എണ്ണവില വര്‍ധനയില്‍ പൊള്ളുന്ന അടുക്കള ബജറ്റ്

ടിക്കടി ഉയരുന്ന പെട്രോള്‍, ഡീസല്‍, പാചക വാതക വില കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുകയും സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയുമാണ്. ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് ഇന്നലെ ഉയര്‍ന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. തിരുവനന്തപുരത്ത് പെട്രോളിന് 111.72 രൂപയും ഡീസലിന് 105.46 രൂപയുമാണ് ഇന്നലത്തെ വില. കൊച്ചിയില്‍ പെട്രോളിന് 109.90 രൂപ, ഡീസലിന് 103.69. കോഴിക്കോട്ട് യഥാക്രമം 109.99, 103.92 എന്നിങ്ങനെയും. ഒരു മാസത്തിനിടെ പെട്രോളിന് എട്ട് രൂപ 40 പൈസയും ഡീസലിന് ഒമ്പത് രൂപ 43 പൈസയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലവര്‍ധനവാണ് പറയപ്പെടുന്ന കാരണം. ഒക്ടോബര്‍ ഒന്നിന് ബാരലിന് 73 ഡോളറായിരുന്നു വില. ഇന്നലെ 86 ഡോളറിലെത്തി. താമസിയാതെ ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കില്‍ രാജ്യത്ത് പെട്രോളിന് ലിറ്ററിന് 150 രൂപ കടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പാചക വാതക വിലയും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വാണിജ്യ സിലിന്‍ഡറിന് ഇന്നലെ ഒറ്റയടിക്ക് 266 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിന്‍ഡറിന് വില രണ്ടായിരം കടന്നു. ഹോട്ടലുകളില്‍ ഭക്ഷണവില ഗണ്യമായി വര്‍ധിക്കാന്‍ ഇതിടയാക്കും. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിന്‍ഡറിന് വില ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും താമസിയാതെ വര്‍ധിപ്പിക്കുമെന്നാണ് വിവരം. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണ വര്‍ധിപ്പിച്ചതുമാണ് ഗാര്‍ഹിക സിലിന്‍ഡര്‍ വില. കഴിഞ്ഞ വര്‍ഷം നിര്‍ത്തലാക്കിയ സബ്‌സിഡി ഇതുവരെയും പുനരാരംഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച പ്രതീക്ഷയും നഷ്ടപ്പെട്ടു കഴിഞ്ഞു ഉപഭോക്താക്കള്‍ക്ക്. തന്ത്രപരമായാണ് മോദി സര്‍ക്കാര്‍ ഗാര്‍ഹിക സിലിന്‍ഡറിന്റെ സബ്‌സിഡി നിര്‍ത്തലാക്കിയത്. മുഴുവന്‍ വിലയും ഈടാക്കിയ ശേഷം സബ്‌സിഡി ബേങ്കുകളിലേക്ക് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നല്‍കി തുടക്കത്തില്‍. അല്‍പ്പം കഴിഞ്ഞാണ് ബേങ്കില്‍ നല്‍കുന്നത് നിര്‍ത്തിവെച്ചത്. ഇപ്പോഴതേക്കുറിച്ച് മിണ്ടാട്ടമില്ല.

ഇന്ധന വിലയിലെ കുതിച്ചു കയറ്റം പലവ്യഞ്ജന, പച്ചക്കറി സാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തിടെ പല പച്ചക്കറികളുടെയും വിലയില്‍ ഇരട്ടി വര്‍ധനവാണുണ്ടായത്. ഒക്‌ടോബര്‍ തുടക്കത്തില്‍ കിലോക്ക് 20 രൂപയില്‍ താഴെയായിരുന്ന സവാളയുടെയും തക്കാളിയുടെയും വില 40 രൂപയോളമെത്തി. പയര്‍ വര്‍ഗങ്ങൾ, മുരിങ്ങക്കായ, കാരറ്റ്, കോളിഫ്‌ളവര്‍ തുടങ്ങിയവയുടെ വിലയിലും വന്‍ വര്‍ധന വന്നിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുകയും വ്യാപാര, വ്യവസായ സ്ഥാപനങ്ങളും സ്‌കൂളുകളും പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്‌തെങ്കിലും കൊവിഡ് സാമ്പത്തിക, തൊഴില്‍ രംഗങ്ങളില്‍ സൃഷ്ടിച്ച പ്രതിസന്ധി ഇപ്പോഴും നീങ്ങിയിട്ടില്ല. പ്രവാസികളുള്‍പ്പെടെ പതിനായിരക്കണക്കിനാളുകളുടെ തൊഴിലാണ് മഹാമാരി മൂലം നഷ്ടപ്പെട്ടത്. ഇവരില്‍ നല്ലൊരു പങ്കും പുതിയ തൊഴിലോ വരുമാന മാര്‍ഗമോ കാണാതെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുകയാണ്. ബേങ്കില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് വീടുകള്‍ നിര്‍മിച്ചവരും കൃഷിയിറക്കിയവരും തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയവരും വായ്പ തിരിച്ചടക്കാനാകാതെ നട്ടം തിരിയുകയും ജപ്തി നടപടികളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയുമാണ്. ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ ലോക്ക്ഡൗണിനു മുമ്പുണ്ടായിരുന്ന കച്ചവടം ഇപ്പോഴില്ല. പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ് വ്യാപാരികളില്‍ പലരും.
സര്‍ക്കാറുകള്‍ ഏര്‍പ്പെടുത്തിയ ഭക്ഷ്യ കിറ്റുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും സഹായങ്ങളും നിര്‍ത്തലാക്കുകയും ചെയ്തു. ഇതിനൊപ്പമാണ് ഇന്ധന വിലകള്‍ വാണം പോലെ കുതിച്ചു കൊണ്ടിരിക്കുന്നത്.

