റാഫേല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ പുതുക്കിയതില്‍ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചും അതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടും സമര്‍പ്പിക്കപ്പെട്ട ഹരജി സുപ്രീം കോടതി പരിഗണിച്ചപ്പോള്‍, നാല് കൊല്ലം മുമ്പ് പയറ്റിയ അതേ തന്ത്രമാണ് പെഗാസസ് എന്ന സോഫ്റ്റ് വെയറുപയോഗിച്ച് രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയുമൊക്കെ ഫോണ്‍ ചോര്‍ത്തിയതിനെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കുറിയും പയറ്റിയത്. രാജ്യസുരക്ഷയെന്ന വജ്രായുധം ഉപയോഗിച്ചുള്ള പയറ്റ്. ഇക്കുറി പക്ഷേ, അടവത്ര ഫലിച്ചില്ലെന്ന് മാത്രം.
ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയാല്‍ രാജ്യ സുരക്ഷയാകെ അപകടത്തിലാകുമെന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നാല് കൊല്ലം മുമ്പ് കോടതിയെ അറിയിച്ചത്.
പോര്‍ വിമാനങ്ങള്‍ക്ക് നല്‍കുന്ന തുകയെത്ര എന്ന് പരസ്യപ്പെടുത്തിയാല്‍ ഇന്ത്യന്‍ യൂനിയന്‍ വാങ്ങാനുദ്ദേശിക്കുന്ന ഇനമേത് എന്നും അതിനുള്ള ആധുനിക സംവിധാനങ്ങളെന്തൊക്കെ എന്നും “ശത്രു’ രാജ്യങ്ങള്‍ക്ക് മനസ്സിലാകും. അങ്ങനെ മനസ്സിലായാല്‍ ഈ അത്യാധുനിക പോര്‍ വിമാനത്തെ പ്രതിരോധിക്കാനുള്ള ശേഷി ആ രാജ്യങ്ങള്‍ ആര്‍ജിക്കും. രാജ്യ സുരക്ഷ ഇതിലധികം അപകടത്തിലാകാനുണ്ടോ? ആകയാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. സാമാന്യ യുക്തിക്ക് യോജിക്കാത്ത ഈ ന്യായം അന്ന് സുപ്രീം കോടതിക്ക് ബോധിച്ചു. “ശത്രു’ രാജ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന രാജ്യങ്ങളിലേതെങ്കിലും പുതിയ പോര്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചാല്‍, ദസോള്‍ട്ട് ഏവിയേഷന്‍ നമുക്ക് നല്‍കിയതിനേക്കാള്‍ വിശദാംശങ്ങളടങ്ങിയ രേഖ സമര്‍പ്പിക്കുമെന്ന് ആലോചിക്കാനുള്ള കേവല ബുദ്ധി അന്നത്തെ ബഹുമാനപ്പെട്ട ന്യായാധിപര്‍ക്കുണ്ടായില്ല.
ഇവിടെ പെഗാസസിന്റെ കാര്യത്തില്‍, ഇസ്‌റാഈല്‍ കമ്പനിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാറോ കേന്ദ്ര ഏജന്‍സികളോ പ്രസ്തുത സോഫ്റ്റ് വെയര്‍ വാങ്ങിയോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറായില്ല. പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയോ ഇല്ലയോ എന്ന് വ്യക്തമാക്കാനും.
അതുപയോഗിച്ചുവെന്ന് പറഞ്ഞാല്‍, ഭീകരവാദ സംഘടനകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നത് പെഗാസസ് ആണെന്ന് മനസ്സിലാകും, അതനുസരിച്ച് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവര്‍ ആസൂത്രണം ചെയ്യും. ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞാല്‍, മറ്റ് സോഫ്റ്റ് വെയറുകളാണ് ഇന്ത്യന്‍ ഭരണകൂടം ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കി അതേതാണെന്ന് തിരിച്ചറിയാനും അതിനനുസരിച്ച് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും സന്നദ്ധരാകും. ആയതിനാല്‍ പെഗാസസിന്റെ കാര്യത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നതായിരുന്നു നരേന്ദ്ര മോദി സര്‍ക്കാറിന്റെ വാദം. ഇക്കുറി, ഇത് മുഖവിലക്കെടുക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബഞ്ച് തയ്യാറായില്ല. രാജ്യസുരക്ഷയെന്ന മറ ഉപയോഗിച്ച് സകല സംഗതികളെയും മൂടിവെക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പൗരന്റെ മൗലികാവകാശമായ സ്വകാര്യതയിലേക്ക് ഭരണഘടനാ വ്യവസ്ഥകളെ ലംഘിച്ച് ഭരണകൂടം കടന്നുകയറിയിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണെന്നും അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ അതിന് മറുപടി ബോധിപ്പിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണെന്നുമാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.
പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തല്‍ നടത്തിയിട്ടുണ്ടോ എന്ന് വിദഗ്ധ സംഘത്തെ നിയോഗിച്ച് അന്വേഷിക്കാമെന്നും അന്വേഷണ മേല്‍നോട്ടം കേന്ദ്രം തന്നെ നിര്‍വഹിച്ചു കൊള്ളാമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. അത് പരിഗണിക്കാന്‍ പോലും തയ്യാറാകാതിരുന്ന കോടതി, സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ രൂപവത്കരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിനെ വിശ്വാസത്തിലെടുക്കാനാകില്ലെന്ന് പ്രത്യക്ഷത്തില്‍ തന്നെ സൂചിപ്പിക്കുകയാണ്. കൊവിഡ് വാക്‌സീനിന്റെ സൗജന്യവും സാര്‍വത്രികവുമായ വിതരണം ഉറപ്പാക്കുന്നതിന് ഇടപെട്ടത്, കൊവിഡ് ബാധിതരായി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ഭരണകൂടത്തെ നിര്‍ബന്ധിതമാക്കിയത് അങ്ങനെ അടുത്തിടെ പരമോന്നത കോടതി നടത്തിയ ഇടപെടലുകള്‍ പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ നീങ്ങാന്‍ നീതിന്യായ സംവിധാനം തീരുമാനിച്ചതിന്റെ തെളിവായി കാണാം. അതിന്റെ തുടര്‍ച്ചയാണ് പെഗാസസ് കേസിലുമുണ്ടായത്.
ഭരണകൂടത്തിന്റെ ഇംഗിതങ്ങള്‍ക്കൊപ്പിച്ച് നീങ്ങുന്ന നീതിന്യായ സംവിധാനത്തെയാണ് കുറച്ചുകാലമായി രാജ്യം കണ്ടുകൊണ്ടിരുന്നത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ചാലക ശക്തിയായ സംഘ്പരിവാറിന്റെ അജന്‍ഡകള്‍ നടപ്പാക്കിക്കൊടുക്കാന്‍ പാകത്തില്‍ നീതിപീഠം പ്രവര്‍ത്തിക്കുന്നുവോ എന്ന സംശയവും ഉയര്‍ന്നിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്രയെപ്പോലൊരു ജഡ്ജി മാത്രം എഴുതിയ ഉത്തരവുകള്‍, നരേന്ദ്ര മോദി സര്‍ക്കാറിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് തെളിവായി നമ്മുടെ മുന്നിലുണ്ട്. അതില്‍ നിന്നൊരു മാറ്റം പരമോന്നത കോടതിയിലുണ്ടായിരിക്കുന്നു. അതിന്റെ അനുരണനങ്ങള്‍ ജുഡീഷ്യറിയുടെ താഴേത്തട്ടുകളില്‍ ഉണ്ടാകുകയും ചെയ്യും. അങ്ങനെ ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങള്‍ വിവിധ ഹൈക്കോടതികളുടെ സമീപകാല വിധികളിലുണ്ട് താനും. ഗോമാതാവിനെ ആരാധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ഉത്‌ബോധിപ്പിക്കുന്ന, വേദകാലത്തെ നേട്ടങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന ജഡ്ജിമാരുടെ എണ്ണം ഇനി കുറയാനാണ് സാധ്യത. പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യം മൂലം രാഷ്ട്രീയമായ മേല്‍ക്കോയ്മ ബി ജെ പിയും ചതുരുപായങ്ങളില്‍ സമശീര്‍ഷരായ എതിരാളികളില്ലാത്തതുകൊണ്ട് കരുത്തരായ നേതാക്കളുടെ കുപ്പായത്തില്‍ നരേന്ദ്ര മോദിയും അമിത് ഷായും തുടരുന്നുണ്ടാകും. പക്ഷേ, ആ പാര്‍ട്ടിയും ഈ നേതാക്കളും അവര്‍ നയിക്കുന്ന ഭരണകൂടവും ദുര്‍ബലമായിക്കഴിഞ്ഞുവെന്ന് ന്യായാധിപന്‍മാര്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ പ്രതിഫലനം കൂടിയാണ് പൗരാവകാശങ്ങളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട്, അതുവഴി ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ വഴിതുറക്കുന്ന വിധിന്യായങ്ങള്‍.
