‘രണ്ടായിരാമാണ്ടോടെ എല്ലാവര്‍ക്കും ആരോഗ്യം’ എന്നതായിരുന്നു 1978ല്‍ ഖസാക്കിസ്ഥാനില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ ഉച്ചകോടി പ്രഖ്യാപനം. ലോകത്തെങ്ങും ജനങ്ങള്‍ക്കു വേണ്ട അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കാന്‍ സര്‍ക്കാറുകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് ഇതുകൊണ്ടുദ്ദേശിച്ചത്. പ്രഖ്യാപനം കഴിഞ്ഞ് 43 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യക്ക് ഇത് നടപ്പാക്കാനായില്ലെന്നാണ് അടുത്തിടെ പുറത്തുവന്ന നിതി ആയോഗിന്റെ “ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഫോര്‍ ഇന്ത്യാസ് മിസ്സിംഗ് മിഡില്‍’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാജ്യത്ത് ആകെ ജനസംഖ്യയുടെ 30 ശതമാനത്തിനും ആരോഗ്യ പരിരക്ഷയില്‍ ഒരു സഹായവും ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യന്‍ ജനതയില്‍ 70 കോടി പേര്‍ കേന്ദ്ര സര്‍ക്കാറിന്റെ ആയുഷ്മാന്‍ ഭാരതിന്റെയും സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെയും ഗുണഭോക്താക്കളാണ്. 25 കോടിയോളം പേര്‍ സാമൂഹിക സുരക്ഷാ പദ്ധതികളിലും സ്വകാര്യ ഇന്‍ഷ്വറന്‍സ് പദ്ധതികളിലുമായുണ്ട്. ജനസംഖ്യയുടെ ബാക്കിവരുന്ന 30 ശതമാനം ഇതില്‍ നിന്നെല്ലാം പുറത്താണ്. ഇവരില്‍ ഭൂരിഭാഗവും ഗ്രാമങ്ങളില്‍ കാര്‍ഷിക-കാര്‍ഷികേതര മേഖലകളില്‍ സ്വയംതൊഴിലെടുക്കുന്നവരും നഗരങ്ങളില്‍ അസംഘടിത മേഖലകളില്‍ പണിയെടുക്കുന്നവരുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്ക് രോഗചികിത്സക്കായി വന്‍തോതില്‍ പണം ചെലവിടേണ്ടി വരുന്നുണ്ട്. രാജ്യത്തെ മൂന്നില്‍ രണ്ട് പേരും ചികിത്സക്ക് ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. ഇത് പല കുടുംബങ്ങളുടെയും സാമ്പത്തിക തകര്‍ച്ചക്ക് ഇടയാക്കുന്നു. ഇ എസ് ഐ സി, പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന പോലുള്ള പദ്ധതികള്‍ അവസാനിച്ച മട്ടാണെന്നും നിതി ആയോഗ് റിപ്പോര്‍ട്ട് പറയുന്നു.
ആരോഗ്യ മേഖലയില്‍ രാജ്യത്ത് വലിയ തോതില്‍ അസമത്വം വര്‍ധിക്കുകയും സാര്‍വത്രിക ആരോഗ്യ പരിരക്ഷയുടെ അഭാവം പാര്‍ശ്വവത്കരിക്കപ്പെട്ടവരെ തീര്‍ത്തും ദുരിതത്തിലാക്കുകയും ചെയ്യുന്നതായി കഴിഞ്ഞ ജൂലൈയില്‍ “ഓക്സ്ഫാം ഇന്ത്യ’ പുറത്തിറക്കിയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. സാമ്പത്തിക, സാമൂഹിക പരിഗണനകള്‍ക്കു പുറമെ വിവിധ സമൂഹങ്ങള്‍ തമ്മിലും നഗര, ഗ്രാമ പ്രദേശങ്ങള്‍ തമ്മിലും സംസ്ഥാനങ്ങള്‍ക്കിടയിലും ആരോഗ്യ അസമത്വം കൂടുന്നു. കൊവിഡ്-19 മഹാമാരി ആരംഭിച്ചതിനു ശേഷം ഇത് കൂടുതല്‍ പ്രകടമാണ്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തി സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പാക്കിയാല്‍ മാത്രമേ അസമത്വം കുറച്ചുകൊണ്ടുവരാന്‍ കഴിയുകയുള്ളൂ. പാവപ്പെട്ടവര്‍ക്ക് ആരോഗ്യ സംരക്ഷണത്തിനുള്ള ചെലവിന്റെ വലിയൊരു ഭാഗവും സ്വയം വഹിക്കേണ്ടി വരികയാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം തന്നെ അമിതമായ ചികിത്സാ ചെലവ് മൂലം ഓരോ വര്‍ഷവും ആറ് കോടി ആളുകള്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നതായും ഓക്‌സ്ഫാം റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യത്തില്‍ രാജ്യത്ത് പലപ്പോഴായി ആരോഗ്യ നയങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 1983ലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ദേശീയാരോഗ്യ നയം (നാഷനല്‍ ഹെല്‍ത്ത് പോളിസി) പ്രഖ്യാപിച്ചത്. രണ്ടായിരാമാണ്ടോടെ എല്ലാവര്‍ക്കും സമഗ്ര ആരോഗ്യമാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ ആവശ്യമായ ഫണ്ട് നീക്കിവെക്കാത്തതിനാല്‍ പദ്ധതി പരാജയപ്പെട്ടു. മൊത്തം വരുമാനത്തിന്റെ ഒരു ശതമാനം മാത്രമാണ് ആരോഗ്യ മേഖലക്കായി വിനിയോഗിച്ചത്. 2002ല്‍ പുതിയ നയം കൊണ്ടുവന്നു. ആരോഗ്യ രംഗത്തെ ചെലവ് 2020ഓടെ രണ്ട് ശതമാനത്തിനു മുകളിലെത്തിക്കണമെന്നായിരുന്നു ഇതിലെ നിര്‍ദേശം. ഈ വാഗ്ദാനവും പാഴ് വാക്കായി. മോദി സര്‍ക്കാര്‍ 2015ല്‍ ജനങ്ങള്‍ക്ക് ആരോഗ്യം അവകാശമാക്കിയും ഇത് യാഥാര്‍ഥ്യമാക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചെലവഴിക്കുന്ന പ്രതിശീര്‍ഷ ആരോഗ്യ വിഹിതം 1,042 രൂപയില്‍ നിന്ന് 3,800 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിച്ചും ദേശീയ ആരോഗ്യ നയത്തിന്റെ കരട് രേഖ പ്രസിദ്ധീകരിച്ചിരുന്നു. 2017ല്‍ പരിഷ്‌കരിച്ച ആരോഗ്യനയം പ്രഖ്യാപിച്ചതോടെ ഈ നിര്‍ദേശങ്ങള്‍ പിന്‍വലിക്കപ്പെട്ടു.
