ഭരണഘടനാ ദിനം ‘ആഘോഷി’ക്കുമ്പോള്‍

ഡോ. ബി ആര്‍ അംബേദ്കര്‍ അധ്യക്ഷനായ ഭരണഘടനാ നിര്‍മാണസഭ, ഭരണഘടനയുടെ കരട് തയ്യാറാക്കി കൈമാറിയത് 1949 നവംബര്‍ 26നാണ്. എല്ലാ വര്‍ഷവും നവംബര്‍ 26 ഭരണഘടനാ ദിവസമായി ആഘോഷിക്കാന്‍, 2015ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനമെടുത്തതിന് കാരണം ഇതാണ്. കരടിന്‍മേലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഭരണഘടന അംഗീകരിക്കപ്പെട്ടത് 1950 ജനുവരി 26നാകയാല്‍, ആ ദിനം ഇന്ത്യന്‍ യൂനിയന്‍ റിപ്പബ്ലിക്കായ ദിനമായി ആഘോഷിച്ചുവരുന്നുണ്ട്. ആ നിലക്ക് മറ്റൊരു ഭരണഘടനാ ദിനത്തിന്റെ ആവശ്യമെന്തെന്ന ചോദ്യം പുതിയ ദിനാഘോഷം പ്രഖ്യാപിച്ച കാലത്തു തന്നെ ഉയര്‍ന്നതാണ്. രാജ്യ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രയത്‌നിച്ച കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടങ്ങിയ റിപ്പബ്ലിക് ദിനത്തേക്കാള്‍ പ്രധാനം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യത്‌നത്തില്‍ ഒരു ചുള്ളിക്കമ്പ് പോലും മാറ്റിവെച്ച ചരിത്രമില്ലാത്ത പ്രസ്ഥാനത്തിന്റെ ഭാഗമായ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭരണഘടനാ ദിവസത്തിനാണെന്ന് വരുത്തുക എന്നതിനപ്പുറത്തൊന്നും നരേന്ദ്ര മോദിക്കുണ്ടെന്ന് തോന്നുന്നില്ല. ചരിത്രത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് തിരുത്തുകയും രാജ്യത്തിന്റെ യഥാര്‍ഥ ചരിത്രത്തിന്റെ ഭാഗമായ മഹദ് വ്യക്തിത്വങ്ങളെ തങ്ങളുടെ ചേരിയിലേക്ക് ചേര്‍ത്തുവെക്കുകയും ചെയ്യുക എന്ന സംഘ അജന്‍ഡയുടെ തുടര്‍ച്ചയായി ഭരണഘടനാ ദിവസമെന്ന പുതിയ ആഘോഷത്തെയും കാണാം. അത്തരം “തിരുത്തു’കളിലേക്കുള്ള യാത്ര ഏതുവിധത്തിലാണെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ ഭരണഘടനാ ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം.

കുടുംബം നിയന്ത്രിക്കുന്ന പാര്‍ട്ടികള്‍, ഭരണഘടനയെ അംഗീകരിക്കുകയും ജനാധിപത്യത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കൊക്കെ പ്രശ്‌നമാണെന്നാണ് പ്രധാനമന്ത്രിയുടെ കണ്ടെത്തല്‍. രാജ്യം പ്രതിസന്ധിയിലാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കുടുംബം നിയന്ത്രിക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം കണ്ടെത്തുന്നു. ഇപ്പോഴും രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി തുടരുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സി(ഇന്ദിര)ന്റെ പേര് പറയാതെയാണ് പ്രധാനമന്ത്രി ഇങ്ങനെ വിമര്‍ശിച്ചത്. ഡോ. ബി ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഭരണഘടന, ഇന്ത്യന്‍ യൂനിയനെ ജനാധിപത്യ രാഷ്ട്രമായി നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടുവെങ്കിലും കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള പാര്‍ട്ടി ഇത്രയും കാലം കൊണ്ട് അതിനെ ഇല്ലാതാക്കാന്‍ പാകത്തിലാണ് പ്രവര്‍ത്തിച്ചത് എന്നും ആ പാര്‍ട്ടി ഇപ്പോഴും കുടുംബത്തിന്റെ നിയന്ത്രണത്തില്‍ തുടരുന്നതിനാല്‍ ജനാധിപത്യത്തിന് തുടര്‍ന്നും ഭീഷണിയാകുമെന്നുമാണ് നരേന്ദ്ര മോദിയുടെ പക്ഷം. ഭരണഘടനയുടെ അന്തസ്സത്ത മനസ്സിലാക്കി, അതില്‍ വിഭാവനം ചെയ്യും വിധത്തിലുള്ള ജനാധിപത്യത്തിലേക്ക് ഇന്ത്യന്‍ യൂനിയനെ നയിക്കാന്‍ ശ്രമിക്കുന്നത് സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള ബി ജെ പിയും ഇപ്പോള്‍ ആ പാര്‍ട്ടിയെ നയിക്കുന്ന താനും രണ്ടാമനായ അമിത് ഷായുമാണെന്ന് ജനത്തെ വിശ്വസിപ്പിക്കുകയാണ് ഉദ്ദേശ്യം.