ഫാസിസത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന, ഏകാധിപത്യ ഭരണകൂടം വിവരങ്ങള്‍ മറച്ചുവെച്ച് കുറച്ചുകാലം കൂടി, കബളിപ്പിക്കാന്‍ ശ്രമിച്ചേക്കാമെന്ന ബോധ്യം സുപ്രീം കോടതിക്കുണ്ടെന്ന് പെഗാസസ് കേസിലെ വിധിയിലെ വാക്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടാണ് റിട്ടയേർഡ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഏതുവിധത്തിലാണ് പ്രവര്‍ത്തിക്കേണ്ടത് എന്നും ഏത് ഫയലും വിളിച്ചുവരുത്താനും ആരെയും മൊഴിയെടുക്കാന്‍ അധികാരമുണ്ടാകുമെന്നും വിധിയില്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷയുടെ മറവില്‍ രക്ഷപ്പെടാനാകില്ലെന്ന് വിധിയില്‍ പറഞ്ഞപ്പോള്‍, ആ ന്യായം പറഞ്ഞ് കമ്മിറ്റിക്ക് വിവരങ്ങള്‍ നല്‍കാതിരിക്കരുതെന്ന് ഓര്‍മിപ്പിക്കുകയാണ് സുപ്രീം കോടതി ചെയ്തത്.
ജുഡീഷ്യറി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ വിധേയരാക്കുകയോ അവയെ മറികടന്ന് പ്രവര്‍ത്തിക്കുകയോ അത്തരം സ്ഥാപനങ്ങളുടെ തീരുമാനങ്ങളെ മുന്‍കൂട്ടി അറിഞ്ഞ് (തിരഞ്ഞെടുപ്പ് തീയതികളൊക്കെ ബി ജെ പി നേതാക്കാള്‍ നേരത്തേ അറിഞ്ഞത് ഓര്‍ക്കുക) തയ്യാറെടുപ്പുകള്‍ നടത്തുകയോ ഒക്കെയാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ പതിവ്. അതിനൊക്കെ നിശ്ശബ്ദ സാക്ഷിയായി നിന്ന ഭരണഘടനാ സ്ഥാപനങ്ങളെ അവരുടെ അധികാരവും ചുമതലകളും ഓര്‍മപ്പെടുത്തുന്നു കൂടിയുണ്ട്, പെഗാസസിലുള്‍പ്പെടെ സമീപകാലത്ത് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍. ദീര്‍ഘകാലം വിധേയരായി നിന്നവര്‍, ഭരണകൂടം ദുര്‍ബലമാകുന്നത് തിരിച്ചറിഞ്ഞ്, അവരുടെ ഭരണഘടനാ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കൂടി തയ്യാറായാല്‍, ജനാധിപത്യത്തെയും രാജ്യത്തിന്റെ ബഹുസ്വരതയെയും തച്ചുതകര്‍ക്കാന്‍ നിയമവഴിയിലും അല്ലാതെയും മെനക്കെടുന്നവര്‍ക്ക് ഇനിയുള്ള കാലം അത്ര സുഖകരമാകില്ല. അത് സ്വാഭാവികമായി സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ ഇന്ത്യന്‍ യൂനിയനിലെ ജനാധിപത്യത്തിന്റെ തിരിച്ചെടുപ്പിനുള്ള ശ്രമങ്ങള്‍ക്ക് കരുത്തേകിയേക്കും.
source https://www.sirajlive.com/judgments-that-restore-democracy.html
Post a Comment