ സ്വയം തീരുമാനിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചപ്പോഴും ലഖിംപൂര്‍ ഖേരി കേസില്‍ യുക്തിസഹമായ അന്വേഷണം നടക്കുന്നുവെന്ന് ഉറപ്പാക്കും വിധത്തില്‍ ഇടപെട്ടപ്പോഴും സുപ്രീം കോടതിയില്‍ നിന്ന് പരാജയത്തിന്റെ മണം അനുഭവിച്ചിരുന്നു. അതിപ്പോള്‍ കര്‍ഷകരുടെ കൈയില്‍ നിന്ന് രുചിച്ച് കൂടി തുടങ്ങുകയാണ് അദ്ദേഹം. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുയര്‍ന്ന വലിയ പ്രതിഷേധം കൊവിഡ് വ്യാപനം തടയാനുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തോടെ പ്രത്യക്ഷത്തില്‍ ഇല്ലാതായെങ്കിലും അതുണ്ടാക്കിയ ഊര്‍ജം രാജ്യത്ത് നിലനില്‍ക്കുന്നുവെന്ന് കൂടിയാണ് കര്‍ഷക സമരം വിജയിക്കുമ്പോള്‍ തെളിയുന്നത്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് സര്‍വാധികാരം ആര്‍ജിച്ച പ്രതിരോധശേഷി ഇല്ലാതായിത്തുടങ്ങുകയാണ്. മണ്ണില്‍പ്പണിയെടുക്കുന്ന, നിരക്ഷരരായ ജനങ്ങളാണ് അടിയന്തരാവസ്ഥക്ക് ശേഷം രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിച്ചത്. അത് വീണ്ടും തെളിയിക്കാനുള്ള അവസരം അവരൊരിക്കല്‍ കൂടി തുറന്നിട്ടിരിക്കുന്നു.



source https://www.sirajlive.com/when-the-officer-is-on-his-knees.html

Post a Comment

Previous Post Next Post