കൊവിഡ് 19 ഭീതിയില്‍ നിന്ന് മുക്തമായിത്തുടങ്ങിയതോടെ ഒമിക്രോണ്‍ ഭീതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ലോകം ഇപ്പോള്‍. ദക്ഷിണാഫ്രിക്കയിലാണ് കൊവിഡിന്റെ തന്നെ വകഭേദമായ ഒമിക്രോണ്‍ വൈറസ് ആദ്യമായി കണ്ടെത്തിയത്. ബാട്‌സ്വാന, ഇസ്‌റാഈല്‍, ഹോങ്കോംഗ്, ബെല്‍ജിയം, യു കെ, ജര്‍മനി എന്നീ രാഷ്ട്രങ്ങളിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലാന്‍ഡ്സിലേക്ക് എത്തിയ വിമാന യാത്രക്കാരില്‍ 65 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് നെതര്‍ലാന്‍ഡ്സിലും കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇവരില്‍ ആര്‍ക്കെങ്കിലും ഒമിക്രോണ്‍ സാന്നിധ്യം ഉണ്ടോയെന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. പുതിയ വൈറസിനെ ചെറുക്കാന്‍ പല രാജ്യങ്ങളും യാത്രാനിയന്ത്രണം പ്രഖ്യാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍, സഊദി, യു എ ഇ, ഒമാന്‍, ബ്രസീല്‍, കാനഡ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയത്. രണ്ട് വര്‍ഷമായി പിന്നോട്ടടിച്ച സാമ്പത്തിക രംഗം വീണ്ടെടുക്കുന്നതിന് ഒമിക്രോണ്‍ ഭീഷണിയാകുമെന്ന ഭയമാണ് ലോകരാഷ്ട്രങ്ങളുടെ അതീവ ജാഗ്രതക്കു കാരണം.
ലോകാരോഗ്യ സംഘടന “ആശങ്കയുടെ വകഭേദം’ എന്നു വിശേഷിപ്പിച്ച ഒമിക്രോണ്‍, അതിവേഗം പടരുന്നതും കൊവിഡിന്റെ മുന്‍ വകഭേദങ്ങളേക്കാള്‍ കൂടുതല്‍ അപകടകാരിയുമാണെന്നാണ് ഒരു പറ്റം വിദഗ്ധരുടെ പക്ഷം. കൊവിഡ് വൈറസിന്റെ പത്ത് വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇതില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ പല രാജ്യങ്ങളിലും കാണപ്പെടുന്നതും കൂടുതല്‍ വ്യാപന ശേഷി ഉണ്ടായിരുന്നതും. ഡെല്‍റ്റയേക്കാള്‍ പകര്‍ച്ചാ ശേഷിയുള്ളതാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വൈറസ് വകഭേദമെന്നാണ് അവര്‍ പറയുന്നത്. ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ജനിതകമാറ്റം വന്ന വൈറസ് വകഭേദം കൂടിയാണിത്. ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസില്‍ നിന്ന് 50ലേറെ ജനിതക മാറ്റങ്ങള്‍ ഈ വൈറസിന് വന്നതായി ഗവേഷകര്‍ പറയുന്നു. ശരീരത്തിലെ കോശങ്ങളിലേക്ക് കയറാന്‍ വൈറസിനെ സഹായിക്കുന്ന ഭാഗമായ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലാണ് വകഭേദത്തില്‍ മുപ്പതെണ്ണം. നിലവിലെ വാക്സീനുകളുടെയും ലക്ഷ്യം സ്പൈക്ക് പ്രോട്ടീനായതിനാല്‍ വാക്സീനുകള്‍ നല്‍കുന്ന പ്രതിരോധ ശേഷിയെ മറികടക്കാന്‍ ഈ വൈറസിന് കഴിയുമോ എന്നതാണ് പ്രധാന ആശങ്ക.
