മരംമുറി: കേരളം ആരുടെ താത്പര്യമാണ് സംരക്ഷിച്ചത്?

രാഷ്ട്രീയ പ്രബുദ്ധതയില്‍ നിന്ന് രാഷ്ട്രീയാതിപ്രസരത്തിലേക്ക്. അതിന്റെ സദ് – ദുഷ് ഫലങ്ങള്‍ അനുഭവിക്കുന്നവരായി മലയാളികള്‍ മാറിയിരിക്കുന്നു. അതിപ്രസരത്താല്‍ കലങ്ങിയ വെള്ളത്തില്‍ നിന്ന് വലിയ മീനിനെ ലക്ഷ്യമിടുന്ന വര്‍ഗീയ ശക്തികളുടെ സാന്നിധ്യം പോലും പലപ്പോഴും മതനിരപേക്ഷ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികള്‍ മറന്നുപോകുന്ന സാഹചര്യവും. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെച്ചൊല്ലി അരങ്ങേറുന്ന തര്‍ക്കങ്ങളിലും ഈ അതിപ്രസരത്തിന്റെ അംശങ്ങളുണ്ട്.

വിദേശത്തൊരു സര്‍വകലാശാലയില്‍ എന്‍ജിനീയറിംഗ് കോഴ്‌സിന് പ്രവേശനം ലഭിച്ച അതിബുദ്ധിമാനായ ഒരു വിദ്യാര്‍ഥിക്ക് വിസാ നടപടികള്‍ ആരംഭിക്കുന്നതിനായി അക്കൗണ്ടില്‍ നിശ്ചിത ദിവസത്തേക്ക് ചെറുതല്ലാത്ത ഒരു തുക കാണിക്കേണ്ടതുണ്ടായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ള ആ വിദ്യാര്‍ഥിയെ സഹായിക്കാന്‍ ശ്രമിച്ചു നോക്കി. പലരെയും സമീപിച്ചു. കൂട്ടത്തിലൊരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെയും. അദ്ദേഹത്തിന് പരിചയമുള്ള വ്യവസായികളോ മറ്റോ സഹായിച്ചാലോ എന്ന പ്രതീക്ഷയിലാണ് വിളിച്ചത്. കാര്യം പറഞ്ഞപ്പോള്‍ തീര്‍ത്തും പ്രതീക്ഷിക്കാത്ത വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് പണം കൈമാറാനൊക്കെ ആളുകള്‍ ഇപ്പോ മടിക്കും, പേടിയാണ് – അദ്ദേഹം പറഞ്ഞു. നിങ്ങള്‍ പറയുന്നത് പോലെ ഈ വിദ്യാര്‍ഥി സഹായം അര്‍ഹിക്കുന്നുണ്ടാകും. പക്ഷേ, നമ്മളൊക്കെ ഇടപെട്ട് അവന്‍ പഠിക്കാന്‍ പോയിട്ട്, അവിടെ അബദ്ധത്തിലെന്തെങ്കിലും പ്രശ്‌നത്തില്‍ ചാടിയാല്‍ പിന്നെ വിദേശത്തേക്ക് അയക്കാന്‍ സഹായിച്ചതാരൊക്കെ എന്നതൊക്കെയാകും ചോദ്യം. പണം നല്‍കി സഹായിച്ചവരോട് ചോദിക്കുമ്പോള്‍, ഈ നേതാവിന്റെ ശിപാര്‍ശയിലാണ് നല്‍കിയത് എന്ന് അവര്‍ പറയും. അപ്പോള്‍, നമ്മള്‍ നല്ല ഉദ്ദേശ്യത്തില്‍ ചെയ്തതാണെന്നൊന്നും വാദിച്ചിട്ട് കാര്യമുണ്ടാകില്ല. എല്ലാവരും ഗൂഢാലോചനക്കാരാകും. വസ്തുതകളൊന്നും പരിഗണിക്കാതെ, രാഷ്ട്രീയ നേട്ടം മാത്രം മുന്‍നിര്‍ത്തി ആരോപണങ്ങളുടെ പുഴ ഒഴുകും. ആ ഒഴുക്കില്‍ നിവര്‍ന്നു നില്‍ക്കുക പ്രയാസമാകും. അടുത്ത കാലത്ത് നടന്നതൊക്കെ ഓര്‍മയിലില്ലേ എന്ന് അദ്ദേഹം പറഞ്ഞു നിര്‍ത്തി. എങ്കിലും പരിചയമുള്ള രണ്ട് പേരോട് കാര്യങ്ങള്‍ പറയാമെന്നും സംസാരിച്ചു നോക്കൂ എന്നും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ഫോണിലൂടെയുള്ള സംസാരം അവസാനിച്ചപ്പോള്‍ ആദ്യമോര്‍ത്തത്, സോളാര്‍ തട്ടിപ്പിന്റെ പുറമ്പോക്കിലുണ്ടായ ആരോപണപ്പെയ്ത്തിനെക്കുറിച്ചാണ്. യഥാര്‍ഥത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട തട്ടിപ്പെന്താണെന്നോ ഇതിനകം അരങ്ങേറിയ തട്ടിപ്പിന്റെ വ്യാപ്തിയെന്തെന്നോ ഉള്ള വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നതിന് പകരം ഊഹങ്ങളും കെട്ടുകഥകളും മാറിമാറിപ്പറഞ്ഞ മൊഴിമുത്തുകളും ആധാരമാക്കി രാഷ്ട്രീയ എതിരാളികളെ നിസ്‌തേജരാക്കാന്‍ വലിയ ശ്രമമുണ്ടായി. സര്‍വ രേഖകളും കൈവശമുണ്ടെന്ന് ഏതാണ്ടെല്ലാ ചാനലുകളുടെയും സ്റ്റുഡിയോകളിലെത്തി നിരന്തരം വളിച്ചുപറഞ്ഞ് സ്വയം വലുതായ നേതാവ് പില്‍ക്കാലത്ത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള സകല വഴികളും പയറ്റിയതും പാര്‍ട്ടിയുടെ അധ്യക്ഷപദമേറിയതും സോളാറിന്റെ ഉപോത്പന്നമാണ്. ചില വ്യക്തികളുടെയെങ്കിലും സ്വകാര്യതയിലേക്ക് കടന്നുകയറി, ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിലൂടെ അവരുണ്ടാക്കിയ വ്യക്തിത്വത്തെ ഹിംസിച്ച്, രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ എതിരാളികള്‍ മടികാണിച്ചിരുന്നില്ല. ഈ ശ്രമത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ വലിയ തോതില്‍ സഹായിച്ചുവെന്നത് ഓര്‍ക്കാതെയല്ല ഇത് പറയുന്നത്. ഒരു സി ഡി കണ്ടെത്താന്‍ കൊച്ചിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരിലേക്ക് നടത്തിയ യാത്രക്കും മറ്റും നല്‍കിയ കവറേജ് ഉദാഹരണമാണ്.
എല്ലാറ്റിനുമൊടുവില്‍ എന്തുണ്ടായി എന്നതിന് കഥയില്‍ ചോദ്യമില്ല എന്ന് മാത്രമേ ഉത്തരമുണ്ടാകൂ.

