മോദി സര്‍ക്കാറിന്റെ ഉപജാപക രാഷ്ട്രീയത്തിനും പൗരന്റെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്ന ഭരണകൂട ഭീകരതക്കുമെതിരായ നിരീക്ഷണങ്ങള്‍ മുന്നോട്ടുവെച്ച് കൊണ്ടാണ് പെഗാസസ് ചാര സോഫ്റ്റ് വെയറിന്റെ ഇന്ത്യയിലേക്കുള്ള കടന്നു വരവിനെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഭീകരവാദത്തെയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെയും നേരിടാനെന്ന വ്യാജേന പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന മോദി സര്‍ക്കാറിന്റെ നിലപാടിനെതിരായ ശക്തമായ പ്രഹരമാണ് ഈ കോടതി വിധിയെന്ന് പറയാം. ദേശദ്രോഹമാരോപിച്ചും ദേശസുരക്ഷയുടെ പേര് പറഞ്ഞും രാഷ്ട്രീയ നേതാക്കളുടെയും സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്ന നടപടി വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ്. ജനാധിപത്യ, മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഭരണകൂടം ജനങ്ങള്‍ക്കെതിരെ നടത്തുന്ന ഉപജാപമാണ് ഇത്തരം ഫോണ്‍ ചോര്‍ത്തല്‍ നടപടികളെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ഇരകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
എന്താണ് പെഗാസസ് എന്ന ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള രഹസ്യാന്വേഷണ പ്രവര്‍ത്തനമെന്നും, അത് ജനാധിപത്യത്തിനും വ്യക്തികളുടെ സ്വകാര്യതക്കുമെതിരായ അധാര്‍മികമായ കടന്നുകയറ്റമാണെന്നും സംഘ്പരിവാര്‍ ബുദ്ധിജീവികളൊഴികെ മറ്റെല്ലാവരും ഒരുപോലെ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ടെന്ന കാര്യവും കോടതി നിരീക്ഷണങ്ങളുടെ അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാണാം.
ഒറ്റ ക്ലിക്കില്‍ ഏത് ഫോണിലും നുഴഞ്ഞുകയറുന്ന ചാരസോഫ്റ്റ് വെയറാണ് ഇസ്‌റാഈല്‍ കമ്പനിയായ എന്‍ എസ് ഒ നിര്‍മിച്ചെടുത്ത പെഗാസസ്. അത് അത്യന്തം അപകടകരമായ, ഇസ്‌റാഈലെന്ന സയണിസ്റ്റ് രാഷ്ട്രത്തിന്റെ അധിനിവേശ താത്പര്യങ്ങള്‍ മൂലം നിര്‍മിക്കപ്പെട്ട ആയുധമാണ്. വിവര സാങ്കേതിക വളര്‍ച്ചയുടെ സാധ്യതകളില്‍ രൂപപ്പെടുത്തിയെടുക്കുന്ന നവ ഫാസിസ്റ്റ് അധികാര ശക്തികളുടെ ഇന്റലിജന്‍സ് ഭീകരതയാണ് പെഗാസസ് പോലുള്ള ചാര സോഫ്റ്റ് വെയറുകളും അത് ഉപയോഗിച്ചുള്ള രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളും. ഈ ചാര സോഫ്റ്റ് വെയര്‍ ആയുധം എങ്ങനെ മോദി വഴി ഇന്ത്യയിലേക്ക് കടന്നുവന്നുവെന്നാണ് ഇപ്പോള്‍ സുപ്രീം കോടതി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതും അതിനായി മൂന്നംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചിരിക്കുന്നതും. സംഘ്പരിവാറിന്റെ ഉപജാപ രാഷ്ട്രീയത്തിനെതിരായ ശക്തമായ ജുഡീഷ്യല്‍ ഇടപെടലാണെന്ന് ഇതിനെ കുറിച്ച് പറയാം. പെഗാസസ് ചാരപ്രവര്‍ത്തനത്തെ ന്യായീകരിക്കുകയും രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് ഉരുണ്ടുകളിക്കുകയും