കൊവിഡ് ഭീതി വിട്ടുമാറി സംസ്ഥാനത്ത് കോളജുകള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ റാഗിംഗിന്റെ പേടിയിലായി കോളജ് വിദ്യാര്‍ഥികള്‍. കണ്ണൂരില്‍ നിന്ന് രണ്ട് റാഗിംഗ് വാര്‍ത്തകളാണ് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടാളി കാഞ്ഞിരോട് നെഹര്‍ കോളജിലും തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലും. ഈ മാസം അഞ്ചിനാണ് നെഹര്‍ കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി പി അന്‍ഷാദ് ക്രൂരമായ റാഗിംഗിനിരയായത്. ഉച്ചഭക്ഷണം കഴിച്ചെത്തിയ അന്‍ഷാദിനെ ഒരു സംഘം മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ട അന്‍ഷാദിന് മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയില്‍ വെച്ചാണ് ബോധം തിരിച്ചുകിട്ടിയത്. ചില വിദ്യാര്‍ഥികളുമായി സംസാരിക്കരുത്, പണം വേണം, പറയുന്നത് അനുസരിക്കണം എന്നൊക്കെ ആവശ്യപ്പെട്ടായിരുന്നുവത്രെ മര്‍ദനം. പണത്തിനായി തന്റെ പോക്കറ്റ് തപ്പിയതിന് പുറമെ ഫോണ്‍ പിടിച്ചുവാങ്ങി അക്കൗണ്ടിലെ ബാലന്‍സ് പരിശോധിച്ചതായും അന്‍ഷാദ് പറയുന്നു. സംഭവത്തില്‍ ആറ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ അറസ്റ്റിലായിട്ടുണ്ട്.
അതേ ദിവസം തന്നെയാണ് തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ഷഹസാദ് മുബാറകിനെ 12 പേര്‍ ചേര്‍ന്ന് റാഗ് ചെയ്തത്. വൈകിട്ട് കോളജിലെ ശുചിമുറിയില്‍ വെച്ചായിരുന്നു സംഭവം. മര്‍ദനത്തില്‍ ഷഹസാദിന്റെ തലക്കും കൈക്കും പരുക്കേറ്റു. ഒരാഴ്ച മുമ്പ് തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് റാഗിംഗിനെ തുടര്‍ന്നാണെന്ന് പറയപ്പെടുന്നു. ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയുമായ മഹേഷിനെയാണ് ഈ മാസം ഏഴിന് പുലര്‍ച്ചെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റാഗിംഗ് ആഘാതത്തെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്കു കാരണമെന്നും പത്ത് വര്‍ഷം മുമ്പ് ഹോര്‍ട്ടികള്‍ച്ചര്‍ കോളജിൽ നിന്ന് പഠിച്ചിറങ്ങിയവര്‍ വരെ ക്യാമ്പസില്‍ തങ്ങുകയും വിദ്യാര്‍ഥികളെ റാഗിംഗിനിരയാക്കുകയും ചെയ്യുന്നതായി സ്ഥാപനത്തിലെ ചില വിദ്യാര്‍ഥികള്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. മംഗളൂരു ശ്രീനിവാസ് കോളജില്‍ ഒന്നാം വര്‍ഷ ബി ഫാം വിദ്യാര്‍ഥിയും കാസര്‍കോട് സ്വദേശിയുമായ അഭിരാജ് ഈ വര്‍ഷാദ്യം റാഗ് ചെയ്യപ്പെട്ടിരുന്നു. ഇതിലെയും പ്രതികള്‍ ഈ കോളജില്‍ ഇതേ കോഴ്‌സിന് പഠിക്കുന്ന മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികളാണ്.
പുതുമുഖ കോളജ് വിദ്യാര്‍ഥികളുടെ പേടിസ്വപ്നമാണ് റാഗിംഗ്. തുടക്കക്കാരെ വിദ്യാലയത്തിന്റെ അന്തരീക്ഷവുമായി പാകപ്പെടുത്താനെന്ന പേരില്‍ ഉടലെടുത്ത ഈ ക്രൂരവിനോദം ക്രമേണ പ്രാകൃതരൂപം പ്രാപിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി ക്യാമ്പസുകളില്‍ ഇത് നിലനില്‍ക്കുന്നുണ്ട്. ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, ക്രിക്കറ്റ് താരം സുരേഷ് റൈന തുടങ്ങിയവര്‍ റാഗിംഗിനിരയായതായി ഇന്റര്‍വ്യൂകളില്‍ വെളിപ്പെടുത്തിയിരുന്നു. മിക്ക ക്യാമ്പസുകളിലും ഒളിഞ്ഞും തെളിഞ്ഞും ഇത് നടക്കുന്നുണ്ടെങ്കിലും മര്‍ദനം അതിക്രൂരമാകുമ്പോള്‍ മാത്രമാണ് പത്രവാര്‍ത്തകളാകുന്നതും പുറംലോകമറിയുന്നതും. ഇതിനെതിരെ നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ടെങ്കിലും ശാരീരികവും മാനസികവും സാമ്പത്തികവും ലൈംഗികവുമായ കൊടിയ പീഡനങ്ങളുടെ പുതിയ പുതിയ പതിപ്പുകളുമായി അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിന്റെ പുതു മേച്ചില്‍പുറങ്ങള്‍ തേടി വീട് വിട്ടിറങ്ങുന്ന ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് കലാലയ ജീവിതം കാരാഗൃഹ ജീവിതത്തിനു തുല്യമാക്കുന്നു ഈ ക്രൂരത. റാഗിംഗ് പലപ്പോഴും ഇരകളെ മാനസികമായി തളര്‍ത്തുകയും ജീവിതകാലം മുഴുക്കെ അവരെ വേട്ടയാടുകയും ചെയ്യും. റാഗിംഗിനെ തുടര്‍ന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ സഹിക്കാനാകാതെ ആത്മഹത്യ ചെയ്തവരും മാനസിക രോഗികളായവരും പഠനം തന്നെ ഉപേക്ഷിച്ചവരും കുറവല്ല. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് പലപ്പോഴും റാഗിംഗില്‍ തകര്‍ന്നടിയുന്നത്.