ഏതാണ്ട് സമാനമായ അവസ്ഥയാണ് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത്, കസ്റ്റംസ് കണ്ടെത്തിയതിന് ശേഷമുണ്ടായ നാളുകളിലും കണ്ടത്. ഇവിടെ തീവ്രവാദ – രാജ്യദ്രോഹ ആരോപണങ്ങളുടെ മേമ്പൊടി കൂടിയുണ്ടായിരുന്നു. കേസില്‍ ആരോപണവിധേയരായ വ്യക്തികളുടെ സാന്നിധ്യമുണ്ടായ ഇടങ്ങളില്‍ എത്തിയ രാഷ്ട്രീയ നേതാക്കളെ മുഴുവന്‍ ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്താനും രാജ്യവിരുദ്ധ ഗൂഢാലോചനയിലെ പങ്കാളികളാക്കി ചിത്രീകരിക്കാനും ആര്‍ക്കും മടിയുണ്ടായില്ല. അക്കാലം വരെ കാര്യശേഷിയില്‍ മുന്‍പന്തിയിലുള്ള ഉദ്യോഗസ്ഥനെന്ന് പേരെടുത്ത വ്യക്തി തേജോവധം ചെയ്യപ്പെട്ട്, കാരാഗൃഹവാസ ശേഷം “ഒളിവില്‍’ പോയി. എന്‍ ഐ എ മുതലിങ്ങോട്ട് ഏതാണ്ടെല്ലാ കേന്ദ്ര ഏജന്‍സികളും വെള്ളം കലക്കി. അതില്‍ നിന്ന് മീനെടുക്കാന്‍ കേന്ദ്രാധികാരം ഉപയോഗിച്ച് വര്‍ഗീയ ശക്തികള്‍ ശ്രമിച്ചു. അപ്പോള്‍ പോലും വസ്തുതകളിലൂന്നിവേണം ആരോപണങ്ങളുന്നയിക്കാനെന്ന തോന്നല്‍, പ്രതിപക്ഷത്തിനുണ്ടായില്ല. രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്ത്, സോളാര്‍ മാതൃക ആവര്‍ത്തിച്ചാല്‍ അധികാരമെന്ന് ഉറപ്പിച്ചിരുന്നു അവര്‍. എന്നിട്ടെന്തായി എന്നാണെങ്കില്‍ കഥയില്‍ ചോദ്യമില്ലെന്ന് തന്നെയാകും ഉത്തരം.

