കടലില്‍ കടലാമകള്‍ക്ക് മരണക്കെണി

കൊച്ചി | കടലിന്റെ പാരിസ്ഥിതിക സന്തുലനത്തിന് പ്രധാന പങ്ക് വഹിക്കുന്ന ജീവിവര്‍ഗങ്ങളിലൊന്നായ കടലാമകള്‍ക്ക് കടലില്‍ മരണക്കെണി. കടലിലുണ്ടാകുന്ന കാലാവസ്ഥാമാറ്റം സംരക്ഷിത വര്‍ഗത്തില്‍പ്പെട്ട കടലാമകളുടെ എണ്ണം കുറക്കുന്നതിനൊപ്പം അശാസ്ത്രീയ മീന്‍ പിടുത്തത്തിനായി തയ്യാറാക്കി ഉപേക്ഷിക്കപ്പെടുന്ന കൃത്രിമപാരുകള്‍ കടലിലൊഴുക്കി നടക്കുന്നതുമാണ് കടലാമകളുടെ ജീവനെടുക്കുന്നത്. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ മുട്ടയിടാനായി തീരത്തെത്തുന്ന കടലാമകളുടെ എണ്ണം തീര്‍ത്തും കുറയുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി കടലിലെ ഈ മരണക്കെണി കാരണമാകുന്നതായി കണ്ടെത്തി. പാഴ് വലകളും പ്ലാസ്റ്റിക്ക് ബോട്ടിലുകളും മണല്‍ച്ചാക്കുകളുമുപയോഗിച്ച് കണവ മത്സ്യവേട്ടക്കായി അശാസ്ത്രീയമായി കടലില്‍ നിക്ഷേപിക്കുന്ന കൃത്രിമപാരുകളാണ് മുതിര്‍ന്ന ആമകളുടെ നാശത്തിന് കാരണമാകുന്നത്.

കണവ മത്സ്യത്തെ ആകര്‍ഷിക്കുന്നതിനായി കടല്‍ത്തട്ടില്‍ നിക്ഷേപിക്കുന്ന പാഴ്ഇലകളും കണവ മത്സ്യം പിടിച്ചതിന് ശേഷം ഒഴിവാക്കുകയാണ് പതിവ്. കടലില്‍ അടിയിളക്കമുണ്ടാകുമ്പോള്‍ ഇവ ഒഴുകി നടക്കുകയും ആമകള്‍ ഇതില്‍ കുരുങ്ങുകയുമാണ്. ആമകളില്‍ പലതും ചാകുകയും വല പൊട്ടിച്ചും മറ്റും പുറത്തെത്തുന്നവക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്യുന്നു.

നീലേശ്വരം തൈക്കടപ്പുറത്ത് നിന്ന് മാത്രം കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ അംഗഭംഗം വന്ന 13 ആമകളാണ് കരക്കെത്തിയതെന്ന് നിരീക്ഷകര്‍ പറഞ്ഞു. ഇവയില്‍ ഒമ്പതെണ്ണം പെണ്ണാമകളായിരുന്നു. ഏറെക്കാലം പരിപാലിച്ചെങ്കിലും ഇവയില്‍ പലതും ചത്തുപോകുകയാണെന്നും കടലാമ സംരക്ഷണത്തിന് പ്രവര്‍ത്തിക്കുന്ന സംഘടനയായ നെയ്തലിന്റെ പ്രവര്‍ത്തകന്‍ കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഇത്തവണയും മൂന്ന് കടലാമകളാണ് ഇത്തരത്തില്‍ അംഗഭംഗം സംഭവിച്ച നിലയില്‍ കരക്കെത്തിയത്. ഇവയെ തിരിച്ച് കടലില്‍ വിടാന്‍ പറ്റാത്ത നിലയിലാണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകളില്‍ കുടുങ്ങിയും ബോട്ടുകളുടെയും കപ്പലുകളുടെയും മറ്റും പ്രൊപ്പല്ലറുകളില്‍ തട്ടിയും മുറിവേല്‍ക്കുന്ന ആമകളുടെ എണ്ണവും കേരള തീരത്ത് അടുത്ത കാലത്തായി കൂടുതലാണ്.

സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലങ്ങളിലാണ് കടലാമകള്‍ സാധാരണയായി മുട്ടയിടാനായി തീരത്തെത്തുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഇവ കരയിലേക്കെത്തുന്ന സമയങ്ങളില്‍ വലിയ മാറ്റമുണ്ടായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കാസര്‍ഗോഡ് തൈക്കടപ്പുറത്ത് കടലാമകള്‍ എത്തിയിരുന്നതെങ്കില്‍ ഈ വര്‍ഷം നവംബറായിട്ടും മുട്ടയിടുന്നതിനായി കടലാമകള്‍ എത്തിയിട്ടില്ല. സംസ്ഥാനത്തെ തീരങ്ങളില്‍ അഞ്ചിടങ്ങളില്‍ മുട്ടയിടാറുണ്ടായിരുന്ന കടലാമകള്‍ ഇത്തവണയും കാര്യമായി എത്താതിരുന്നത് കടലിലെ പരിസ്ഥിതി മാറ്റം വിവിധ ജീവികളെ ബാധിക്കുന്നതിന്റെ തെളിവായാണ് കണക്കാക്കുന്നത്.



source https://www.sirajlive.com/a-death-trap-for-sea-turtles.html

Post a Comment

أحدث أقدم