ഒമിക്രോണ്‍ ഭീഷണിക്കിടെ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി | പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് ഇന്ന്.രാവിലെ പതിനൊന്നിന് റേഡിയോവിലൂടെയാണ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം ആശങ്കയുയര്‍ത്തുന്ന ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പ്രധാന്യമേറും. ഒമിക്രോണ്‍ ഭീഷണിയെക്കുറിച്ചാകും പ്രധാനമായും മോദി മന്‍ കി ബാത്തില്‍ പ്രതിപാദിക്കുക.

പുതിയ കൊവിഡ് വകഭേദത്തില്‍ പരിഭ്രാന്ത്രി വേണ്ടെന്ന് ഐസിഎംആര്‍ അറിയിച്ചു. അതിതീവ്ര വ്യാപനത്തിനുള്ള തെളിവുകള്‍ ഇതുവരെയില്ല. വാക്‌സിനേഷന്‍ നടപടിയെ പുതിയസാഹചര്യം ബാധിക്കരുത് എന്നും ഐസിഎംആര്‍ വ്യക്തമാക്കി. ചില രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വ്വീസുകള്‍ക്ക് ഇന്ത്യ നിയന്ത്രണം തുടര്‍ന്നേക്കും. കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രത നിര്‍ദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളും വിദേശ യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ എല്ലാം നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇതിന് പുറമെ മുംബൈ വിമാനത്താവളത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്റീനും ഏര്‍പ്പെടുത്തി.

ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങള്‍ നീക്കിയ നടപടി പുനപരിശോധിക്കണമെന്ന് ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തില്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഒമിക്രോണ്‍ വൈറസിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതിരോധമുറപ്പിക്കാന്‍ കൊവിഡ് വാക്‌സീന്‍ രണ്ടാം ഡോസിന്റെ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.



source https://www.sirajlive.com/the-prime-minister-will-address-the-nation-today-amid-the-omicron-threat.html

Post a Comment

أحدث أقدم