ഇന്ത്യന്‍ നാവികസേനയെ ഇനി മലയാളി നയിക്കും

ന്യൂഡല്‍ഹി ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ നാവിക സേനയെ നയിക്കാന്‍ പൂര്‍ണമലയാളിയായ ഒരാള്‍ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാറാണ് രാവിലെ ഒമ്പതോടെ പ്രതിരോധ മന്ത്രാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ അധികാരമേറ്റത്. സ്ഥാനമൊഴിയുന്ന അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഏറ്റെടുക്കുകയായിരുന്നു. രാജ്യത്തിന്റെ 25-ാം നാവിക സേന മേധാവിയായി ഇതോടെ ഹരികുമാര്‍ മാറി.

മഹത്തായ രാജ്യത്തിന്റെ നാവികസേനയെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഗാര്‍ഡ്ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു.തന്റെ മുന്‍ഗാമികളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു. അവരുടെ പാത പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ ആസ്ഥാനമായുള്ള പശ്ചിമ നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഹരികുമാര്‍ നിയമിതനായത്‌. 2024 ഏപ്രില്‍ മാസം വരെയാകും കാലാവധി. പശ്ചിമ നേവല്‍ കമാന്‍ഡ് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ആര്‍ ഹരികുമാര്‍ എത്തിയത്.

തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാര്‍ 1983-ലാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്നത്. ഐ എന്‍ എസ് വിരാട്, ഐ എന്‍ എസ് റണ്വീര്‍ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാന്‍ഡറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഇന്‍ഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. സേനയിലെ എല്ലാ റാങ്കുകളിലും കപ്പലുകള്‍ നയിക്കാന്‍ അവസരം ലഭിച്ച ഹരികുമാറിനെ തേടി നിരവധി പുരസ്‌കാരങ്ങള്‍ നേരത്തെ എത്തിയിട്ടുണ്ട്.



source https://www.sirajlive.com/the-indian-navy-will-now-be-led-by-a-malayalee.html

Post a Comment

أحدث أقدم