ക്രൂഡ് ഓയിലിന്റെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലെ എണ്ണ വിലക്കയറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും, നേരത്തേ അന്താരാഷ്ട്ര വിപണിയില്‍ വില താഴ്ന്നപ്പോഴും സര്‍ക്കാര്‍ നികുതി ഉയര്‍ത്തുകയായിരുന്നു. അതില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനം കൊണ്ട് അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം ഇന്ത്യന്‍ ഉപഭോക്താവിനെ ബാധിക്കാതിരിക്കാതെ വില പിടിച്ചു നിര്‍ത്തുമെന്നാണ് അന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നത്. ഇപ്പോള്‍ അതെല്ലാം മനഃപൂര്‍വം വിസ്മരിച്ചു. വന്‍ വരുമാനമാണ് പെട്രോള്‍ ഉത്പന്നങ്ങളുടെ നികുതിയിലൂടെ സര്‍ക്കാര്‍ നേടിക്കൊണ്ടിരിക്കുന്നത്. എണ്ണ നികുതിയിനത്തില്‍ നടപ്പുവര്‍ഷം ഏപ്രില്‍-സെപ്തംബര്‍ ഉള്‍പ്പെട്ട ആറ് മാസം കൊണ്ട് മാത്രം കേന്ദ്രം സ്വന്തമാക്കിയത് 1.78 ലക്ഷം കോടി രൂപയാണ്. 2019-20ലെ സമാന കാലത്തെ 95,930 കോടി രൂപയേക്കാള്‍ 79 ശതമാനം അധികം വരുമിത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 3.89 ലക്ഷം കോടി രൂപ നേടിയിട്ടുണ്ട് കേന്ദ്രം ഈയിനത്തില്‍. 2019-20ല്‍ ഇത് 2.39 ലക്ഷം കോടിയായിരുന്നു. കൊവിഡ് ഒന്നാം തരംഗത്തിലെ ദേശീയ ലോക്ക്ഡൗണില്‍ ഇന്ധന എക്സൈസ് നികുതി കുത്തനെ കൂട്ടിയതിലൂടെയാണ് ഈ അധിക വരുമാനം നേടിയത്. പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്ററിന് 19.98 രൂപയായിരുന്നത് അന്ന് 32.9 രൂപയായും ഡീസലിന്റേത് 15.80 രൂപയില്‍ നിന്ന് 31.80 രൂപയായും ഉയര്‍ത്തുകയുണ്ടായി. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്ന ഘട്ടത്തില്‍ പെട്രോള്‍ ഒരു ലിറ്ററിന് നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ എണ്ണയില്‍ നിന്നുള്ള വരുമാനം പൊതു ഖജനാവിനെ വന്‍തോതില്‍ പരിപോഷിപ്പിച്ചത് കണക്കിലെടുത്ത് ഇപ്പോള്‍ നികുതിയില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമായാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ സഹായമായിരിക്കും. എന്നാല്‍ ജനങ്ങളെ സാരമായി ബാധിക്കുന്ന ഈ വിഷയത്തിനു നേരേ സര്‍ക്കാര്‍ കണ്ണടക്കുകയാണ്. കേന്ദ്രം നികുതി കുറക്കട്ടെയെന്ന് സംസ്ഥാനങ്ങളും സംസ്ഥാനങ്ങള്‍ക്കും നികുതി കുറക്കാമല്ലോ എന്ന് കേന്ദ്രവും പറഞ്ഞൊഴിയുന്നതല്ലാതെ ജനങ്ങളുടെ ഭാരം കുറക്കാനുള്ള നീക്കം ഇരു ഭാഗത്ത് നിന്നുമുണ്ടാകുന്നില്ല. കാര്‍ഷിക നിയമത്തിനെതിരെ ഉയര്‍ന്നതുപോലെ ശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ ഉയരുന്നുമില്ല. അത് സര്‍ക്കാറിനും എണ്ണക്കമ്പനികള്‍ക്കും തുണയാകുകയാണ്.



source https://www.sirajlive.com/kitchen-budget-scorched-by-rising-oil-prices.html

Post a Comment

Previous Post Next Post