ചെയ്ത ബി ജെ പി സര്‍ക്കാറിനുള്ള കനത്ത തിരിച്ചടി കൂടിയാണിത്. അന്വേഷണം വേണ്ടെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളിയ കോടതി ദേശസുരക്ഷയുടെ പേരില്‍ എപ്പോഴും രക്ഷപ്പെടാനാകില്ലെന്ന് വിമര്‍ശിച്ചു. റിട്ട. ജഡ്ജി ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് അന്വേഷണത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ഒറ്റ ക്ലിക്കിലൂടെ ഏത് ഫോണിലും നുഴഞ്ഞു കയറാവുന്ന ചാര സോഫ്റ്റ് വെയറായ പെഗാസസിനെ ഇസ്‌റാഈല്‍ പ്രതിരോധ വകുപ്പ് പരിഗണിക്കുന്നത് ആയുധമായിട്ടാണ്. സ്വകാര്യ കമ്പനിയായ എന്‍ എസ് ഒയാണ് നിര്‍മാതാക്കളെങ്കിലും പെഗാസസ് ആര്‍ക്കെങ്കിലും കൈമാറുന്നതിന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നതാണ് യാഥാര്‍ഥ്യം. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രമാണ് പെഗാസസ് കൈമാറുന്നതെന്നാണ് ഇസ്‌റാഈലിന്റെ നിലപാട്. അപ്പോള്‍ ടെല്‍അവീവും ഡല്‍ഹിയും ഗൂഢാലോചനാപരമായി നടത്തിയ നീക്കങ്ങളുടെ ഫലമാണ് പെഗാസസ് ചാരപ്രവര്‍ത്തനമെന്ന് വരുന്നു. 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ ഇസ്‌റാഈലുമായി ഇന്ത്യയുടെ സൈനിക സഹകരണത്തില്‍ വലിയ വര്‍ധനയുണ്ടായി. നിലവില്‍ ഇന്ത്യക്ക് ആയുധം വില്‍ക്കുന്നവരില്‍ നാലാം സ്ഥാനത്താണ് ഇസ്‌റാഈല്‍. 2017 ജൂലൈയില്‍ മോദി ഇസ്‌റാഈല്‍ സന്ദര്‍ശിച്ചു. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്‌റാഈല്‍ സന്ദര്‍ശിച്ചത്. പിന്നീടാണ് ഇന്ത്യയില്‍ പെഗാസസ് ചോര്‍ത്തല്‍ തുടങ്ങിയത്.
കേന്ദ്ര മന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഇന്ത്യയിലെ മുന്നൂറിലേറെ പേരുടെ ഫോണ്‍ വിവരം പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി 2021 ജൂലൈ 18നാണ് വാര്‍ത്ത പുറത്തുവന്നത്. ഒരു സുപ്രീം കോടതി ജഡ്ജി, മൂന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍, നാല്‍പ്പതിലേറെ മാധ്യമപ്രവര്‍ത്തകര്‍, സുരക്ഷാ മേധാവികളും മുന്‍ മേധാവികളും, വ്യവസായികള്‍, ശാസ്ത്രജ്ഞര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയാണ് ചോര്‍ത്തിയത്. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും മോദിവിരുദ്ധ പക്ഷത്തുള്ള നിതിന്‍ ഗഡ്കരിയും ചോര്‍ത്തപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മോദി- അമിത് ഷാ കൂട്ടുകെട്ടിന് താത്പര്യമില്ലാത്തവരാണ് ചോര്‍ത്തലിന് വിധേയരായത്.
ദി വയര്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ദ ഗാര്‍ഡിയന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലായുള്ള 17 മാധ്യമങ്ങള്‍ പെഗാസസ് പ്രൊജക്ട് എന്ന പേരില്‍ നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. പാര്‍ലിമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെ തലേദിവസമാണ് ചോര്‍ത്തല്‍ പുറത്തുവന്നത്.