മുല്ലപ്പെരിയാര്‍ അണയുടെ സുരക്ഷയെക്കുറിച്ച്, അനാവശ്യ വലുപ്പത്തില്‍ ആശങ്ക വളര്‍ത്തിവിട്ടതിന് പിറകെ രാഷ്ട്രീയാതിപ്രസരം യുക്തിയെയും ബുദ്ധിയെയും ആദേശം ചെയ്യുകയാണ്. മുല്ലപ്പെരിയാറിലെ മുഖ്യ അണയുടെയും ബേബി ഡാമിന്റെയും സുരക്ഷ ഉറപ്പാക്കേണ്ടത് തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ഉത്തരവാദിത്വമാണ്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയില്‍ ശ്രദ്ധയുള്ള സര്‍ക്കാറിനെ സംബന്ധിച്ച് കൂടുതല്‍ ഉത്തരവാദിത്വവും. അതിനായി സ്വീകരിക്കുന്ന നടപടികള്‍ കേരളത്തിന്റെ താത്പര്യത്തിന് വിരുദ്ധമാകുന്നത് എങ്ങനെ എന്ന്, ബേബി ഡാമിന് സമീപത്തെ ഏതാനും മരങ്ങള്‍ മുറിക്കാന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ കേരളത്തെ വഞ്ചിച്ചുവെന്ന് വലിയ വായില്‍ നിലവിളിക്കുന്നവര്‍ വ്യക്തമാക്കണം. പുതിയ അണ തന്നെയായിരിക്കും ശാശ്വത പരിഹാരമെന്ന് കരുതുക. അത് വരും വരെ നിലവിലുള്ളത് ഉറപ്പോടെ നില്‍ക്കേണ്ടത്, കേരളത്തിന്റെ താത്പര്യമല്ലേ? അതല്ലേ യഥാര്‍ഥത്തില്‍ സംരക്ഷിക്കേണ്ടത്. മരംമുറിക്കാന്‍ അനുവാദം നല്‍കി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കിയ ഉത്തരവ് പുറത്തു വന്നതോടെ, കേരളത്തിന്റെ താത്പര്യങ്ങളെ വഞ്ചിച്ചുവെന്ന വലിയ ആരോപണത്തിന് മുന്നില്‍ പതറി, ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിക്കുമ്പോള്‍ ആരുടെ താത്പര്യമാണ് പിണറായി സര്‍ക്കാര്‍ സംരക്ഷിച്ചത്?

