മൂടല്‍ മഞ്ഞുള്ള സാഹചര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളുമായി അബൂദബി പോലീസ്

അബൂദബി | മൂടല്‍മഞ്ഞുള്ള സാഹചര്യത്തില്‍ ഡ്രൈവര്‍മാരോട് മാറ്റം വരുത്തിയ വേഗപരിധി പാലിക്കണമെന്ന് അബുദബി പോലീസ്.

അബുദബി ദ്വീപിലും (ശൈഖ് സായിദ് റോഡ് ”അല്‍ ഖുറം”, അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റ്) പുറം റോഡുകളിലും മൂടല്‍മഞ്ഞുള്ള സാഹചര്യത്തില്‍ 80 കിലോമീറ്റര്‍ വേഗത പാലിക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ മതിയായ സുരക്ഷാ അകലം പാലിക്കണമെന്നും അബുദബി പോലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ വേഗത കുറക്കുന്നതിനുള്ള സംവിധാനം സജീവമാക്കുന്നത് താല്‍ക്കാലിക പ്രതിരോധ നടപടിയാണെന്നും റോഡുകളില്‍ ദൃശ്യപരിധി കുറവായതിനാല്‍ ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ കുറക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അത്തരം സമയത്ത് ഡ്രൈവര്‍മാര്‍ വേഗത 80 കിലോമീറ്ററായി കുറക്കണമെന്നും ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് വിശദീകരിച്ചു. തങ്ങളെയും റോഡ് ഉപയോക്താക്കളെയും സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് ഇതെന്നും പോലീസ് വ്യക്തമാക്കി. അബുദാബി പോലീസിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകള്‍ വഴിയുള്ള അലേര്‍ട്ടുകള്‍, സ്മാര്‍ട്ട് ഫോണിലൂടെ സ്പീഡ് റിഡക്ഷന്‍ സിസ്റ്റം ആക്ടിവേറ്റ് ചെയ്യുന്ന പ്രദേശങ്ങളിലെ മുന്‍കൂര്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ എന്നിങ്ങനെ നാല് നൂതന രീതികളിലൂടെ മൂടല്‍മഞ്ഞുള്ള കാലാവസ്ഥയില്‍ മാറുന്ന വേഗതയെക്കുറിച്ച് ഡ്രൈവര്‍മാരെ അറിയിക്കാന്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

ചെറുതും വലുതുമായ റോഡുകളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ തുടങ്ങുമ്പോള്‍ ഫോണില്‍ വാചക സന്ദേശത്തിലും റോഡിലെ ഇലക്ട്രോണിക് സ്‌ക്രീനുകളിലും സ്മാര്‍ട്ട് ഗേറ്റുകളിലും സന്ദേശം പ്രത്യക്ഷപ്പെടുമെന്ന് അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഭാരവാഹനങ്ങള്‍, ട്രക്കുകള്‍, ബസുകള്‍ എന്നിവയുടെ ഉടമകളോടും കമ്പനി ഉടമകളോടും തൊഴിലാളികളെ കൊണ്ട് പോകുന്ന ബസുകളുടെ ഉദ്യോഗസ്ഥരോടും അറിയിച്ചു. മൂടല്‍മഞ്ഞ് സമയത്ത് ഭാര വിഭാഗത്തിലുള്ള വാഹനങ്ങളുടെ നീക്കം തടയാനുള്ള തീരുമാനം ഡ്രൈവര്‍മാര്‍ പാലിക്കണമെന്ന് പോലീസ് അറിയിച്ചു. എല്ലാവരുടെയും സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനായി, അത്തരം കാലാവസ്ഥാ സാഹചര്യങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തണം. ആര്‍ട്ടിക്കിള്‍ നമ്പര്‍ 104 പ്രകാരമുള്ള ട്രാഫിക് നിയന്ത്രണ നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച 2017 ലെ മന്ത്രിതല പ്രമേയം നമ്പര്‍ 178 അനുസരിച്ച്, നിയമം ലംഘിക്കുന്നവര്‍ക്ക് 500 ദിര്‍ഹവും 4 ബ്ലാക്ക് പോയിന്റുകളും പിഴ ലഭിക്കും.



source https://www.sirajlive.com/abu-dhabi-police-issue-special-instructions-to-drivers-in-foggy-conditions.html

Post a Comment

أحدث أقدم