മനുഷ്യന്റെ സാംസ്‌കാരിക ജീവിതത്തെ കരുപ്പിടിപ്പിക്കുന്ന പ്രക്രിയ ആയാണ് വിദ്യാഭ്യാസം വിശേഷിപ്പിക്കപ്പെടുന്നത്. മാനവികതയും സാഹോദര്യവും സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പുതിയ മാനങ്ങളും പകര്‍ന്നു നല്‍കേണ്ട സ്ഥാപനങ്ങളാണ് കലാലയങ്ങള്‍. ഇത്തരം സ്ഥാപനങ്ങളിലാണ് സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനും പൊറുക്കാനുമാകാത്ത അതിക്രൂരമായ റാഗിംഗ് അരങ്ങേറുന്നത്. ഇത് ക്രിമിനല്‍ കുറ്റമായി കണക്കാക്കി കടുത്ത ശിക്ഷ വിധിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം കേരള സര്‍ക്കാര്‍ 1998ല്‍ പാസ്സാക്കിയിട്ടുണ്ട്. റാഗിംഗ് തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനായി സുപ്രീം കോടതി മുന്‍ സി ബി ഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ ഏഴംഗ സമിതിയെ നിയോഗിച്ചിരുന്നു. സ്‌കൂള്‍ പാഠ്യപദ്ധതിയോടൊപ്പം മനുഷ്യാവകാശങ്ങളെക്കുറിച്ചും റാഗിംഗിലുണ്ടാകുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുമുള്ള പാഠങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുക, റാഗിംഗ് സവിശേഷ കുറ്റകൃത്യമായി കണക്കാക്കുക, റാഗിംഗിനുള്ള ശിക്ഷ നിര്‍ണയിക്കാന്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ പുതിയ സെക്ഷന്‍ കൂട്ടിച്ചേര്‍ക്കുക, ക്യാമ്പസുകളില്‍ വിദ്യാര്‍ഥികളും അധ്യാപകരും പോലീസും രക്ഷകര്‍ത്താക്കളും ഉള്‍പ്പെടുന്ന റാഗിംഗ് രക്ഷാസമിതി രൂപവത്കരിക്കുക, റാഗിംഗിന്റെ പ്രാഥമികമായ ഉത്തരവാദിത്വം ബന്ധപ്പെട്ട സ്ഥാപനത്തിനായതിനാല്‍ റാഗിംഗിനെതിരായ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക തുടങ്ങിയവയാണ് സമിതി മുന്‍വെച്ച നിര്‍ദേശങ്ങള്‍. ഈ സമിതി റിപ്പോര്‍ട്ടില്‍ പക്ഷേ, കേന്ദ്ര സര്‍ക്കാറോ, കോളജ് അധികൃതരോ കാര്യമായ തുടര്‍ നീക്കങ്ങളൊന്നും നടത്തിയില്ല. മാത്രമല്ല, ഏതെങ്കിലും സ്ഥാപനത്തില്‍ റാഗിംഗ് നടന്നാല്‍, കോളജിന്റെ പ്രതിച്ഛായക്കു മങ്ങലേല്‍ക്കാതിരിക്കാന്‍ പരമാവധി അത് മൂടിവെക്കാനാണ് അധികൃതര്‍ ശ്രമിക്കാറുള്ളത്. അഥവാ സംഭവം പുറത്തറിയുകയും നിയമ നടപടികളിലേക്കു നീങ്ങുകയും ചെയ്താല്‍ മാതാപിതാക്കളുടെ പിന്തുണയോടെയും രാഷ്ട്രീയ സഹായത്തോടെയും പ്രതികള്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. ഇത് റാഗിംഗ് വീരന്മാര്‍ക്ക് വളമായി തീരുന്നു. കോളജധികൃതരും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും നിയമപാലകരും ആത്മാര്‍ഥമായി രംഗത്തു വന്നാല്‍ തടയാവുന്നതേയുള്ളൂ ഈ കുറ്റകൃത്യം.
source https://www.sirajlive.com/started-colleges-and-ragging.html
إرسال تعليق