സഊദിയിൽ വാറ്റ് വർധിച്ചു; ഹജ്ജിന് ചെലവേറും

കോഴിക്കോട് | അടുത്ത വർഷത്തെ ഹജ്ജിന് മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെലവ് കൂടുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി. 3,35,000 രൂപ മുതൽ 4,07,000 രൂപ വരെയായിരിക്കും ചെലവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അക്കമഡേഷൻ, യാത്രാ ഇനത്തിലാണ് കൂടുതൽ ചെലവ് പ്രതീക്ഷിക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യവർധിത നികുതി സഊദിയിൽ അഞ്ചിൽ നിന്ന് 15 ശതമാനമാക്കി വർധിപ്പിച്ചിട്ടുണ്ട്. ഇതിനാൽ മക്ക, മദീന എന്നിവിടങ്ങളിലുൾപ്പെടെ താമസിക്കാനുള്ള കെട്ടിടങ്ങൾക്ക് വാടക കൂടും. കൊവിഡ് ചട്ടം പാലിക്കേണ്ടതിനാൽ അതിനനുസരിച്ച് മാത്രമായിരിക്കും താമസ സ്ഥലം അനുവദിക്കുക.

മൂല്യവർധിത നികുതി കൂടിയതിനാൽ സഊദിയിൽ വാഹന വാടകയും വർധിച്ചിട്ടുണ്ട്. കൊവിഡ് ചട്ടം കൂടിയാകുമ്പോൾ ഓരോ വാഹനത്തിലും യാത്ര ചെയ്യുന്നവർക്കും നിയന്ത്രണമുണ്ടാകും.
ഹജ്ജ് കർമങ്ങളുടെ സേവനങ്ങൾക്ക് 2,500 സഊദി റിയാലായി വർധിച്ചേക്കും. 2019ൽ ഇത് 1,050 സഊദി റിയാലായിരുന്നു. ഹജ്ജ് വിസാ ഫീസ് ഓരോ ഹാജിക്കും 300 സഊദി റിയാലാണ്. ആരോഗ്യ ഇൻഷ്വറൻസിനായി ഇപ്രാവശ്യം 100 സഊദി റിയാലും ഈടാക്കും. 2019, 2020, 2021 വർഷങ്ങളിൽ ഹജ്ജ് യാത്രക്ക് നിശ്ചയിച്ചിരുന്നത് യഥാക്രമം 2,36,000-3,22,000, 2,50,000- 3,50,000, 3,30,000-4,00,000 രൂപയായിരുന്നു. എന്നാൽ, അടുത്ത വർഷത്തെ ഹജ്ജിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുള്ള തുകയിൽ മാറ്റംവരാനിടയുണ്ട്. വിമാന ചാർജ് സംബന്ധിച്ച് ടെൻഡർ നടപടികൾ പൂർത്തിയായാൽ മാത്രമേ കൃത്യമായ വിവരങ്ങൾ ലഭിക്കുകയുള്ളൂ.

ഇപ്രാവശ്യം എംബാർക്കേഷൻ പോയിന്റുകൾ പത്തായി ചുരുക്കിയതിനാൽ കേരളത്തിൽ നിന്നുള്ള ഹാജിമാർ കൊച്ചിയിൽ നിന്നാണ് യാത്ര തിരിക്കേണ്ടത്. ലക്ഷദ്വീപ്, മാഹി, തമിഴ്‌നാട്, പുതുച്ചേരി, ആൻഡമാൻ ആൻഡ് നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും എംബാർക്കേഷൻ പോയിന്റ്കൊച്ചിയാണ്. ഹാജിമാർ യാത്രക്ക് 48 മണിക്കൂർ മുമ്പ് എംബാർക്കേഷൻ പോയിന്റിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.

നറുക്കെടുപ്പ് ഫെബ്രുവരിയിൽ; ആദ്യ വിമാനം മെയ് 31ന്
കോഴിക്കോട് | അടുത്ത വർഷത്തെ ഹജ്ജിനുള്ള നറുക്കെടുപ്പ് ഫെബ്രുവരിയിൽ നടക്കും. ഇന്ത്യക്ക് അനുവദിക്കുന്ന ഹജ്ജ് ക്വാട്ട സംബന്ധിച്ച് സഊദിയുമായുള്ള കരാറിൽ ഒപ്പ് വെക്കുക ഡിസംബറിലോ ജനുവരിയിലോ ആയിരിക്കും. ഇക്കാര്യങ്ങൾ ഉൾപ്പെടെയുള്ള ആക്്ഷൻ പ്ലാൻ ഹജ്ജ് കമ്മിറ്റി ഇന്നലെ പുറത്തിറക്കി.

സഊദിയിൽ ഹാജിമാർക്ക് താമസമൊരുക്കുന്നതിനുള്ള കെട്ടിടമെടുക്കാൻ ബിൽഡിംഗ് സെലക്്ഷൻ കമ്മിറ്റിയും ബിൽഡിംഗ് സെലക്്ഷൻ ടീമും ഫെബ്രുവരി- ഏപ്രിൽ, ജനുവരി- മാർച്ച് മാസങ്ങളിലായിരിക്കും സഊദി സന്ദർശിക്കുക. ആദ്യ വിമാനം 2022 മെയ് 31നും അവസാന വിമാനം ജൂലൈ മൂന്നിനുമായിരിക്കും. ഹാജിമാരുടെ മടക്ക യാത്ര ജൂലൈ 15നാരംഭിക്കും. എന്നാൽ, ഇക്കാര്യങ്ങളിലെല്ലാം സഊദിയിൽ നിന്നുള്ള അന്തിമ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ മാറ്റം വരാനിടയുണ്ട്.



source https://www.sirajlive.com/vat-rises-in-saudi-arabia-hajj-is-expensive.html

Post a Comment

أحدث أقدم