ദി വയര്‍ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ഥ് വരദരാജന്‍, എം കെ വേണു, അമിത് ഷായുടെ മകന്‍ ജയ് ഷായുടെ വരുമാന വര്‍ധന റിപ്പോര്‍ട്ട് ചെയ്ത രോഹിണി സിംഗ്, റാഫേല്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്സ്പ്രസ്സിലെ സുശാന്ത് സിംഗ്, ന്യൂസ് ക്ലിക്കിലെ പരഞ്ജോയ് ഗുഹ താക്കൂര്‍ത്ത, ഹിന്ദുസ്ഥാന്‍ ടൈംസിലെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ശിശിര്‍ ഗുപ്ത, പ്രശാന്ത് ഝാ, രാഹുല്‍ സിംഗ്, ഇന്ത്യന്‍ എക്സ്പ്രസ്സിലെ റിതിക ചോപ്ര, മുസമ്മില്‍ ജമീല്‍, ഇന്ത്യാ ടുഡേയിലെ സന്ദീപ് ഉണ്ണിത്താന്‍ തുടങ്ങിയവര്‍ ചോര്‍ത്തപ്പെട്ടു. ബി ജെ പി അനുകൂല പത്രമായ പയനീറിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ജെ ഗോപീകൃഷ്ണനും പട്ടികയിലുണ്ട്. മലയാളിയായ പ്രൊഫസര്‍ ഹാനിബാബു ഉള്‍പ്പെടെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, അഭിഭാഷകര്‍ എന്നീ എട്ട് പേരുടെ ഫോണുകളും ചോര്‍ത്തി. ചോര്‍ന്ന പട്ടികയില്‍ പേരുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയനേതാക്കള്‍ അടക്കമുള്ള 67 പേരുടെ ഫോണാണ് പരിശോധിച്ചത്. 23 ഫോണില്‍ ചാര സോഫ്റ്റ് വെയറിന്റെ ശേഷിപ്പ് കണ്ടെത്താനായിട്ടുണ്ട്. 14 ഫോണില്‍ കടന്നുകൂടാന്‍ ശ്രമിച്ചതായും വ്യക്തമായി. ചിലര്‍ ഫോണ്‍ മാറ്റിയത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 30 എണ്ണത്തില്‍ കൃത്യഫലം കിട്ടിയില്ല. പരിശോധിച്ച 15 ആന്‍ഡ്രോയിഡ് ഫോണില്‍ ചാര സോഫ്റ്റ് വെയര്‍ കണ്ടെത്തിയില്ല. ആന്‍ഡ്രോയിഡ് ഇത്തരം വിവരം സൂക്ഷിക്കാത്തതാണ് കാരണം. ഹിന്ദു റിപ്പോര്‍ട്ടര്‍ വിജൈത സിംഗിന്റെ ഉള്‍പ്പെടെ മൂന്ന് ആന്‍ഡ്രോയിഡ് ഫോണുകളെ പെഗാസസ് ലക്ഷ്യമിട്ടതായും കണ്ടെത്തി.
പെഗാസസിലൂടെ ലക്ഷ്യം വെച്ചവരുടെ പട്ടികയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമുണ്ട്. എന്നാല്‍, ചോര്‍ത്തല്‍ സംഭവിച്ചില്ലെന്ന് സമാധാനിച്ചിരിക്കാന്‍ ഫ്രാന്‍സ് തയ്യാറായില്ല. അപ്പോഴും മോദി സര്‍ക്കാര്‍ പെഗാസസിനെ ന്യായീകരിക്കുകയായിരുന്നു. ഇപ്പോള്‍ കോടതി ഈയൊരു വിധിയിലൂടെ സര്‍ക്കാറിനെ പ്രതിസ്ഥാനത്ത് കൊണ്ടുവന്നിരിക്കുന്നു. അവര്‍ അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. പെഗാസസ് വികസിപ്പിച്ച രാഷ്ട്രമായ ഇസ്‌റാഈല്‍ പോലും അന്വേഷണത്തിന് തയ്യാറായി. ഇന്ത്യയില്‍ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന് വസ്തുതകള്‍ നിരത്തി മാധ്യമങ്ങള്‍ തെളിയിച്ചിട്ടും അന്വേഷണത്തിന് ബി ജെ പി സര്‍ക്കാര്‍ തയ്യാറായില്ല. പാര്‍ലിമെന്റില്‍ ചര്‍ച്ചക്കു പോലും തയ്യാറാകാത്തതില്‍ നിന്ന് മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വല്ലാതെ ഭയപ്പെടുന്നുവെന്ന് വ്യക്തമാണ്. ദേശദ്രോഹവും ദേശരക്ഷയും ഉരുവിട്ട് തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെയും വിമര്‍ശകരെയും വേട്ടയാടുന്ന സംഘ്പരിവാര്‍ തന്ത്രത്തിനെതിരായ താക്കീതായി കൂടി ഈ വിധിയെ വായിച്ചെടുക്കാം.
source https://www.sirajlive.com/39-national-security-39-will-no-longer-save-the-sangh-parivar.html
Post a Comment