മുല്ലപ്പെരിയാറില്‍ പുതിയ അണ വേണമെങ്കില്‍ അതിന് തമിഴ്‌നാട് സഹകരിക്കണം. തങ്ങള്‍ക്ക് വെള്ളം ഉറപ്പാക്കും വിധത്തില്‍ കേരളം പ്രവര്‍ത്തിക്കുമെന്ന വിശ്വാസം അവരിലുണ്ടാകുകയാണ് വേണ്ടത്. അതിന് പാകത്തിലുള്ള സംഭാഷണത്തിന് ബേബി ഡാമിന് ബലമേകാന്‍ അനുവാദം നല്‍കുന്നതിലൂടെ സാധിക്കുമായിരുന്നു. ആ അവസരമാണ് ഇപ്പോള്‍ നഷ്ടമായത്. എടുത്ത തീരുമാനം ജനത്തിന്റെ സുരക്ഷക്കാണെന്ന് ബോധ്യപ്പെടുത്താന്‍ കഴിയാതെ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സര്‍ക്കാറും കേരളത്തിന്റെ താത്പര്യമാകെ ബലികഴിച്ചു, ബേബി ഡാം ബലപ്പെടുത്തിയാല്‍ പിറ്റേന്ന് തന്നെ ജലനിരപ്പ് 152 അടിയാക്കും എന്നിങ്ങനെ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയിച്ച വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും അതിന് തുല്യ ഉത്തരവാദികളാണ്. പ്രതിസന്ധികളെ തരണം ചെയ്യാന്‍ യോജിച്ചു നിന്നാല്‍ അതിന് ജനമിടുന്ന മാര്‍ക്കിലൊരു വിഹിതം തങ്ങള്‍ക്കും കിട്ടുമെന്ന് കൊവിഡ് വ്യാപന കാലത്തെ ഇടഞ്ഞുനില്‍പ്പില്‍ നിന്ന് മനസ്സിലാക്കാതെ പോയ രമേശ് ചെന്നിത്തലയുടെ അതേ പാതയിലാണ് തുടക്കത്തില്‍ പ്രതീക്ഷയേകിയ വി ഡി സതീശനും സഞ്ചരിക്കുന്നത് എന്ന് പറയാതെ വയ്യ. (ഇതേ സാഹചര്യത്തില്‍ യു ഡി എഫ് ആയിരുന്നു അധികാരത്തിലെങ്കില്‍ “കേരള താത്പര്യ വഞ്ചന’ ഗാനം ഉയര്‍ന്ന ശ്രുതിയിലായിരിക്കുമെന്നത് മറക്കുന്നില്ല) കേരളത്തിലും തമിഴ്‌നാട്ടിലും ഒരേസമയം മുതലെടുക്കാന്‍ കുളംകലക്കുന്ന വര്‍ഗീയ ശക്തികളെ ഇവിടെയും ആരും ഗണിക്കുന്നുമില്ല.

ഈ അവസ്ഥയിലൊരു മാറ്റമുണ്ടാകണമെങ്കില്‍ രാഷ്ട്രീയാതിപ്രസരത്തില്‍ നിന്ന് കരകയറിയേ മതിയാകൂ. അതിന് രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്ന് രാഷ്ട്രതന്ത്രജ്ഞനിലേക്കുള്ള ദൂരം നമ്മുടെ നേതാക്കള്‍ ഇനിയും മനസ്സിലാക്കേണ്ടതുണ്ട്. ഒന്നാമൂഴത്തില്‍ ആ വ്യത്യാസം മനസ്സിലാക്കി പ്രവര്‍ത്തിച്ച പിണറായി വിജയനെ രണ്ടാമൂഴത്തില്‍ മുഴുവനായി കാണുന്നില്ല. പ്രതിപക്ഷത്തുടര്‍ച്ചയില്‍ ആ നിലവാരത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷിച്ച, തലമുറ എന്തിലും രാഷ്ട്രീയ ലാക്കുകണ്ട് ആഞ്ഞടിച്ചാലേ തിരിച്ചു വരവുണ്ടാകൂ എന്ന മിഥ്യയില്‍ വളരെ വേഗത്തില്‍ പെടുകയും ചെയ്തു. അതിപ്രസരത്തിന്റെ കാറ്റില്‍ അര്‍ഹമായ അവസരങ്ങള്‍ നഷ്ടമാകുന്ന കണ്ണികളില്‍ നേരത്തേ പറഞ്ഞ, ആഗ്രഹങ്ങളും ബുദ്ധിയുമുള്ള പാവം ചില വിദ്യാര്‍ഥികള്‍ പോലുമുണ്ടാകും.



source https://www.sirajlive.com/marammuri-whose-interest-did-kerala-protect.html

Post a Comment

أحدث أقدم