ആരോഗ്യ മേഖലയില്‍ ഏറ്റവും കുറഞ്ഞ തുക വകയിരുത്തുന്ന രാജ്യങ്ങളിലാണ് ഇന്ത്യ ഇപ്പോഴും. ആഗോള മാനദണ്ഡമനുസരിച്ച് മൊത്തം ദേശീയ വരുമാനത്തിന്റെ അഞ്ച് ശതമാനം ആരോഗ്യരക്ഷക്ക് ചെലവിടണം. ഇന്ത്യയില്‍ ഇപ്പോഴും ഇത് 1.13 ശതമാനം മാത്രമാണ്. ലോകത്ത് അറുപതിലധികം രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ തികച്ചും സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. ബ്രിക് രാജ്യങ്ങളില്‍ ഇന്ത്യയൊഴികെ മറ്റിടങ്ങളിലൊക്കെ ഇത് ലഭ്യമാണ്. ബ്രിട്ടനില്‍ ആരോഗ്യ രംഗത്തെ ഏതാണ്ട് 90 ശതമാനം സേവനവും സര്‍ക്കാര്‍ മേഖലയിലുള്ള നാഷനൽ ഹെല്‍ത്ത് സര്‍വീസ് വഴിയാണ് ലഭ്യമാകുന്നത്. ദേശീയ വരുമാനത്തിന്റെ 9.1 ശതമാനം നീക്കിവെക്കുന്നുണ്ട് ബ്രിട്ടന്‍ ആരോഗ്യ മേഖലക്ക്. എന്നാല്‍ ഇന്ത്യയാകട്ടെ സ്വകാര്യ-കോര്‍പറേറ്റ് ഇന്‍ഷ്വറന്‍സ് കമ്പനികളുമായി കരാറുകളുണ്ടാക്കി, ആരോഗ്യ മേഖലയില്‍ നിന്ന് പിന്മാറിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലൂടെ മാത്രം ജനങ്ങളുടെ ആരോഗ്യാവശ്യങ്ങള്‍ നിര്‍വഹിക്കാനും ഭീമമായ ചികിത്സാ ചെലവ് മൂലമുള്ള കുടുംബങ്ങളുടെ തകര്‍ച്ച പരിഹരിക്കാനും സാധിക്കില്ലെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ആരോഗ്യ കവറേജിനു വേണ്ടിയുള്ള സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളുമായുള്ള ഇടപാടുകള്‍ “വലുപ്പം കുറഞ്ഞ പുതപ്പുകൊണ്ട് ശരീരം പുതക്കുന്ന പോലെയാണെന്നും’ ഇത് ചികിത്സാ ചെലവുകള്‍ വീണ്ടും വര്‍ധിപ്പിക്കുമെന്നുമാണ് വിദഗ്ധാഭിപ്രായം. സര്‍ക്കാറിന്റെ ആരോഗ്യച്ചെലവ് വന്‍തോതില്‍ വര്‍ധിപ്പിക്കുകയും പൊതുജനാരോഗ്യ സംവിധാനം വിപുലീകരിക്കുകയും വഴി മാത്രമേ ഇത് പരിഹരിക്കാനും സാര്‍വത്രിക ആരോഗ്യ സേവനം ഉറപ്പിക്കാനും സാധ്യമാകൂ. രാഷ്ട്ര പുരോഗതിക്ക് ജനങ്ങളുടെ ആരോഗ്യം പ്രധാനമാണെന്നതിനാല്‍ ആരോഗ്യ മേഖലക്ക് എത്ര തുക വകയിരുത്തിയാലും അത് രാജ്യ പുരോഗതിക്കു കൂടിയുള്ള നിക്ഷേപമായിരിക്കുമെന്ന കാര്യം സര്‍ക്കാര്‍ വിസ്മരിക്കരുത്.
source https://www.sirajlive.com/the-role-of-public-health-and-government.html
Post a Comment