ഇന്ത്യയും കടുത്ത ജാഗ്രതയിലാണ്. കൊവിഡ് ഏറെക്കുറെ നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത് പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവരില്‍ അഞ്ച് വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും 72 മണിക്കൂര്‍ മുമ്പ് ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണമെന്നും എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശമുണ്ട്. എല്ലാ സംസ്ഥാനങ്ങളും വാര്‍ത്താ സമ്മേളനങ്ങളിലൂടെയും സര്‍ക്കാര്‍ ബുള്ളറ്റിനിലൂടെയും ഒമിക്രോണിനെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. ഇതടിസ്ഥാനത്തില്‍ കേരളത്തില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനിടെ, ഇന്നലെ ബെംഗളൂരു വിമാനത്താവളത്തിലെത്തിയ 94 ആഫ്രിക്കന്‍ സ്വദേശികളില്‍ രണ്ട് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെങ്കിലും അത് ഒമിക്രോണ്‍ അല്ല, ഡെല്‍റ്റ വകഭേദമാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി.
ഒമിക്രോണിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ വീണ്ടും യാത്രാ നിരോധനത്തിലേക്ക് നീങ്ങുന്നതില്‍ ആരോഗ്യ വിദഗ്ധരില്‍ പലരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തികള്‍ അടക്കുന്നത് പരിഹാരമല്ല, നയപരമായ തീരുമാനങ്ങളാണ് ഇക്കാര്യത്തില്‍ ആവശ്യമെന്നാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ജീനോമിക്‌സിന്റെ ഡയറക്ടര്‍ ഡോ. സൗമിത്ര ദാസും ദക്ഷിണാഫ്രിക്കയിലെ വിറ്റ്‌വാട്ടേഴ്‌സ്‌റാന്‍ഡ് സര്‍വകലാശാലയിലെ വാക്‌സീനോളജി പ്രൊഫസര്‍ ഷബീര്‍ എ മാധിയും പറയുന്നത്. അന്താരാഷ്ട്ര യാത്രാ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയാലും വൈറസുകള്‍ ലോകം മുഴുവന്‍ വ്യാപിക്കുമെന്നത് കഴിഞ്ഞ കാലങ്ങളില്‍ തെളിയിക്കപ്പെട്ടതാണ.് വൈറസ് വ്യാപനത്തിനുള്ള കാലാവധി അല്‍പ്പം വൈകിപ്പിക്കാന്‍ മാത്രമേ ഇത്തരം നിയന്ത്രണങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. മറ്റു വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമിക്രോണ്‍ ഗുരുതരമായ കേസുകള്‍ സൃഷ്ടിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് വിദഗ്ധരും വിലയിരുത്തുന്നു.
കൊവിഡ് കാലത്തിനൊപ്പം ജീവിക്കേണ്ടി വരുമെന്ന സത്യം മനസ്സിലാക്കി വാക്‌സീനേഷനില്‍ കൂടി രോഗബാധയുടെ ശേഷി കുറക്കുകയാണ് ഇനി നമ്മുടെ മുമ്പിലുള്ള മാര്‍ഗം. രോഗബാധക്ക് സാധ്യത കൂടുതലുള്ളവര്‍ക്ക് വാക്‌സീനേഷന്‍ ഉറപ്പാക്കുക, വേണ്ടി വന്നാല്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുക തുടങ്ങിയവയാണ് ഫലപ്രദമായ മാര്‍ഗമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മതിയായ ഡോസില്‍ വാക്‌സീന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുക, കൊവിഡിനൊപ്പം ജീവിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജനം തയ്യാറാകുക, സാമൂഹിക അകലം പാലിക്കുക, കൃത്യമായ മാസ്‌ക് ധരിക്കുക, കൈകള്‍ കഴുകുക, എയര്‍കണ്ടീഷന്‍ ചെയ്ത മുറികള്‍ ഒഴിവാക്കുകയും അടച്ചിട്ട മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യുക, എത്രയും പെട്ടെന്ന് എത്രയും കൂടുതല്‍ പേര്‍ക്ക് വാക്സീനേഷന്‍ പൂര്‍ത്തിയാക്കുക തുടങ്ങി കൊവിഡിനൊപ്പം ജീവിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ സന്നദ്ധമായാല്‍ അത്ര ഭയപ്പെടേണ്ടതല്ല ഒമിക്രോണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
source https://www.sirajlive.com/omikron-closure-solution.html
إرسال تعليق