ഒരു കാര്യത്തില്‍ അദ്ദേഹം ശരിയാണ്. ഇന്ന് കാണുന്ന പ്രതിസന്ധിയിലേക്ക് രാജ്യത്തെ എത്തിച്ചതില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്നതു പോലുള്ള മതനിരപേക്ഷ ജനാധിപത്യ രാജ്യമായ ഇന്ത്യന്‍ യൂനിയനെ ഹിന്ദുത്വ ചട്ടങ്ങള്‍ക്കനുസരിച്ചുള്ള ഭാരതമായി മാറ്റാനും ഹൈന്ദവ പാരമ്പര്യം അംഗീകരിക്കാത്തവരെ മുഴുവന്‍ പുറംതള്ളാനും നടക്കുന്ന ശ്രമങ്ങളാണല്ലോ ഏറ്റം വലിയ പ്രതിസന്ധി. രാഷ്ട്രീയ സ്വയം സേവക് സംഘും അതിന്റെ പരിവാര സംഘടനകളും ദശകങ്ങളായി നടത്തിയ വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് ആ പ്രതിസന്ധി സൃഷ്ടിച്ചെടുത്തത്. അങ്ങനെയൊരു പ്രതിസന്ധി സൃഷ്ടിക്കാന്‍ പാകത്തിലേക്ക് രാഷ്ട്രീയ സ്വയം സേവക് സംഘിനെയും തീവ്ര ഹിന്ദുത്വ സംഘങ്ങളെയും വളര്‍ത്തിയെടുക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് (ഇന്ദിരയാകുന്നതിന് മുമ്പും ശേഷവും) വഹിച്ചിട്ടുണ്ട്.

ബ്രിട്ടീഷുകാര്‍ വിതച്ച വര്‍ഗീയതയുടെ വിത്ത് വളമിട്ട് വളര്‍ത്താന്‍ ഏറ്റവുമധികം ഉപയോഗിച്ചത് ബാബരി മസ്ജിദിനെയായിരുന്നു. അതൊരു തര്‍ക്കവിഷയമായി വളര്‍ത്തിയൊരുക്കിക്കൊടുക്കുന്നതില്‍ കോണ്‍ഗ്രസ്സ് വഹിച്ച പങ്ക് ചെറുതായിരുന്നില്ല. ഭരണഘടന അംഗീകരിക്കപ്പെടുന്നതിന് മുമ്പ് മസ്ജിദിനുള്ളില്‍ കടന്നുകയറി സ്ഥാപിച്ച വിഗ്രഹങ്ങള്‍ നീക്കം ചെയ്യാതിരുന്ന യുനൈറ്റഡ് പ്രൊവിന്‍സസിലെ (ഇന്നത്തെ ഉത്തര്‍ പ്രദേശ്) മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് ഗോവിന്ദ് വല്ലഭ് പന്തും മസ്ജിദ് ആരാധനക്ക് തുറന്നു കൊടുത്ത ഇന്ദിരാ കോണ്‍ഗ്രസ്സ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയും കര്‍സേവയിലൂടെ പള്ളി തകര്‍ക്കാന്‍ അനുവാദം നല്‍കിയ നരസിംഹ റാവുവും നല്‍കിയ സംഭാവനകളെ ഫലപ്രദമായി ഉപയോഗിച്ചുവല്ലോ സംഘ്പരിവാരം.

മഹാത്മാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തപ്പെട്ട നിരോധനം നീക്കിക്കൊടുത്ത് രാഷ്ട്രീയ സ്വയം സേവക് സംഘിന് അവരുടെ വര്‍ഗീയ അജന്‍ഡകള്‍ തടസ്സം കൂടാതെ തുടരാന്‍ അനുവാദം നല്‍കിയതിന് പിന്നില്‍ കോണ്‍ഗ്രസ്സിന്റെ നേതാവായിരുന്ന സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലായിരുന്നുവല്ലോ. പട്ടേലിന്റെ ഉപദേശം കേട്ട് ആര്‍ എസ് എസിന്റെ നിരോധനം നീക്കാന്‍ തീരുമാനിച്ച ജവഹര്‍ ലാല്‍ നെഹ്‌റുവാണ്, രാജ്യത്തെ പ്രതിസന്ധിയിലാക്കും വിധം പാര്‍ട്ടിയെ നിയന്ത്രിക്കുന്ന കുടുംബത്തിന്റെ ആദ്യ കണ്ണിയെന്ന് പ്രധാനമന്ത്രി ഓര്‍ക്കുന്നുണ്ടാകണം. ഒരു സംഘടനയെയും നിരോധിക്കുന്നത് ജനാധിപത്യപരമല്ലെന്ന് ചിന്തിച്ച ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ വിശാല മനസ്‌കതയില്ലായിരുന്നുവെങ്കില്‍ സംഘ്പരിവാരം ഇന്നീക്കാണും വിധത്തില്‍ രാജ്യത്തെ പ്രതിസന്ധിയിലാക്കാന്‍ പാകത്തില്‍ വളരുമായിരുന്നില്ല.

ഗോവധ നിരോധനമുള്‍പ്പെടെ തീവ്ര ഹിന്ദുത്വത്തിന്റെ ഏതാണ്ടെല്ലാ ആവശ്യങ്ങളോടും ചാഞ്ഞുനില്‍ക്കുന്ന മൃദുഹിന്ദുത്വ നിലപാട് പുലര്‍ത്തിയും ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ട വര്‍ഗീയ കലാപങ്ങളില്‍ ആര്‍ എസ് എസിന്റെ പങ്ക് എടുത്തു പറയുന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ അലമാരകളില്‍ സൂക്ഷിച്ചും സഹായിച്ചിരുന്നു ആ കുടുംബാധിപത്യപ്പാര്‍ട്ടിയെന്നതും ഓര്‍ക്കണം. ആ ദയാദാക്ഷിണ്യമില്ലായിരുന്നുവെങ്കില്‍, അറിഞ്ഞും അറിയാതെയും അവര്‍ വളമിട്ടില്ലായിരുന്നുവെങ്കില്‍ ഇന്നിങ്ങനെ അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെട്ട് സര്‍വാധികാര്യക്കാരായിരിക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും ഓര്‍ക്കണം. 2004 മുതല്‍ 2014 വരെ കേന്ദ്രാധികാരം കൈയാളിയിരുന്ന കാലത്ത് ഗുജറാത്ത് വംശഹത്യാ ശ്രമത്തെക്കുറിച്ചോ വ്യാജ ഏറ്റുമുട്ടല്‍ പരമ്പരകളെക്കുറിച്ചോ ആഴത്തിലൊന്ന് ചികയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ആ കുടുംബാധിപത്യപ്പാര്‍ട്ടി കാണിച്ചിരുന്നുവെങ്കിലോ!
പിന്നെ, ഭരണഘടനയോടുള്ള പ്രതിബന്ധത. അക്കാര്യത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തെ കാഴ്ച ഇന്ത്യന്‍ യൂനിയനു മുന്നിലുണ്ട്. ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും ഏത് വിധത്തിലാണ് ആക്രമിക്കപ്പെട്ടത് എന്നും രാജ്യത്തെ ഭരണകൂടം എങ്ങനെയാണ് ആദേശം ചെയ്തതെന്നും കണ്ടുകൊണ്ടേയിരിക്കുന്നു. കൊടിയ അഴിമതി ആരോപണങ്ങളുന്നയിച്ച്, ജന്‍ ലോക്പാല്‍ ബില്ല് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാരത്തിന്റെ പരോക്ഷ പിന്തുണയില്‍ രാജ്യത്ത് വലിയ സമരം അരങ്ങേറിയപ്പോള്‍ ഈ കുടുംബാധിപത്യപ്പാര്‍ട്ടിയോ അത് നേതൃത്വം നല്‍കിയിരുന്ന സഖ്യകക്ഷി ഭരണമോ സമരക്കാരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തിയിരുന്നില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ, കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യാനിറങ്ങിയവരെ രാജ്യദ്രോഹികളെന്ന് വിളിക്കാന്‍ ആലോചനയേ വേണ്ടിയിരുന്നില്ല, ഇപ്പോഴത്തെ ഭരണഘടനാ സംരക്ഷകര്‍ക്ക്! നിയമ നിര്‍മാണ പ്രക്രിയയില്‍ ജനാധിപത്യം പാലിക്കപ്പെടുന്നുണ്ടോ എന്ന് അറിയണമെങ്കില്‍ ഏഴ് ആണ്ടിനിടെ 76 നിയമങ്ങള്‍ ഓര്‍ഡിനന്‍സായി കൊണ്ടുവന്നുവെന്ന ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ കണക്ക് മാത്രം മതി.

പാര്‍ലിമെന്റിനെ നോക്കുകുത്തിയാക്കി നിയമങ്ങള്‍ ചുട്ടെടുക്കുന്നവര്‍, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യങ്ങളെ പരിമിതപ്പെടുത്തുന്നവര്‍, ഇംഗിതങ്ങളനുസരിച്ച് മുട്ടിലിഴയുന്ന ഉദ്യോഗസ്ഥര്‍ക്ക് കാലാവധി നീട്ടിക്കൊടുക്കാന്‍ നിയമം മാറ്റുന്നവര്‍, ഭിന്നാഭിപ്രായം തുറന്നുപറയാന്‍ ഇപ്പോഴും ധൈര്യം കാണിക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസില്‍ ആദായ നികുതി ഉദ്യോഗസ്ഥരെ തുടര്‍ച്ചയായി പറഞ്ഞുവിടുന്നവര്‍ – അവരാണ് ഭരണഘടനയുടെ യഥാര്‍ഥ കാവല്‍ക്കാര്‍! അത്തരക്കാര്‍ക്ക് വഴിയൊരുക്കിയവര്‍ തന്നെയാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കിയവര്‍!



source https://www.sirajlive.com/when-constitution-day-is-39-celebrated-39.html

Post a Comment

أحدث أقدم